നിപ വൈറസ്; ആശങ്കകള്‍ വേണ്ട

Update: 2018-06-05 04:42 GMT
Editor : Sithara
നിപ വൈറസ്; ആശങ്കകള്‍ വേണ്ട

വായുവിലൂടെയോ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇത് പടര്‍ന്ന് പിടിക്കുന്നതായി കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇത് പെട്ടെന്ന് ഒരു പകര്‍ച്ചവ്യാധി പോലെ വ്യാപിക്കുമെന്ന ഭീതിക്ക് അടിസ്ഥാനമില്ല

കേരളമാകെ നിപ വൈറസിനെക്കുറിച്ചുള്ള ഭീതിയിലാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് പൊതുജനം ഭീതിയുടെ നിഴലിലായത്. മരിച്ച രോഗികളുമായി അടുത്തിടപഴകിയവരിലും മരണാനന്തര ശുശ്രൂഷകളില്‍ പങ്കെടുത്ത ചിലരിലും സമാനമായ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. നിപ എന്ന വൈറസാണ് ഇതിന് കാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ ഇതുവരെ മനുഷ്യരിലോ മൃഗങ്ങളിലോ ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ രോഗികളെ ശുശ്രൂഷിച്ചിരുന്ന നഴ്സ് സമാന ലക്ഷണങ്ങള്‍ കാണിക്കുകയും ചികിത്സക്കിടെ മരിക്കുകയും ചെയ്തു.

Advertising
Advertising

പൊതുജനം ആശങ്കപ്പെടേണ്ടതുണ്ടോ?

വായുവിലൂടെയോ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇത് പടര്‍ന്ന് പിടിക്കുന്നതായി കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇത് പെട്ടെന്ന് ഒരു പകര്‍ച്ചവ്യാധി പോലെ വ്യാപിക്കുമെന്ന ഭീതിക്ക് അടിസ്ഥാനമില്ല. രോഗികളുമായി അടുത്തിടപഴകേണ്ടിവരുന്നവരില്‍ മാത്രമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ കൂട്ടിരിപ്പുകാരും ആരോഗ്യപ്രവര്‍ത്തകരും പ്രത്യേക സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. രോഗികളുടെ ശരീരസ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ കൂട‌ിയാണ് വൈറസ് പകരുന്നത്. പേരാമ്പ്രയില്‍ ആദ്യം ഈ രോഗം വന്ന വ്യക്തിക്ക് വവ്വാല്‍ കടിച്ച ഫലത്തില്‍ നിന്നുമാകാം വൈറസ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. വവ്വാലുകളില്‍ നിന്നും ഈ വൈറസിനെ ഒറ്റപ്പെടുത്താനുള്ള പരിശോധനകള്‍ നടന്നുവരുന്നു. ഇത് ലഭിച്ചാല്‍ ഈ വൈറസിന്‍റെ ഉദ്ഭവത്തെ കുറിച്ച് സ്ഥിരീകരണം ലഭിക്കും. ദക്ഷിണേന്ത്യയിലെ വവ്വാലുകളിലോ പന്നികളിലോ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിപ വൈറസ്, ഇവിടെ എത്തിപ്പെട്ടതിനെ കുറിച്ചും കൂടുതല്‍ പരീക്ഷണങ്ങള്‍ വേണ്ടിവന്നേക്കാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അനാവശ്യഭീതിക്ക് സ്ഥാനമില്ല.

ലക്ഷണങ്ങള്‍

പനി, ശക്തമായ തലവേദന, ഛര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ നിപ വൈറല്‍ ബാധയിലുണ്ടാകുന്നു. എന്നാല്‍ സാധാരണയായി ഈ കാലത്ത് കാണുന്ന വൈറല്‍ പനികള്‍ക്കും ഈ ലക്ഷണങ്ങള്‍ കാണാറുണ്ട്. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ മാത്രം വെച്ച് രോഗനിര്‍ണയം നടത്തി ആശങ്കപ്പെടേണ്ടതില്ല. പനിയോട് കൂടി സ്വഭാവത്തില്‍ കാണുന്ന മാറ്റങ്ങള്‍, കാഴ്ചശക്തിയില്‍ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയവ മസ്തിഷ്ക വീക്കത്തിന്‍റെ ലക്ഷണങ്ങളാവാം. ഇവയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ തേടണം.

നിപ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലും രോഗികളുമായി അടുത്തിടപഴകിയവരിലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 5 മുതല്‍ 15 ദിവസങ്ങള്‍ വരെ ബാഹ്യ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാവണമെന്നില്ല.

എടുക്കേണ്ട മുന്‍കരുതലുകള്‍

രോഗിയുമായി ഇടപഴകേണ്ടിവരാത്തവര്‍ പ്രത്യേക സംരക്ഷണ നടപടികള്‍ എടുക്കേണ്ടുന്ന സാഹചര്യം നിലവിലില്ല. എന്നാലും ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.

1) പക്ഷിമൃഗാദികളോ വവ്വാലോ കടിച്ചുവെന്ന് സംശയിക്കപ്പെടുന്ന പഴങ്ങള്‍ ഭക്ഷിക്കാതിരിക്കുക
2) ചെത്ത് കള്ളില്‍ വവ്വാലിന്‍റെ വിസര്‍ജ്യവും ഉമിനീരും കലരാന്‍ സാധ്യതയുളളതുകൊണ്ട് അത് പൂര്‍ണമായി ഒഴിവാക്കേണ്ടതുണ്ട്
3) കിണര്‍ വെള്ളത്തില്‍ വവ്വാലിന്‍റെ ശ്രവങ്ങളോ വിസര്‍ജ്യമോ കലരാനിടയുണ്ടെങ്കില്‍ വെള്ളം തിളപ്പിച്ച് മാത്രം കുടിക്കുക, കിണറിന്‍റെ വായ് മൂടാനുള്ള സംവിധാനമുണ്ടാക്കുക. ആവാസവ്യവസ്ഥകളില്‍ നിന്ന് വവ്വാലുകളെ ഓടിക്കാന്‍ നോക്കുന്നത് വിപരീതഫലം ഉണ്ടാക്കിയേക്കാം.
4) പന്നിഫാമുകളിലോ മൃഗങ്ങളെ കൂട്ടമായി വളര്‍ത്തുന്ന കേന്ദ്രങ്ങളിലോ കൂട്ടമായി അവ ചത്താല്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കുക

രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യപ്രവര്‍ത്തകരും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-

1) സ്രവങ്ങള്‍ വഴി രോഗം പകരുന്നതുകൊണ്ട് സുരക്ഷാ നടപടികള്‍ എടുക്കേണ്ടതുണ്ട്. പ്രത്യേകമായ മാസ്ക്, കയ്യുറകള്‍, ഗൌണ്‍, ഷൂസ്, കണ്ണട എന്നിവ ഉപയോഗിക്കണം.
2) രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, വിരി, പാത്രങ്ങള്‍, തോര്‍ത്ത് തുടങ്ങിയവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക
3) കൈകള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വൃത്തിയായി കഴുകുക
4) സമ്പര്‍ക്കമുണ്ടായവരില്‍ പനിലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് വിദഗ്ധ ‍ഡോക്ടറുടെ സേവനം തേടുക. ഇവര്‍ മാസ്ക് ധരിക്കുകയോ, തുണി കൊണ്ട് മൂക്കും വായും മൂടുകയോ ചെയ്താല്‍ തുമ്മലിലൂടെയും ചുമയിലൂടെയും പുറത്തെത്തുന്ന ശ്രവങ്ങളിലൂടെ രോഗം പടരാതെ തടയാം. ആശുപത്രികളില്‍ എത്തിക്കുന്നതിന് പൊതുഗതാഗത സംവിധാനങ്ങള്‍ കഴിവതും ഉപയോഗിക്കാതെ നോക്കുക.
5) രോഗികളുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നവരും കരുതലുകള്‍ എടുക്കണം. മാസ്കും കയ്യുറകളും കണ്ണടയും ഗൌണും നിര്‍ബന്ധമായും ധരിക്കണം. മൃതദേഹത്തില്‍ നിന്ന് സ്രവങ്ങള്‍ പടരാതിരിക്കാന്‍ പഞ്ഞികൊണ്ട് വായും മൂക്കും സ്വകാര്യ ദ്വാരങ്ങളും മൂടണം. അന്ത്യചുംബനവും ആലിംഗനവും ഒഴിവാക്കുകയാണ് ഉത്തമം.

ചികിത്സാരീതി

രോഗിയുടെ സ്രവങ്ങളില്‍ നിന്നോ നട്ടെല്ലില്‍ നിന്ന് സിഎസ്എഫ് ദ്രാവകം കുത്തിയെടുത്തോ രക്തത്തിലോ മൂത്രത്തിലോ നടത്തുന്ന പിസിആര്‍ പരിശോധന വഴി നിപ വൈറസ് സ്ഥിരീകരിക്കാം. സ്ഥിരീകരണത്തിനും തുടര്‍ ഗവേഷണത്തിനും പൂനെയിലെ എന്‍ഐവി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈറോളജി) യിലാണ് ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങളോട് കൂടിയ സൌകര്യം ലഭ്യമായിട്ടുള്ളത്. സ്ഥിരീകരിക്കപ്പെട്ടവരില്‍ ഇന്‍റന്‍സീവ് കെയര്‍ തന്നെ വേണ്ടുന്ന ഒരു രോഗാവസ്ഥയാണിത്. നിപ വൈറസിനെതിരെ കൃത്യമായ ആന്‍റിവൈറലുകള്‍ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ തന്നെ, വെന്‍റിലേറ്റര്‍ അടക്കം വേണ്ടിവന്നേക്കുന്ന പ്രത്യേക സപ്പോര്‍ട്ടീവ് കെയര്‍ തന്നെ നല്‍കണം. 70 ശതമാനത്തോളമാണ് നിപ വൈറസിന് രേഖപ്പെടുത്തിയിരിക്കുന്ന മരണ സാധ്യത. തുടക്കം മുതല്‍ വളരെ ജാഗ്രതയോടെ നിരീക്ഷിച്ചും സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ വേണ്ട വിധത്തില്‍ ഗൌരവത്തിലെടുത്തും ആരോഗ്യ വകുപ്പ് സമയോചിതമായി ഇവിടെ ഇടപെട്ടിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പടക്കമുള്ള പല വകുപ്പുകളുടെ സംയുക്തപരിശ്രമത്തിന്‍റെ ഫലമായി ഈ നിപ വൈറസ് പനി വൈകാതെ സംസ്ഥാനത്ത് നിയന്ത്രണ വിധേയമാക്കാന്‍ കഴിയും.

Writer - Sithara

contributor

Editor - Sithara

contributor

Similar News