രാത്രി 10 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? കരുതിയിരുന്നോളൂ...
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന പഠന റിപ്പോര്‍ട്ടുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന പഠന റിപ്പോര്‍ട്ടുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിന് ബദല്‍ പഠനങ്ങളുമുണ്ട്. എന്നാല്‍ ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം രാത്രി ഏഴു മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്ന് വ്യക്തമാക്കുന്നു.
രാത്രി പത്തു മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് ശരീരത്തെ പ്രതികൂലമായാണ് ബാധിക്കുക. ശരീരത്തിന്‍റെ സ്വാഭാവികമായ ദഹനപ്രക്രിയയെ ഇത് തകരാറിലാക്കുകയും ഉറക്കത്തിന് അസ്വാരസ്യം സൃഷ്ടിക്കുകയും ചെയ്യും. എന്നാല്‍ രാത്രി ഏഴു മണിക്ക് മുമ്പ് ദിവസത്തെ അവസാന ഭക്ഷണം കഴിക്കുന്നത് സുഖനിദ്രക്കും ദഹനത്തിനും ഗുണകരമാകുമെന്ന് അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്‍സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായി. പ്രഫസര്‍ നമ്നി ഗോയലാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
രാത്രി വൈകിയുള്ള ഭക്ഷണം പൊണ്ണത്തടി കൂട്ടുന്നതിനും അമിത ഊര്‍ജ സമ്പാദനത്തിനും ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കാനും ഇടയാക്കും. ഇത് ഗ്ലൂക്കോസും ഇന്‍സുലിനും അമിതമായി ഉത്പാദിപ്പിക്കും. ഇതുമൂലം പ്രമേഹം, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകൾ എന്നിവയുണ്ടാക്കാന്‍ കാരണമാകും. ഹൃദയസംബന്ധമായ അസുഖങ്ങളിലേക്കാണ് ഇത് നയിക്കുകയെന്നും പഠനത്തില്‍ പറയുന്നു. ഒരു ദിവസം രാവിലെ എട്ടു മുതല്‍ രാത്രി എഴു വരെ നീളുന്ന സമയത്തിനിടക്ക് മൂന്നു മീല്‍സും രണ്ടു സ്നാക്സും കഴിക്കുന്ന പ്രായപൂര്‍ത്തിയായ ഒമ്പതു പേരെയും ഉച്ച മുതല്‍ രാത്രി 11 മണി വരെ മൂന്നു മീല്‍സും രണ്ടു സ്നാക്സും കഴിക്കുന്ന മറ്റൊരു സംഘത്തെയും എട്ടാഴ്ച തുടര്‍ച്ചയായി നിരീക്ഷിച്ച ശേഷമാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. രാത്രി ഏഴു മണിക്ക് മുമ്പ് അത്താഴം കഴിക്കുന്ന സംഘത്തിന് അവരുടെ ഭക്ഷണക്രമം കൂടുതല്‍ ഗുണകരമായപ്പോള്‍ രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരില്‍ ദഹനപ്രശ്നങ്ങളും തൂക്കം കൂടുന്നതായും കണ്ടെത്തി.
രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയും കുഴപ്പത്തിലാക്കും. ഓര്‍മ്മ ശക്തിയില്‍ ചാഞ്ചാട്ടമുണ്ടാക്കാനും ഈ ശൈലി കാരണമാകും. ഉറക്കമില്ലായ്മയിലേക്കും ഇത് നയിക്കും. അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടുന്നതിനും ഇത് തന്നെയാണ് ഒരുപരിധി വരെ കാരണം. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ് ഇതിനു കാരണം. അതുകൊണ്ട് തന്നെ രാത്രി നേരത്തെ ഭക്ഷണം ശീലമാക്കുന്നതാണ് ആരോഗ്യത്തിനും ശരീരഭാരത്തിനും നല്ലതെന്ന് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.