അടുത്ത 10 ദിവസം ദുബൈ വിമാനത്താവളത്തിൽ തിരക്ക് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

ഏറ്റവും കൂടുതൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നത് ഒക്ടോബർ 30നാണ്. 2.59 ലക്ഷം പേർ ഈ ദിവസം മാത്രം എത്തുമെന്ന് കരുതുന്നു.

Update: 2022-10-20 18:30 GMT
Advertising

ദുബൈ: അടുത്ത 10 ദിവസം ദുബൈ വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ വിമാനത്താവളത്തിൽ നേരത്തേ എത്തുന്നത് ഉൾപ്പെടെ മുൻകരുതൽ നടപടികൾ സ്വീകരിക്കണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. 21 ലക്ഷം യാത്രക്കാരാണ് ഈ ദിവസങ്ങളിൽ വിമാനത്താവളത്തിൽ എത്തുന്നത്.

ഒക്ടോബർ 21 മുതൽ 30 വരെയാണ് ദുബൈ വിമാനത്താവളത്തിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നത്. ദിവസം ശരാശരി 2.15 ലക്ഷം പേർ എത്തുന്നതിനാൽ യാത്രക്കാർ തിരക്ക് ഒഴിവാക്കാൻ മുൻകരുതലെടുക്കണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. യു.എ.ഇയിലെ അമേരിക്കൻ, ബ്രിട്ടീഷ് കരിക്കുലം സ്‌കൂളുകൾക്ക് മിഡ് ടേം അവധി തുടങ്ങുന്നതും, ടൂറിസം സീസൺ തുടങ്ങുന്നതിനാൽ യുഎഇയിലേക്ക് സഞ്ചാരികളുടെ ഒഴുക്കു തിരക്ക് വർധിക്കാനുള്ള പ്രധാന കാരണം. ഏറ്റവും കൂടുതൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നത് ഒക്ടോബർ 30നാണ്. 2.59 ലക്ഷം പേർ ഈ ദിവസം മാത്രം എത്തുമെന്ന് കരുതുന്നു.

തിരക്കൊഴിവാക്കാൻ ആവശ്യമായ നിർദേശങ്ങളും എയർപോർട്ട് അധികൃതർ പുറത്തിറക്കി. വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പേ രേഖകൾ കൃത്യമാണെന്ന് ഉറപ്പാക്കണം. വിമാനകമ്പനികളുടെ അറിയിപ്പുകൾ ശ്രദ്ധിക്കണം. ടെർമിനൽ ഒന്നിലേക്കുള്ള യാത്രക്കാർ നിർബന്ധമായും മൂന്ന് മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തണം. ബാഗേജിന്റെ ഭാരം കൃത്യമായിരിക്കണം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരമാവധി പേർ മെട്രോ പ്രയോജനപ്പെടുത്തണെന്നും വിമാനത്താവളം അധികൃതർ അറിയിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News