കാന്‍സര്‍ തടയുന്നതിന് ഫലപ്രദ ചികിത്സയുമായി ശാസ്ത്രജ്ഞര്‍

Update: 2018-05-17 07:22 GMT
Editor : Muhsina
കാന്‍സര്‍ തടയുന്നതിന് ഫലപ്രദ ചികിത്സയുമായി ശാസ്ത്രജ്ഞര്‍

പുതിയ ചികിത്സാരീതിയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് പിന്തുണച്ചു.

പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ധിയുടെ കാന്‍സര്‍ തടയുന്നതിന് ഫലപ്രദമായ ചികിത്സയുമായി ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാര്‍. അബിറാറ്റിറോണ്‍ ഉള്‍പ്പെടുത്തിയുള്ള ഹോര്‍മോണ്‍ തെറാപ്പി, നിലവിലെ കീമോ തെറപ്പിയേക്കാള്‍ ഗുണകരമാണെന്നാണ് കണ്ടെത്തല്‍. ബ്രിട്ടനില്‍ 2,000 ഓളം രോഗികളില്‍ നടത്തിയ മരുന്ന് പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ വാദം.

'ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ചികിത്സ സംബന്ധിച്ച വിശദാംശങ്ങളുള്ളത്. രണ്ട് വിഭാഗമായിട്ടായിരുന്നു പരീക്ഷണം. ഒരു വിഭാഗത്തിന് ഹോര്‍മോണ്‍ തെറാപ്പിയും ബാക്കിയുള്ളവര്‍ക്ക് അബിറാറ്റിറോണ്‍ ഉള്‍പ്പെടുത്തിയുള്ള ഹോര്‍മോണ്‍ തെറാപ്പിയുമാണ് നല്‍കിയത്.

Advertising
Advertising

അബിറാറ്റിറോണ്‍ ഉള്‍പ്പെടുത്തിയുള്ള ഹോര്‍മോണ്‍ തെറാപ്പി ലഭിച്ചവരില്‍ രോഗം മൂര്‍ച്ഛിക്കുന്നത് തടയാനാനും മരണ നിരക്ക് കുറയ്ക്കാനുമായെന്ന് ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നു. പ്രോസ്റ്റേറ്റ് കാന്‍സര്‍ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ച് സങ്കീര്‍ണമായ കേസുകളില്‍ നിലവില്‍ അബിറാറ്റിറോണ്‍ അഥവാ സൈറ്റിഗ ഹോര്‍മോണ്‍ ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ ദീര്‍ഘകാല ചിക്തിസയില്‍ മറ്റ് രോഗികള്‍ക്കും പുതിയ സന്പ്രദായം ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കീമോ തെറാപ്പി ഉപയോഗിക്കുന്പോള്‍ കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ ഇല്ലാതാകും. ജീവനുള്ള കോശങ്ങളും നശിക്കുന്നതിനാല്‍ പുതിയ ചികിത്സാ രീതിയ്ക്കാകും വരും നാളുകളില്‍ മുന്‍തൂക്കമെന്നാണ് നിഗമനം. കീമോതെറാപ്പിയില്‍ നിന്ന് വ്യത്യസ്തമായി പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണ്‍ പ്രോസ്റ്റേറ്റ് ഗ്രന്ധിയിലെത്തുന്നത് തടയുന്നതിലൂടെ, ഗ്രന്ധിയുടെ വളര്‍ച്ച നിയന്ത്രിക്കാനാകുമെന്നതും ഗുണകരമാണ്.

പുതിയ ചികിത്സാരീതിയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് പിന്തുണച്ചു. ബ്രിട്ടനില്‍ പ്രതിവര്‍ഷം 46,500 പുരുഷന്‍മാര്‍ രോഗബാധിതരാകുന്നുവെന്നും 11,000 പേര്‍ മരിക്കുന്നുണ്ടെന്നുമാണ് കണക്കുകള്‍. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News