വിട്ടുമാറാത്ത നടുവേദനയുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കൂ...

മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ പ്രായത്തിൽ തന്നെ നടുവേദനയുണ്ടാവന്‍ കാരണം

Update: 2021-09-19 04:15 GMT
Editor : Nisri MK | By : Web Desk
Advertising

നടുവേദന സർവ്വസാധാരണമായിട്ടുള്ള ഒരു രോഗമാണ്. ജീവിതകാലത്ത് ഒരു പ്രാവശ്യമെങ്കിലും നടുവേദന വന്നിട്ടുള്ളവർ ലോക ജനസംഖ്യയുടെ 84 ശതമാനം വരും. ഇതില്‍ 85 ശതമാനം നടുവേദനക്കാരിലും കൃത്യമായ ഒരു കാരണം കണ്ടെത്താൻ പറ്റാറില്ല എന്നുള്ളതാണ് യാഥാർഥ്യം.

പ്രായഭേദമന്യേ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ പ്രായത്തിൽ തന്നെ നടുവേദനയുണ്ടാവന്‍ കാരണം. പുതിയ തൊഴില്‍ രീതി, വാഹനങ്ങളുടെ അമിത ഉപയോഗം എന്നിവയും നടുവേദനക്ക് കാരണമാകുന്നുണ്ട്. സാധാരണ 30 വയസ്സിനു മുകളിലുള്ളവരാണ് ഇതുമൂലം കഷ്ടപ്പെടുന്നവരിൽ കൂടുതലും. മണിക്കൂറോളം നടുനിവർത്തിയിരുന്നു ജോലി ചെയ്യുന്നവർക്കാണ് നടുവേദന അധികവും ഉണ്ടാകുന്നത്. കുട്ടിക്കാലത്തെ വീഴ്ചയുടെ ഭാഗമായും വയസുകാലത്തെ എല്ല് തേയ്മാനവുമെല്ലാം പിന്നീട് പ്രതിഫലിക്കാം.

എന്നിരുന്നാലും നടുവേദന മെഡിക്കൽ അറ്റെൻഷൻ കിട്ടേണ്ട അവസ്ഥ തന്നെയാണെന്ന് ഡോ പ്രസന്നന്‍ (ഇന്‍ഫോ ക്ലിനിക്) പറയുന്നു. കാരണം ചെറിയ ശതമാനം ആളുകളിൽ നടുവേദന സീരിയസായ ഒരു ആരോഗ്യപ്രശ്‌നം കൊണ്ടുണ്ടാകുന്നതാവാം. അത്തരം നടുവേദനയെ തിരിച്ചറിയാൻ ഒരു പരിധി വരെ സഹായിക്കുന്ന ചില സംഗതികളുണ്ട്. അവയിൽ ചിലതാണ്

1. ഒരു അപകടത്തിനോ, വീഴ്ചക്കോ ശേഷം ഉടനെയുണ്ടാകുന്ന കഠിനമായ വേദന (Trauma)

2. വേദന തുടങ്ങുന്നതിന് മുമ്പോ, അതിന് ശേഷമോ ശരീരത്തിന്‍റെ ഭാരം കുറയുക (Weight loss)

3. വേദനയുടെ കൂടെയുണ്ടാകുന്ന പനി (fever), വിയർക്കൽ, പ്രത്യേകിച്ച് രാത്രി (night sweats)

4. മാംസപേശികളുടെ ബലക്ഷയം (muscle weakness)

5. മല-മൂത്ര വിസർജ്ജനം നിയന്ത്രിക്കുന്നതിനുള്ള ശേഷിക്കുറവ് (incontinence)

6 ഒരു തരത്തിലും നിയന്ത്രണവിധേയമാകാത്ത തീവ്രമായ വേദന (intractable pain)

ഇത്തരം ലക്ഷണങ്ങളുടെ ഗൗരവസ്വഭാവം കണക്കിലെടുത്ത് അവയെ റെഡ് ഫ്ളാഗ്സ് എന്ന് വിളിക്കപ്പെടുന്നു.

ഇത്രയും അടിയന്തിരസ്വഭാവമില്ലെങ്കിലും നടുവേദനയുടെ ചികിത്സയിൽ വളരെ പ്രാധാന്യമുള്ള മറ്റു ചില ലക്ഷണങ്ങളുണ്ട്. അവ ഒരു വ്യക്തിയുടെ മാനസികവും, സാമൂഹ്യവുമായ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉത്കണ്ഠ (anxiety), വിഷാദരോഗങ്ങൾ(depressive illness), അനാവശ്യമായ ഭയം (fear), നിഷേധാത്മകമായ നിലപാടുകൾ (negative attitude) കുടുംബപരവും, തൊഴിൽപരവുമായ സംഘർഷങ്ങൾ(domestic and occupational conflicts) എന്നിവ യെല്ലോ ഫ്ളാഗ്സ് ഗ്രൂപ്പിൽ പെടുന്നു. ഇത്തരം ഘടകങ്ങൾ നടുവേദനക്ക് നേരിട്ടുള്ള കാരണങ്ങളല്ല, പക്ഷേ വേദന നീണ്ടു നിൽക്കുന്ന, ചികിത്സ ഫലപ്രദമാകാതിരിക്കുന്ന സ്ഥിതിയുണ്ടാക്കാറുണ്ട്.

വിദഗ്ധ ചികിത്സ തേടേണ്ട സന്ദർഭങ്ങൾ ഇവയാണ്;

1. ദീർഘകാലമായുള്ള നടുവേദന

2. രാത്രിയിലുണ്ടാകുന്ന വേദന

3. കാലുകളിലേക്കു പടരുന്ന വേദന

4.മരുന്നുകളോട് പ്രതികരിക്കാത്ത നടുവേദന

5. ശരീരഭാരം നഷ്ടപ്പെടൽ

6. വിശപ്പില്ലായ്മ

7. കാലുകൾക്കുണ്ടാകുന്ന തളർച്ച

8. വീഴ്ചയുടെയോ കാൻസറിന്‍റെയോ ലക്ഷണം

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഏതെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ന്യൂറോസർജനെയോ സ്പൈൻ സർജനെയോ കാണേണ്ട ആവശ്യകതയുണ്ട്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News