ഉച്ചക്കൊന്ന് മയങ്ങാം... ഒന്നല്ല, ഒരുപാടുണ്ട് ഗുണങ്ങൾ; പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഉച്ചയ്ക്ക് 1 മണിക്കും 3 മണിക്കും ഇടയിൽ ഉറങ്ങുന്നതാണ് ഏറ്റവും അനുയോജ്യമായ സമയം

Update: 2023-03-24 03:29 GMT
Editor : Lissy P | By : Web Desk
Advertising

ഊണൊക്കെ കഴിച്ച് ഉച്ചക്ക് ഒന്ന് മയങ്ങാൻ ഇഷ്ടമില്ലാത്തവരുണ്ടോ... പക്ഷേ ജോലിത്തിരക്കും മറ്റ് ഓട്ടത്തിനിടയിലും ഉച്ചക്ക് മയങ്ങാൻ പോയിട്ട് ഒന്ന് സ്വസ്ഥമായി ഇരിക്കാൻ പോലും പലർക്കും സാധിച്ചെന്ന് വരില്ല. അതേസമയം, ഉച്ചക്ക് മയങ്ങാൻ പാടില്ലെന്ന ചിന്ത വെച്ചുപുലർത്തുന്നവരും നമുക്കിടയിലുണ്ട്.

എന്നാൽ മുതിർന്നവർക്ക് ഉച്ചയുറക്കം ശരീരത്തിന് നല്ലതാണെന്ന് പറയുകയാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ. പകലിന്റെ മധ്യത്തിലുള്ള ചെറു ഉറക്കം ഓര്‍മശക്തി, ജോലിയില്‍ മികച്ച പ്രകടനം, മാനസികാവസ്ഥ, ജാഗ്രത, സമ്മർദ്ദം കുറയ്ക്കൽ എന്നിവയ്ക്ക് സഹായിക്കും. ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിനുള്ള ഗുണങ്ങളും ഉറങ്ങാനുള്ള ഏറ്റവും അനുയോജ്യമായ സമയവും ഉറങ്ങുമ്പോൾ ഒരാൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ഉച്ചക്ക് ഉറങ്ങുന്നതിന്റെ ഗുണങ്ങൾ...

*ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. പ്രത്യേകിച്ച് ഉയർന്ന ബിപി ഉള്ളവർ,ഹൃദ്രോഗങ്ങൾ ഉള്ളവർക്കൊക്കെ ഇത് ഏറെ ഗുണം ചെയ്യും.

*പ്രമേഹം, പിസിഒഡി, തൈറോയ്ഡ്, കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നവർ എന്നിവരുടെ ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കും.

*ദഹനം ശരിയായ രീതിയിൽ നടക്കാനും ഇത് സഹായിക്കും.രാത്രിയിൽ ഉറക്കം ശരിയാകാത്തവർക്കും ഉച്ചക്ക് ഉറങ്ങുന്നത് ഗുണം ചെയ്യും.

ഇക്കാര്യങ്ങൾ പൂർണമായും ഒഴിവാക്കുക

*ഉച്ചമയക്കം എന്നുപറഞ്ഞ് തോന്നിയ സമയത്ത് ഉറങ്ങുന്നത് ശരിയല്ല. ഉറങ്ങുകയാണെങ്കിൽ വൈകിട്ട് നാലുമണിക്ക് മുമ്പായി ഉറങ്ങണം. നാലുമണിക്കും ഏഴുമണിക്കും ഇടയില്‍ ഉറങ്ങുന്നത് ഒഴിവാക്കുക.

* ഉച്ചഭക്ഷണത്തിന് ശേഷം ചായ, കാപ്പി, സിഗരറ്റ്, ചോക്ലേറ്റ് തുടങ്ങിയവ കഴിക്കുന്നതും ഒഴിവാക്കണം.

*ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഫോണിൽ നോക്കി സമയം കളയരുത്. ടിവി കണ്ട് ഉറങ്ങുന്നതും ഒഴിവാക്കണം.

എത്രസമയം ഉറങ്ങണം?

*10 മുതൽ 30 മിനിറ്റ് ഉറങ്ങുന്നതാണ് ഏറ്റവും നല്ലത്. അതിൽ കൂടുതൽ ഉറങ്ങുന്നത് ഒഴിവാക്കുക.എന്നാൽ പ്രായമായവർക്കും രോഗികൾക്കും 90 മിനിറ്റ് വെരെ ഉറങ്ങാം.

*ഉച്ചയ്ക്ക് 1 മണിക്കും 3 മണിക്കും ഇടയിൽ ഉറങ്ങുന്നതാണ് ഏറ്റവും അനുയോജ്യമായ സമയം

*വീട്ടിലാണെങ്കിൽ കട്ടിലിൽ നീണ്ടുനിവർന്ന് കിടക്കാം

*ഓഫീസിലാണെങ്കിൽ മേശപ്പുറത്ത് തല വെച്ച് കിടക്കാം..അതെല്ലെങ്കിൽ ഒരു ഈസി ചെയറിൽ കിടന്നുറങ്ങാം,

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News