ഈ അഞ്ച് പാനീയങ്ങൾ ഹീമോഗ്ലോബിൻ അളവ് കൂട്ടും, അനീമിയയെ പ്രതിരോധിക്കും

ക്ഷീണം, ശ്വാസതടസ്സം, നെഞ്ചു വേദന, വിളറിയ ചർമ്മം എന്നിവ അനീമിയയുടെ ലക്ഷണങ്ങളാണ്

Update: 2023-12-07 05:36 GMT
Editor : Lissy P | By : Web Desk
Advertising

ശരീരകലകളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളായ ഹീമോഗ്ലാബിനാണ്. ഹീമോഗ്ലോബിൻ നിർമ്മിക്കാൻ ശരീരം ഇരുമ്പ് ഉപയോഗിക്കുന്നു.ഇരുമ്പിന്റെ കുറവ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിലേക്ക് നയിക്കും. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തിൽനിന്നും കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെയാണ് അനീമിയ അഥവാ വിളർച്ചയെന്ന് പറയുന്നത്. കുഞ്ഞുങ്ങളിലും പ്രായമായവരിലും ഈ രോഗാവസ്ഥ കണ്ടുവരാറുണ്ട്.

സ്ഥിരമായ ക്ഷീണം, ശ്വാസതടസ്സം, നെഞ്ചു വേദന, വിളറിയ ചർമ്മം എന്നിവ അനീമിയയുടെ ലക്ഷണങ്ങളാണ്. വിളർച്ച കണ്ടെത്തിയാൽ അത് കൃത്യമായി ചികിത്സിക്കുകയും ആവശ്യമെങ്കിൽ സപ്ലിമെന്റുകളെടുക്കുകയും വേണം. എന്നാൽ ഇതിനെല്ലാം പുറമെ ഭക്ഷണത്തിലൂടെയും ഇരുമ്പിന്റെ അളവ് ശരീരത്തിൽ കൂട്ടാനാകും. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ചില ആരോഗ്യകരമായ ജ്യൂസുകൾ ഇതാ....


നെല്ലിക്ക ജ്യൂസ്

ഇന്ത്യൻ നെല്ലിക്ക വൈറ്റമിൻ സിയാൽ സമ്പന്നമാണ്. നെല്ലിക്ക ജ്യൂസ് കഴിക്കുന്നത്  പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് പുറമെ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കും. ഇതുവഴി ഹീമോഗ്ലോബിന്റെ അളവ് കൂടാനും സഹായിക്കുന്നു.



കരിമ്പ് ജ്യൂസ്

കരിമ്പിൻ ജ്യൂസ് ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. അത്രയേറെ രുചിയുള്ളതാണ് കരിമ്പ് ജ്യൂസ്. ഇത് ഇരുമ്പിന്റെയും മറ്റ് അവശ്യ ധാതുക്കളുടെയും മികച്ച ഉറവിടമാണ്. കരിമ്പിലടങ്ങിയിരിക്കുന്ന മധുരം ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.


മാതളനാരങ്ങ ജ്യൂസ്

നിരവധി വിറ്റമിനുകളാൽ സമ്പന്നമാണ് മാതള നാരങ്ങ(അനാർ) എന്ന് എല്ലാവർക്കുമറിയാം. ഇതിൽ ഇരുമ്പും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്, ഇത് ഹീമോഗ്ലോബിൻ ഉൽപാദനത്തെയും ആഗിരണത്തെയും സഹായിക്കും.


ഓറഞ്ച് ജ്യൂസ്

മനുഷ്യ ശരീരത്തിന് ആവശ്യമായ വിറ്റമിൻ സി പോഷകം ഏറെ അടങ്ങിയ പഴമാണ് ഓറഞ്ച്. ഇതിന്റെ ജ്യൂസ് കുടിക്കുന്നതും ഓറഞ്ച് തനിയെ കഴിക്കുന്നതും വളരെ നല്ലതാണ്.


ബീറ്റ് റൂട്ട് ജ്യൂസ്

ശരീരത്തിലെ ഹീമോഗ്ലോബിൻ വർധിപ്പിക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. രോഗ പ്രതിരോധ ശേഷിയും വർധിപ്പിക്കും. കൂടാതെ ധാരാളം വിറ്റമിൻ സിയും ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ് റൂട്ടിന്റെ കുറച്ച് കഷ്ണങ്ങൾക്കൊപ്പം ഇഞ്ചിയോ നാരങ്ങനീരോ ചേർത്ത് ജ്യൂസടിച്ച് കുടിക്കാം.

അതേസമയം, ഈ ജ്യൂസുകൾ സ്ഥിരമായി കഴിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ ഡോക്ടറുടെ ഉപദേശം കൂടി ഇക്കാര്യത്തിൽ തേടുന്നത് നല്ലതാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News