പ്രായമോ ലിംഗവ്യത്യാസമോ ഇല്ലാതെ എല്ലാവരിലും കാണപ്പെടുന്ന ബുദ്ധിമുട്ടാണ് നടുവേദന. മിക്ക ആളുകളും ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ നടുവേദന അനുഭവിച്ചിട്ടുണ്ടാകും. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് നടുവേദന കൂടുതലും കാണപ്പെടുന്നത്. ഡിസ്‌കിന്റെ പ്രശ്‌നങ്ങളും നട്ടെല്ലിന്റെ തേയ്മാനവും പേശീവലിവുമെല്ലാം നടുവേദനക്ക് കാരണമാകാറുണ്ട്. ഇതിന് പുറമെ അപൂർവമായി ചില രോഗങ്ങളുടെ ലക്ഷണവും നടുവേദനയാണ്.പലപ്പോഴും നടുവേദന ചെറിയ കാലയളവിനുള്ളില്‍ മാറുകയും ചെയ്യും.
നടുവേദന പലപ്പോഴും ഉണ്ടാകുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ തേയ്മാനം മൂലമാണ്. ആർത്രൈറ്റിസ് കാൽമുട്ടുകൾ, ഇടുപ്പ്, കൈത്തണ്ട, തോളുകൾ എന്നിവയെ ബാധിക്കുന്നതുപോലെ നട്ടെല്ലിനെയും ബാധിക്കും. ഭാരമുള്ള വസ്തുക്കൾ ആവർത്തിച്ച് ഉയർത്തുകയോ സ്ഥിരമായി ഇത്തരം ജോലികള്‍ ചെയ്യുന്നതും നടുവേദനയിലേക്ക് നയിക്കും.
എന്നാല്‍ നടുവേദനയല്ലേ,അത് മാറിക്കോളും എന്ന് കരുതി എപ്പോഴും നിസാരമാരക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നടുവേദനക്കൊപ്പം താഴെ പറയുന്ന ലക്ഷണങ്ങളുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
ഭാരം കുറയുക
വീക്കം, പുറം ഭാഗത്ത് ചുവപ്പ്, പനി എന്നിവയോടൊപ്പം നടുവേദന വരിക
കാലുകള്‍ക്ക് ബലഹീനത,മരവിപ്പ്
നടുഭാഗമിടിച്ച് വീഴ്ച,അല്ലെങ്കില്‍ മറ്റ് പരിക്കുകള്‍ക്ക് ശേഷമുള്ള വേദന
കാൻസർ ചികിത്സയ്ക്കിടെയോ അതിനുശേഷമോ ഉള്ള നടുവേദന
രാത്രികാലങ്ങളിലെ സ്ഥിരമായതും തീവ്രമായതുമായ വേദന.
മലമൂത്രവിസര്‍ജനത്തിന് ബുദ്ധിമുട്ടുകള്‍
നടുവേദനക്ക് ആശ്വാസം കണ്ടെത്താം..
നടത്തം, നീന്തൽ തുടങ്ങിയ ശരീരത്തിന് വലിയ ആഘാതമുണ്ടാകാത്ത വ്യായാമങ്ങള്‍ ശീലമാക്കുന്നത് നട്ടെല്ലിന് ബലം നല്‍കും.ശരിയായ രീതിയില്‍ ഇരിക്കുക, പെട്ടന്ന് കുനിഞ്ഞ് കൂടുതല്‍ ഭാരമെടുക്കുന്നത് ഒഴിവാക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കുക എന്നിവയെല്ലാം നടുവേദനക്ക് ആശ്വാസം നല്‍കും. ആഴ്ചകൾക്ക് ശേഷവും വേദന കുറയുന്നില്ലെങ്കിൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.