നിങ്ങളെപ്പോഴും മൊബൈലിലാണോ?; 'സോംബി പാരന്റിങ്' കവരുന്ന ബാല്യം

സാങ്കേതികവിദ്യയുടെ അതിപ്രസരം നമ്മുടെ വീടകങ്ങളെ കീഴടക്കിയതോടെ മനഃശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും ഒരേ ഭീതിയോടെ നോക്കിക്കാണുന്ന പ്രശ്‌നമാണ് 'സോംബി പേരന്റിംങ്'

Update: 2026-01-02 14:33 GMT

ആധുനിക ലോകത്ത് പാരന്റിംങ് അഥവാ കുട്ടികളെ വളർത്തുക എന്നത് വലിയ വെല്ലുവിളികൾ നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയുടെ അതിപ്രസരം നമ്മുടെ വീടകങ്ങളെ കീഴടക്കിയതോടെ മനഃശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും ഒരേ ഭീതിയോടെ നോക്കിക്കാണുന്ന പ്രശ്‌നമാണ് 'സോംബി പേരന്റിംങ്' (Zombie Parenting). പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ശാരീരികമായി മക്കളുടെ അരികിലുണ്ടെങ്കിലും വൈകാരികമായോ മാനസികമായോ 'പ്രസന്റ്' അല്ലാത്ത മാതാപിതാക്കളുടെ അവസ്ഥയാണിത്. കൈയ്യിലുള്ള സ്മാർട്ട്‌ഫോണിലോ ടാബ്ലെറ്റിലോ കണ്ണുനട്ടിരുന്ന്, മക്കൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ യാന്ത്രികമായി മറുപടി നൽകുന്ന മാതാപിതാക്കൾ ഒരു സോംബിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. മക്കൾ അരികിൽ വന്ന് സംസാരിക്കുമ്പോഴോ തങ്ങളുടെ കൊച്ചു കൊച്ചു കാര്യങ്ങൾ പങ്കുവെക്കുമ്പോഴോ 'ഉം...', 'ആയിക്കോട്ടെ...' എന്നിങ്ങനെ അർഥശൂന്യമായ മറുപടികൾ പറഞ്ഞ് ഫോണിൽ തന്നെ മുഴുകിയിരിക്കുന്ന ഈ രീതി കുട്ടികളുടെ ഭാവി തന്നെ തകർക്കാൻ ശേഷിയുള്ളതാണ്.

Advertising
Advertising

സോംബി പേരന്റിംങ് കുട്ടികളിലുണ്ടാക്കുന്ന ആഘാതം നാം ചിന്തിക്കുന്നതിനുമപ്പുറത്താണ്. കുട്ടികൾ തങ്ങളുടെ ചുറ്റുമുള്ള ലോകത്തെ പഠിക്കുന്നത് മാതാപിതാക്കളുടെ കണ്ണുകളിൽ നോക്കിയും അവരുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ചുമാണ്. മക്കൾ ഒരു കാര്യം ചെയ്യുമ്പോൾ മാതാപിതാക്കൾ നൽകുന്ന ഒരു പുഞ്ചിരിയോ അല്ലെങ്കിൽ ഒരു ചെറിയ തലോടലോ അവരുടെ മസ്തിഷ്‌ക വികാസത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ മാതാപിതാക്കളുടെ ശ്രദ്ധ കിട്ടാതെ വരുമ്പോൾ തങ്ങൾ സ്‌നേഹിക്കപ്പെടുന്നില്ലെന്നോ തങ്ങൾക്ക് പ്രാധാന്യമില്ലെന്നോ ഉള്ള ചിന്ത കുട്ടികളിൽ ആഴത്തിൽ പതിയുന്നു. ഇത് അവരുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും സാരമായി ബാധിക്കുന്നു. ഇത്തരം അവഗണന നേരിടുന്ന കുട്ടികൾ പിന്നീട് സാമൂഹികമായ ഇടപെടലുകളിൽ പിന്നോക്കം പോകാനും വിഷാദം പോലുള്ള മാനസികാവസ്ഥകളിലേക്ക് വഴുതി വീഴാനും സാധ്യതയുണ്ട്.

സ്‌ക്രീനിൽ മുഴുകിയിരിക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കുട്ടികൾ അമിതമായ വാശി കാണിക്കാനോ, സാധനങ്ങൾ എറിഞ്ഞുടയ്ക്കാനോ, അക്രമാസക്തരാകാനോ തുടങ്ങുന്നത് ഇന്ന് പല വീടുകളിലെയും സ്ഥിരം കാഴ്ചയാണ്. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾ ചെയ്യുന്നത് കുട്ടികളെ അടക്കി നിർത്താൻ അവർക്കും മറ്റൊരു സ്‌ക്രീൻ (ഫോണോ ടിവിയോ) നൽകുക എന്നതാണ്. ഇത് പ്രശ്‌നത്തെ കൂടുതൽ സങ്കീർണമാക്കുകയും കുട്ടികളെയും ചെറുപ്രായത്തിൽ തന്നെ ഡിജിറ്റൽ അടിമത്തത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇതിനെ 'ഡിജിറ്റൽ പാസിഫയർ' എന്നാണ് വിദഗ്ധർ വിളിക്കുന്നത്. കുട്ടികൾക്ക് സ്‌നേഹത്തിന് പകരം സ്‌ക്രീൻ നൽകുമ്പോൾ അവർക്ക് വൈകാരിക ബുദ്ധി (Emotional Intelligence) നഷ്ടപ്പെടുന്നു.

മാതാപിതാക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ഈ പ്രവണത ദോഷകരമായി ബാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം മാതാപിതാക്കളിൽ 'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്' എന്ന അവസ്ഥ ഉണ്ടാക്കുകയും മറ്റ് കുടുംബങ്ങളുടെ തിളക്കമുള്ള ചിത്രങ്ങൾ കണ്ട് തങ്ങളുടെ ജീവിതം മോശമാണെന്ന് കരുതി നിരാശപ്പെടാൻ കാരണമാവുകയും ചെയ്യുന്നു. ഇത് വിട്ടുമാറാത്ത മാനസിക സമ്മർദത്തിലേക്കും ഉറക്കമില്ലായ്മയിലേക്കും നയിക്കുന്നു.

ഫോണിൽ നോക്കിയിരിക്കുമ്പോൾ കുട്ടികൾ വിളിക്കുന്നത് ഒരു ശല്യമായി തോന്നുന്ന അവസ്ഥ അപകടകരമാണ്. സ്വന്തം മക്കളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാൻ കഴിയാത്തത് മാതാപിതാക്കളിൽ പിൽക്കാലത്ത് വലിയ കുറ്റബോധം സൃഷ്ടിക്കും. വീടിനുള്ളിൽ ഒരേ സോഫയിൽ ഇരിക്കുമ്പോഴും പരസ്പരം സംസാരിക്കാതെ ഫോണിൽ സന്ദേശങ്ങൾ അയക്കുന്ന രീതി ദമ്പതികൾക്കിടയിലെ ബന്ധത്തെയും ശിഥിലമാക്കുന്നു.

സോംബി പേരെന്റിങ്ങിൽ നിന്ന് മുക്തി നേടാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ആവശ്യമാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് 'ഡിജിറ്റൽ അതിർവരമ്പുകൾ' നിശ്ചയിക്കുക എന്നതാണ്. ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ നിശ്ചിത സമയം ഫോൺ ദൂരെയുള്ള ഒരു ബോക്‌സിൽ വയ്ക്കാൻ ശീലിക്കുക. 'ഫോൺ ഫ്രീ സോണുകൾ' വീട്ടിൽ നിർമിക്കണം. പ്രത്യേകിച്ചും ഭക്ഷണസമയത്തും ഉറങ്ങുന്നതിന് തൊട്ടുമുമ്പും സ്‌ക്രീനുകൾ പൂർണമായും ഒഴിവാക്കണം. കുട്ടികളുമായി കളിക്കുമ്പോൾ ഫോൺ സൈലന്റ് മോഡിലാക്കി അവരോടൊപ്പം പൂർണമായി മുഴുകുക. കുട്ടികളുടെ കണ്ണുകളിൽ നോക്കി സംസാരിക്കാനും അവർ പറയുന്ന കൊച്ചു കഥകൾ ആസ്വദിക്കാനും സമയം കണ്ടെത്തണം. ഈ വൈകാരിക ബന്ധമാണ് ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇതിനെ 'മൈൻഡ്ഫുൾ പേരന്റിംങ്' എന്ന് വിളിക്കാം.

സാങ്കേതികവിദ്യയുടെ വളർച്ചയെ നമുക്ക് തടയാനാവില്ല, എന്നാൽ അത് നമ്മുടെ കുടുംബ ബന്ധങ്ങളെ വിഴുങ്ങാൻ അനുവദിക്കരുത്. നമ്മൾ ഇന്ന് മക്കൾക്ക് നൽകുന്ന സ്‌നേഹവും ശ്രദ്ധയുമാണ് നാളത്തെ അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. സ്‌ക്രീനുകളിലെ ലൈക്കുകളെക്കാളും കമന്റുകളെക്കാളും മൂല്യം നിങ്ങളുടെ മക്കളുടെ ചിരിക്കും അവരുടെ കുഞ്ഞുവിളികൾക്കുമാണെന്ന് തിരിച്ചറിയുക. മക്കൾക്ക് വേണ്ടത് വിലകൂടിയ കളിക്കോപ്പുകളോ ഡിജിറ്റൽ ഉപകരണങ്ങളോ അല്ല, മറിച്ച് നിങ്ങളുടെ സാന്നിധ്യമാണ്. സോംബികളായി മാറാതെ, മക്കളുടെ ലോകത്ത് സജീവമായി ഇടപെടുന്ന മാതാപിതാക്കളായി നമുക്ക് മാറാം. ഓരോ നിമിഷവും അവർക്ക് പ്രിയപ്പെട്ടതാക്കാം.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Similar News