അപകടങ്ങളിലെ പരിക്ക്; ഒന്ന് ശ്രദ്ധിച്ചാൽ രക്ഷപ്പെടാം

അപകടസമയത്ത് നമ്മൾ കാണിക്കുന്ന ചെറിയ കരുതലും ശാസ്ത്രീയമായും സാങ്കേതികമായും ശരിയായ പ്രവർത്തനവും ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാം

Update: 2025-10-18 06:35 GMT
Editor : geethu | Byline : Web Desk

ഓരോ വർഷവും ഒക്ടോബർ 17 ലോക ട്രോമ ദിനമായി ആചരിക്കുന്നു. അപകടങ്ങളിൽ ഉണ്ടാകുന്ന പരിക്കുകളും മരണങ്ങളും കുറയ്ക്കുകയും, അതിനെക്കുറിച്ചുള്ള പൊതുജന ബോധവൽക്കരണം വർധിപ്പിക്കുകയും ചെയ്യുകയാണ് ഇത് കൊണ്ട് ലക്ഷ്യം വെക്കുന്നത്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഓഫ് ഇന്ത്യയുടെ 2024 ലെ കണക്ക് പ്രകാരം, രാജ്യത്ത് പ്രതിവർഷം ഒന്നേ മുക്കാൽ ലക്ഷത്തോളം പേർ റോഡ് അപകടങ്ങളിൽ മരിക്കുന്നുണ്ട്. ദിവസേന ശരാശരി 300-ലധികം പേർക്ക് റോഡ് അപകടങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുന്നു. ഇതിൽ ഏറ്റവും കൂടുതൽ 18-45 വയസ്സ് വരെ ഉള്ള കുടുംബത്തിലെ പ്രധാനമായും സമ്പാദിക്കുന്ന വ്യക്തികൾ ആണ് എന്നുള്ളതാണ് വസ്തുത. അപകടം മൂലം കിടപ്പിലാവുന്നതും അംഗഭംഗം വരുന്നവരുടെ കണക്ക് ഇതിലും എത്രയോ കൂടുതലാണ്.

Advertising
Advertising

അപകടം സംഭവിക്കുന്ന സമയത്തെ ആദ്യത്തെ കുറച്ചു സമയം (golden hour) വളരെ പ്രധാനപ്പെട്ടതാണ്. അപകടം വളരെ ഗുരുതരമായാൽ ചിലർ സംഭവസ്ഥലത്തുതന്നെ മരിക്കും. അത്തരത്തിൽ ഉള്ള അപകടങ്ങളിൽ ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പരിമിതമാണ്. അങ്ങനെ സംഭവിക്കാത്ത രോഗികളെ അപകടം നടന്ന ഉടൻ തന്നെ ശരിയായ പ്രഥമ ശുശ്രൂഷ നൽകി ശാസ്ത്രീയമായ രീതിയിൽ രോഗിയെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകാൻ കഴിഞ്ഞാൽ, മരണനിരക്ക് വൻതോതിൽ കുറയ്ക്കാൻ കഴിയുന്നതാണ്.

പ്രാഥമിക ശുശ്രൂഷയുടെ പ്രാധാന്യം

അപകടം നടന്ന സ്ഥലത്തുതന്നെ സാധാരണ പൗരന്മാർക്ക് ചെയ്യാവുന്ന ചില പ്രാഥമിക ശുശ്രൂഷകൾ (First Aid) രോഗിയുടെ ജീവൻ രക്ഷിക്കാനും പിന്നീട് ഉണ്ടാകാവുന്ന ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.


 



അപകടം സംഭവിച്ചാൽ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള വ്യഗ്രത സ്വാഭാവികമാണ്. പക്ഷേ, ശ്രദ്ധയില്ലാതെ മാറ്റിയാൽ രോഗിക്ക് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ രോഗിയെ സുരക്ഷിതമായി മാറ്റുന്ന രീതി അറിയുന്നത് അത്യന്തം പ്രധാനമാണ്.

അപകടസമയത്ത് പാലിക്കേണ്ട പ്രധാന മാർഗങ്ങൾ:

ശ്വസിക്കാൻ പറ്റണം

വായുവിന്റെ സഞ്ചാര മാർഗങ്ങളിൽ രക്തമോ ഛർദിയോ മൂലം തടസ്സം ഉണ്ടായാൽ രോഗിക്ക് ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകും. അതിനാൽ ബോധരഹിതനായ രോഗിയുടെ വായിലും മൂക്കിലും രക്തമോ ഛർദിയോ ഉണ്ടെങ്കിൽ എത്രയും വേഗം തുടച്ചുകളയുക.

കഴുത്ത് സംരക്ഷിക്കുക

അപകട സമയത്ത് കഴുത്തിലെ കശേരുക്കളുടെ സംരക്ഷണം വളരെ പ്രധാനമാണ്. തലച്ചോറിൽ നിന്നുള്ള പ്രധാന നാഡികളും ഞരമ്പുകളും കഴുത്തിലെ എല്ലുകൾക്കിടയിലൂടെ കയ്യിലേക്കും കാൽ ഭാഗത്തേക്കും പോകുന്നതിനാൽ കഴുത്തിന് പരിക്ക് പറ്റിയാൽ രോഗിയുടെ കൈകാലുകൾ അനക്കാൻ പറ്റാത്ത അവസ്ഥയിലേക്കും (Quadriplegia), ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലേക്കും പോകാനിടയുണ്ട്. ചെറിയ പരിക്കുകൾ അശ്രദ്ധമായി രോഗിയെ കൈകാര്യം ചെയ്യുന്നതിലൂടെ കൂടുതൽ ഗുരുതരം ആവാൻ സാധ്യതയുണ്ട്. അതിനാൽ രോഗിയെ അപകടം നടന്ന സ്ഥലത്ത് നിന്ന് മാറ്റുമ്പോൾ കഴുത്തിന് ഇളക്കം തട്ടാതിരിക്കാൻ ശ്രമിക്കുക (neck immobilization) എന്നത് പരമപ്രധാനമാണ്.

അതേപോലെ ഇരുചക്രവാഹന അപകടങ്ങളിലെ പരിക്കുകളിൽ ഹെൽമറ്റ് ഊരിമാറ്റുമ്പോൾ കഴുത്തിന് അനക്കം തട്ടാതെ വളരെ സൂക്ഷ്മമായി വേണം ചെയ്യാൻ. 




 


രോഗിയെ സുരക്ഷിതമായി മാറ്റുക

സാധ്യമായത്രയും ആംബുലൻസ് പോലുള്ള അനുയോജ്യമായ വാഹനങ്ങൾ ഉപയോഗിക്കുക. രോഗിയെ മാറ്റുമ്പോൾ “Log Roll” എന്ന രീതിയാണ് ഏറ്റവും സുരക്ഷിതം. ഒരു മരത്തടി തിരിക്കുന്നതുപോലെ ഒരുമിച്ച് രോഗിയെ ഒറ്റ കഷ്ണമായി തിരിച്ച് stretcher-ലോ മറ്റു കട്ടിയുള്ള പ്രതലത്തിലേക്കോ അതുമല്ലെങ്കിൽ സഹായിക്കാൻ വന്നവരുടെ കൈകൾ പിണച്ചു വെച്ച് അതിലേക്കോ മാറ്റണം.

രക്തസ്രാവം നിയന്ത്രിക്കുക

രോഗിക്ക് രക്തസ്രാവം ഉണ്ടായാൽ വൃത്തിയുള്ള തുണി കൊണ്ട് മുറിവ് 5–10 മിനിറ്റ് അമർത്തി പിടിക്കുക. ഇതിലൂടെ രക്തസ്രാവം കുറയ്ക്കാവുന്നതാണ്. തുടർന്ന് ആ തുണി കൊണ്ട് തന്നെ മിതമായ മുറുക്കിൽ മുറിവ് കെട്ടുക. അത്യധികം മുറുക്കിയാൽ രക്തയോട്ടം തടസ്സപ്പെടാൻ സാധ്യതയുണ്ട്.

എല്ലുകൾ ഒടിഞ്ഞാൽ

അപകടത്തിൽ എല്ലുകൾ ഒടിഞ്ഞാൽ, ആ ഭാഗം ഇളക്കാതെ (splinting) കെട്ടി വയ്ക്കണം. കട്ടിയുള്ള എന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ച് ഒടിഞ്ഞ ഭാഗത്തിൻ്റെ മുകളിലെയും താഴത്തെയും സന്ധിബന്ധങ്ങൾ കൂടി ഉൾപ്പെടുത്തി അവ അനങ്ങാത്ത നിലയിൽ കെട്ടുക. ഇതിലൂടെ രോഗിക്ക് ഒരു പരിധിവരെ വേദന കുറയാനും, ഒടിഞ്ഞ എല്ല് ഇളകി കൂടുതൽ കേടുപാടുകൾ സംഭവിക്കാതിരിക്കാനും സഹായിക്കും.

ലോക ട്രോമ ദിനം റോഡ് അപകടങ്ങൾക്കു മാത്രമല്ല. വീട്ടിലും, ജോലി സ്ഥലങ്ങളിലും സംഭവിക്കാവുന്ന എല്ലാ തരത്തിലുള്ള അപകടങ്ങളെ കുറിച്ചുള്ള ബോധവത്കരണം നൽകുകയും അത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ഉള്ള മുൻകരുതൽ എടുക്കുകയും അതു പോലെ തന്നെ അപകടം നടന്നാൽ സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ് അതു ലക്ഷ്യമിടുന്നത്.

അപകടസമയത്ത് നമ്മൾ കാണിക്കുന്ന ചെറിയ കരുതലും ശാസ്ത്രീയമായും സാങ്കേതികമായും ശരിയായ പ്രവർത്തനവും ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാം. അതു കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള അറിവ് നേടുകയും അത് പ്രാവർത്തികമാക്കുകയും വളരെ പ്രധാനമാണ്.




തയ്യാറാക്കിയത്: Dr. Vineeth Chandran. Consultant & Head - Emergency Medicine. Aster MIMS Hospital Kozhikode

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News