കണ്ണില്‍ മഞ്ഞ നിറത്തിലുള്ള പുള്ളികളുണ്ടോ ? സൂക്ഷിക്കുക...
കാരണം, ഈ മഞ്ഞ അടയാളം മറവിരോഗത്തിന്റെ ലക്ഷണമാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കണ്ണില്‍ നോക്കി ഒരാളുടെ ആരോഗ്യം തിരിച്ചറിയാമെന്ന് പറയുന്നത് വെറുതെയല്ല. പുതിയ പഠനങ്ങള്‍ പ്രകാരം കണ്ണിന്റെ വെളുത്ത ഭാഗത്ത് മഞ്ഞ നിറത്തിലുള്ള പുള്ളികളോ അടയാളങ്ങളോ ഉണ്ടെങ്കില്‍ അതങ്ങനെ അവഗണിക്കേണ്ട. കാരണം, ഈ മഞ്ഞ അടയാളം മറവിരോഗത്തിന്റെ ലക്ഷണമാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബെല്‍ഫാസ്റ്റിലെ ക്യൂന്‍സ് യൂണിവേഴ്‍സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 110 ഓളം പേരെ പങ്കെടുപ്പിച്ചായിരുന്നു പഠനം. രണ്ടു വര്‍ഷത്തോളം ചെലവഴിച്ചായിരുന്നു ഗവേഷണം. മറവിരോഗം പിടിപെട്ടവരുടെ കണ്ണുകള്‍ രണ്ടു വര്‍ഷത്തിന് ശേഷം പരിശോധിച്ചപ്പോള്‍ അവരിലൊക്കെയും ഇത്തരം മഞ്ഞ നിറത്തിലുള്ള പുള്ളികളും അടയാളങ്ങളും ക്രമാതീതമായി വര്‍ധിച്ചിരുന്നു. നേത്രപടലത്തിന് താഴെയാണ് ഇത്തരം മഞ്ഞനിറത്തിലുള്ള പുള്ളികള്‍ കാണാന്‍ കഴിയുക. മിക്കവാറും സ്കാനിങ് നടത്തിയാണ് ഇവ കണ്ടെത്തുന്നത്.
കൊഴുപ്പും കാല്‍ഷ്യവും കൂടിചേര്‍ന്നാണ് മഞ്ഞ നിറത്തിലുള്ള ഈ പാളി രൂപപ്പെടുന്നത്. വാര്‍ധക്യത്തിലേക്ക് അടുക്കുമ്പോഴാണ് ഇവ കൂടുതല്‍ ശ്രദ്ധിക്കപ്പെടുക. എന്നാല്‍ ഇവ പ്രായത്തിന്റേതായി കണക്കാക്കി മിക്കവരും തള്ളിക്കളയും. എന്നാല്‍ ഇവ മറവിരോഗത്തിന്റെ ലക്ഷണമാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മറവിരോഗമുള്ളവരിലെ രക്തക്കുഴലുകള്‍ കട്ടി കൂടിയതായിരിക്കുമെന്നും രക്തയോട്ടത്തിന്റെ വേഗത വളരെ കുറവായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.