പ്ലാസ്റ്റിക് അരി സത്യമോ?
ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും പുഴുങ്ങി പൗഡര്‍ രൂപത്തിലാക്കുകയാണ് ഈ പ്ലാസ്റ്റിക് അരി നിര്‍മ്മാണത്തിലെ ആദ്യ പടിയെന്ന് പറയുന്നു.
ആന്ധ്രക്കും തെലങ്കാനക്കും പുറമേ ഉത്തരാഖണ്ഡിലും പ്ലാസ്റ്റിക് അരി വില്‍പനയെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമാണ്. ഹൈദരാബാദ്, സൈക്കന്തരാബാദ് മേഖലകളിലെ ഹോട്ടലുകളില്‍ പ്ലാസ്റ്റിക് അരി ഉപയോഗിക്കുന്നുവെന്ന കാണിച്ച് തെലങ്കാന സിവില്‍ സപ്ലൈസ് വിഭാഗത്തില്‍ വലിയ തോതില്‍ പരാതികളെത്തുന്നു. പ്ലാസ്റ്റിക് അരി വിവാദം ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജിയില്‍ വരെ എത്തി നില്‍ക്കുകയാണ്.
ഉത്തരാഖണ്ഡിലെ ഒരു കുടുംബം വാങ്ങിയ പ്ലാസ്റ്റിക് അരി ഉപയോഗിച്ച് നിര്‍മ്മിച്ച പന്തു കൊണ്ട് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറലായിരുന്നു.
2010ല്‍ ചൈനയില്‍ നിന്നാണ് ആദ്യമായി പ്ലാസ്റ്റിക്ക് അരി എന്ന പ്രയോഗം തന്നെ ഉണ്ടാകുന്നത്. വുചാങ് അരി കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു അത്. ചൈനയിലെ പ്രസിദ്ധമായ വുചാങ് അരിയില്‍ മറ്റ് അരികള്‍ കൂട്ടിച്ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സംഭവമായിരുന്നു അത്. പ്രത്യേക മണവും ഗുണവുമുള്ള വുചാങ് അരി വലിയ തോതില്‍ ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ഇത് സംബന്ധിച്ച് 2011ല്‍ ദ കൊറിയന്‍ ടൈംസില്‍ വന്ന വാര്‍ത്തയിലാണ് ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ചില കമ്പനികള്‍ പ്ലാസ്റ്റിക് അരി നിര്‍മ്മിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നത്. ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും പുഴുങ്ങി പൗഡര്‍ രൂപത്തിലാക്കുകയാണ് ഈ പ്ലാസ്റ്റിക് അരി നിര്‍മ്മാണത്തിലെ ആദ്യ പടിയെന്ന് പറയുന്നു. പ്ലാസ്റ്റിക് ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കി റെസിനും പോളിമറും വേര്‍തിരിയുന്ന ലായനിയില്‍ പൗഡര്‍ രൂപത്തിലുള്ള ഈ പൗഡര്‍ ചേര്‍ത്താണ് പ്ലാസ്റ്റിക് അരി നിര്‍മ്മിക്കുന്നതെന്നും ആരോപണം ഉയര്‍ന്നു.
പ്ലാസ്റ്റിക് അരിക്ക് സാധാരണ അരിയേക്കാള്‍ കടുപ്പം കൂടുതല്‍ ഉണ്ടാകും. നന്നായി തിളപ്പിച്ചാലും ഇവ സാധാരണ അരി പോലെ പേസ്റ്റ് രൂപത്തിലാകില്ല. കഞ്ഞിവെള്ളത്തില്‍ പാട പോലെ പ്ലാസ്റ്റിക് വേര്‍തിരിയും. പ്ലാസ്റ്റിക് അരി കൊണ്ടുള്ള 3 കപ്പ് ചോര്‍ കഴിക്കുന്നത് ഒരു വലിയ പ്ലാസ്‌റിക് ബാഗ് കഴിക്കുന്നതിനു തുല്യമാണ് തുടങ്ങിയ പ്രചരണങ്ങളും അന്ന് മുതല്‍ വ്യാപകമായി.
കഴിഞ്ഞ ഡിസംബറില്‍ ബിബിസി പ്ലാസ്റ്റ് അരി സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ട് പ്ലാസ്റ്റിക് അരി വിവാദത്തെ വീണ്ടും ആളിക്കത്തിച്ചു. കപ്പലില്‍ കയറ്റി അയച്ച പ്ലാസ്റ്റിക് അരിയുടെ വലിയ ശേഖരം നൈജീരിയയില്‍ നിന്നും പിടികൂടിയെന്നതായിരുന്നു വാര്‍ത്ത. പിന്നീട് നൈജീരിയ ഔദ്യോഗികമായി ഈ വാര്‍ത്തയെ നിഷേധിച്ചു. ബാക്ടീരിയബാധയെ തുടര്‍ന്ന് ഉപയോഗശൂന്യമായ അരിയാണ് പിടികൂടിയതെന്നായിരുന്നു നൈജീരിയയുടെ നാഷണല്‍ ഏജന്‍സി ഫോര്‍ ഫുഡ് ആന്റ് ഡ്രഗ്‌സ് വ്യക്തമാക്കിയത്.
പ്ലാസ്റ്റിക് അരിയെക്കുറിച്ചുള്ള പരാതികളും വാര്‍ത്തകളും പ്രചരിക്കുമ്പോഴും ഇത് സ്ഥിരീകരിക്കുന്ന ആധികാരികമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്ലാസ്റ്റിക് അരി ഇതുവരെ പിടികൂടിയിട്ടില്ല. ഇന്റര്‍നെറ്റിലെ ഫാക്ട് ചെക്കിംങ് വെബ് സൈറ്റായ സ്‌നോപ്‌സ് പ്ലാസ്റ്റിക് അരിയെ വിശ്വസിക്കാനാവശ്യമായ തെളിവുകളില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.(http://www.snopes.com/plastic-rice-from-china/)