പിറന്നാള്‍ വസ്ത്രമണിയാന്‍ തടി കുറക്കണം; രണ്ടാഴ്ച പച്ചക്കറികള്‍ മാത്രം കഴിച്ച് ഡയറ്റ്, 16കാരി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

ഗുരുതരമായ ഹൈപ്പോകലീമിയ ശ്വാസ തടസ്സത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

Update: 2025-07-22 11:16 GMT
Editor : Lissy P | By : Web Desk

ബീജിങ്: ശരീഭാരം കുറക്കാന്‍ വേണ്ടി എന്ത് കഷ്ടപ്പാടുകളും സഹിക്കാന്‍ തയ്യാറാകുന്ന ധാരാളം പേരുണ്ട്. എന്നാല്‍ കൃത്യമായ നിര്‍ദേശമോ മേല്‍നോട്ടമോ ഇല്ലാതെ നടത്തുന്ന ഡയറ്റുകള്‍ പലപ്പോഴും ജീവന്‍വരെ അപകടത്തിലാക്കാറുണ്ട്.അത്തരമൊരു സംഭവമാണ് ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. 16 വയസ്സുള്ള മെയ് എന്ന പെൺകുട്ടിയുടെ തടി കുറക്കാനുള്ള ശ്രമം കൊണ്ടെത്തിച്ചത് മരണക്കിടക്കയിലാണ്.

രണ്ടാഴ്ച പച്ചക്കറികളും പോഷകങ്ങളും മാത്രം കഴിച്ച് ശരീരഭാരം കുറക്കാനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമം. അതിനൊരു കാരണവുമുണ്ടായിരുന്നു. തന്‍റെ ജന്മദിനത്തിനായി പുതുതായി വാങ്ങിയ വസ്ത്രത്തില്‍ അതി സുന്ദരിയായിരിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍  ഇതിനായുള്ള ശ്രമത്തിനിടെ മരണത്തില്‍ നിന്നാണ് പെണ്‍കുട്ടി കഷ്ടിച്ച് രക്ഷപ്പെട്ടതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

 ആഴ്ചകളോളം നീണ്ടുനിന്ന കടുത്ത ഭക്ഷണക്രമീകരണത്തിന് ശേഷം മെയ് തളര്‍ന്ന് വീണു. കൈകാലുകള്‍ തളര്‍ന്ന് പോകുകയും കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 12 മണിക്കൂര്‍ ഐസിയുവില്‍ കിടത്തുകയും ചെയ്തു.

രണ്ടാഴ്ചയായി മെയ് കുറഞ്ഞ അളവിൽ പച്ചക്കറികളും പോഷകങ്ങളും മാത്രമാണ് കഴിച്ചിരുന്നു.ഇതിന് പിന്നാലെ  രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാം വിധം  താഴുകയും ഇത് 'ഹൈപ്പോകലീമിയ' എന്നറിയപ്പെടുന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചതായും മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി.

"ഗുരുതരമായ ഹൈപ്പോകലീമിയ ശ്വാസ തടസ്സത്തിലേക്കും   ഹൃദയസ്തംഭനത്തിനും കാരണമാകുമെന്ന് മെയിയെ ചികിത്സിച്ച ഡോ. പെങ് മിൻ വിശദീകരിക്കുന്നു. പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അത്യന്താപേക്ഷിതമാണ്. ഇതിന്‍റെ  ഗുരുതരമായ അസന്തുലിതാവസ്ഥ ജീവന്‍ വരെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.  അസന്തുലിതമായ ഭക്ഷണക്രമവും നിർജ്ജലീകരണവും മൂലമാണ് പൊട്ടാസ്യം കുറയുന്നതെന്നും ശരീരത്തില്‍ അവശ്യപോഷകളെല്ലാം സന്തുലിതമായ അളവില്‍ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതും പ്രധാനമാണ്. വാഴപ്പഴം, ചിക്കൻ, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങളെല്ലാം ശരീരത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

അതേസമയം, പൂര്‍ണമായി സുഖം പ്രാപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞിദിവസം മെയ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.ഇനിയൊരിക്കലും താന്‍ തെറ്റ് ചെയ്യില്ലെന്ന് മെയ് ഉറപ്പ് നല്‍കി. തന്റെ പ്രവൃത്തികളിൽ പെണ്‍കുട്ടി അഗാധമായ ഖേദം പ്രകടിപ്പിച്ചു. ഇനി ഒരിക്കലും ഇതുപോലുള്ള ഡയറ്റ് സ്വീകരിക്കില്ലെന്നും അവള്‍ ഉറപ്പു നല്‍കുകയും ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News