ഇനി ഉറക്കം കളഞ്ഞിരിക്കേണ്ടതില്ല; സുഖ നിദ്രയ്ക്ക് ബനാന ടീ
പേരു പോലെ തന്നെ പഴം തന്നെയാണ് ഇതിന്റെ കാതൽ. പക്ഷേ പഴത്തേക്കാൾ, പഴത്തിന്റെ തൊലിയിലാണ് ഇതിന്റെ ഗുണമിരിക്കുന്നത്
ജീവിത രീതി മാറിയതോടെ ഇന്ന് എല്ലാവരും പരാതിപ്പെടുന്നത് സമയക്കുറവിനെ കുറിച്ചാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നേരാവണ്ണം ഒന്നുറങ്ങാൻ പോലും ഇപ്പോൾ പറ്റുന്നില്ല എന്നതാണ് മിക്കവരുടെയും പ്രശ്നം. ഉറക്കം കിട്ടാത്തതിനെക്കുറിച്ചും ഉറക്കത്തിലെ പ്രശ്നങ്ങളെക്കുറിച്ചും പരാതിപ്പെടുന്നത് ഇന്ന് സാധാരണമായ കാര്യമാണ്.
മാനസികസമ്മര്‍ദ്ദം, ഉത്‍കണ്ഠ, പരിഭ്രമം എന്നീ കാര്യങ്ങൾ ഒരാളുടെ ഉറക്കത്തെ ബാധിച്ചേക്കാം. ഇത്തരം മാനസിക സംഘർഷങ്ങൾ നിലനിൽക്കേ, തിരിഞ്ഞും മറിഞ്ഞും കിടന്ന് സുഖകരമായ ഒരു ഉറക്കത്തിന് വേണ്ടി ശ്രമിച്ചാലും ഫലമുണ്ടാവില്ല. ഈ ഉറക്കമില്ലായ്മയെ, ഉറക്കത്തിലെ പ്രശ്നങ്ങളകറ്റാന്‍ വളരെ പ്രയോജനപ്രദമായ ഒന്നാണ് ബനാന ടീ. സുഖനിദ്രക്ക് പേരുകേട്ടതാണ് ബനാന ടീ. പേരു പോലെ തന്നെ പഴം തന്നെയാണ് ഇതിന്റെ കാതൽ. പക്ഷേ പഴത്തേക്കാൾ, പഴത്തിന്റെ തൊലിയിലാണ് ഇതിന്റെ ഗുണമിരിക്കുന്നത്.
വളരെ എളുപ്പത്തിൽ വീട്ടിൽ വെച്ച് തന്നെ തയ്യാറാക്കാവുന്നതാണ് ബനാന ടീ. വാഴപ്പഴം, വെള്ളം, കറുവപ്പട്ട തോല്‍ എന്നിവയാണ് ബനാന ടീ തയാറാക്കുന്നതിനുള്ള അവശ്യ ചേരുവകള്‍. വാഴപ്പഴം ഒരു പാത്രത്തിലെടുത്ത് വെള്ളമൊഴിച്ച് തിളപ്പിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ശേഷം ഈ വെള്ളം ഒരു പാത്രത്തിലേക്ക് ഊറ്റിയെടുത്ത് അരിപ്പ കൊണ്ട് അരിച്ച് ചൂടോടെ കുടിക്കുക. നല്ല ഫലം കിട്ടാന്‍ തിളപ്പിച്ച വാഴപ്പഴം തോലോടുകൂടി കഴിക്കാം. രാത്രി കിടക്കുന്നതിന് മുമ്പായി ഇത് കുടിക്കുന്നത് ഉറക്കം സുഖകരമാക്കാൻ സഹായിക്കും.
വാഴപ്പഴത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുള്ള മാഗ്നീഷ്യം അടക്കമുള്ള മൂലകകങ്ങളാണ് ഈ സൂത്രത്തിന് പിന്നിൽ. ഇനി ഉറക്ക കുറവെന്ന പരാതിയുമായി ഉറക്കം കളഞ്ഞിരിക്കേണ്ടതില്ല. വെറുതെ തൊലിയുരിച്ച് കളയുന്ന വാഴപ്പഴത്തിന് പകരം, തൊലിയുൾപ്പടെ ഒരു നേരം നല്ല ഒന്നാന്തരം ചായ ഉണ്ടാക്കി കുടിക്കൂ, സുഖമായി ഉറങ്ങൂ.