കേരള സിലബസ് പ്ലസ് ടു: യുഎഇ സ്‌കൂളുകൾക്ക് മികച്ച വിജയം
114 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ്
ദുബൈ: കേരള സിലബസ് പ്ലസ് ടു പരീക്ഷയെഴുതിയ യുഎഇയിലെ വിദ്യാർഥികൾക്ക് മികച്ച വിജയം. വിവിധ സ്‌കൂളുകളിലായി ആകെ 589 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷക്കിരുന്നത്. ഇവരിൽ 498 പേർ ഉപരിപഠനത്തിന് അർഹത നേടി.
114 കുട്ടികളാണ് ഇത്തവണ മുഴുവൻ വിഷയങ്ങളിലും എപ്ലസ് സ്വന്തമാക്കിയത്. ഇതിൽ 70 പേർ അബൂദബി മോഡൽ സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികളാണ്. ഇവിടെ പരീക്ഷ എഴുതിയ 104 കുട്ടികളും വിജയിച്ചു. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ ആകെ പരീക്ഷ എഴുതിയ 114 പേരിൽ 109പേർ ഉപരിപഠനത്തിന് അർഹരായി. 21പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസും ലഭിച്ചു.
ദുബൈയിലെ ഗൾഫ് മോഡൽ സ്‌കൂളിൽ ആകെ പരീക്ഷ എഴുതിയ 118 പേരിൽ 66 പേരാണ് വിജയിച്ചത്. ഇവരിൽ നാല് പേർ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ ആകെ പരീക്ഷ എഴുതിയ 57പേരും ഉപരിപഠനത്തിന് അർഹത നേടി. ഇവരിൽ എട്ടു വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് സ്വന്തമാക്കി. ന്യൂ ഇന്ത്യൻ സ്‌കൂൾ റാസൽഖൈമയിൽ പരീക്ഷ എഴുതിയ 66 പേരിൽ 52 പേർ വിജയിച്ചു. രണ്ട് പേർക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്.
ഉമ്മുൽഖുവൈൻ ദി ഇംഗ്ലീഷ് സ്‌കൂളിൽ പരീക്ഷ എഴുതിയ 44 പേരിൽ 40 പേർ വിജയിച്ചു. മൂന്നു പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. ഫുജൈറ ഇന്ത്യൻ സ്‌കൂളിൽ പരീക്ഷ എഴുതിയ 61 പേരിൽ 53 പേർ വിജയിച്ചു. മൂന്നുപേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ 25 പേർ പരീക്ഷ എഴുതിയതിൽ 16 പേർ വിജയിച്ചു. മൂന്നു പേർ എല്ലാ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി.