തിളച്ച ചായയും കാപ്പിയും ഊതി ഊതി കുടിക്കുന്നവരാണോ? അതിലൊരു കുഴപ്പമുണ്ട്...
പാനീയങ്ങൾ 'ഇളം ചൂടോടെ' കുടിക്കുന്നവരെ അപേക്ഷിച്ച് 'വളരെ ചൂടോടെ' കുടിക്കുന്നവർക്ക് അന്നനാളത്തിലെ സ്ക്വാമസ് സെൽ കാർസിനോമ എന്ന ക്യാൻസർ ബാധിക്കാനുള്ള സാധ്യത 3.17 മടങ്ങ് കൂടുതലാണ്
ചായയും കാപ്പിയും പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഇവ അമിതമായി ചൂടോടെ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ അൽപം ശ്രദ്ധിക്കണം. പാനീയങ്ങളുടെ ചൂട് അന്നനാളത്തിലെ ക്യാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ശാസ്ത്രീയ പഠന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.ചായയോ കാപ്പിയോ ഏതാണെന്നതിനെക്കാൾ അത് എത്ര ചൂടിലാണ് കുടിക്കുന്നത് എന്നതിനാണ് പ്രാധാന്യമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
65 ഡിഗ്രിക്ക് മുകളിലുള്ള പാനീയങ്ങൾ അപകടസാധ്യതയാകാം
65 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയിൽ വിളമ്പുന്ന പാനീയങ്ങളെ മനുഷ്യരിൽ ക്യാൻസറിന് കാരണമായേക്കാവുന്ന ഘടകങ്ങളുടെ വിഭാഗത്തിലാണ് 2016ൽ ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ ഉൾപ്പെടുത്തിയത്.
പത്ത് ലക്ഷത്തോളം പേരുടെ വിവരങ്ങൾ പരിശോധിച്ചു
ഓക്സ്ഫഡ് സർവകലാശാലയിലെ പോഷകാഹാര എപ്പിഡെമിയോളജിസ്റ്റായ കെറൻ പേപ്പിയറും സംഘവും യുകെയിലെ മില്യൺ വിമൻ സ്റ്റഡി, യുകെ ബയോബാങ്ക് എന്നീ രണ്ട് വലിയ പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തു. ആകെ 9,77,282 പേരാണ് പഠനത്തിൽ ഉൾപ്പെട്ടത്.പങ്കെടുത്തവർ ചായയും കാപ്പിയും സാധാരണയായി എത്ര ചൂടിലാണ് കുടിക്കുന്നതെന്ന് രേഖപ്പെടുത്തി. 'വളരെ ചൂട്', 'ചൂട്', 'ഇളം ചൂട്' എന്നിങ്ങനെയായിരുന്നു വിഭാഗങ്ങൾ. ദിവസവും എത്ര കപ്പ് കുടിക്കുന്നുവെന്ന വിവരവും ശേഖരിച്ചു.
വളരെ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നവർക്ക് കൂടുതൽ അപകടസാധ്യത
പഠനത്തിൽ, പാനീയങ്ങൾ 'ഇളം ചൂടോടെ' കുടിക്കുന്നവരെ അപേക്ഷിച്ച് 'വളരെ ചൂടോടെ' കുടിക്കുന്നവർക്ക് അന്നനാളത്തിലെ സ്ക്വാമസ് സെൽ കാർസിനോമ എന്ന ക്യാൻസർ ബാധിക്കാനുള്ള സാധ്യത 3.17 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. 'ചൂടോടെ' കുടിക്കുന്നവരിൽ ഈ സാധ്യത 69 ശതമാനവും കൂടുതലാണ്.
ദിവസവും ആറോ അതിലധികമോ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നവരിൽ, ആറിനേക്കാൾ കുറവ് കുടിക്കുന്നവരെ അപേക്ഷിച്ച് ഈ ക്യാൻസറിന്റെ സാധ്യത 71 ശതമാനം കൂടുതലാണെന്നും പഠനം കണ്ടെത്തി. പാനീയം പ്രധാനമായും ചായയാണോ കാപ്പിയാണോ എന്നതനുസരിച്ച് ഇതിൽ കാര്യമായ വ്യത്യാസം കണ്ടില്ല. പാൽ ചേർക്കുന്നതും താപനിലയുമായി ബന്ധപ്പെട്ട അപകടസാധ്യതയിൽ കാര്യമായ മാറ്റമുണ്ടാക്കിയില്ല.
ചൂട് കുറച്ചാൽ അപകടസാധ്യത കുറയുമോ?
വളരെ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നവർ അവയുടെ താപനില കുറയ്ക്കുന്നത് അന്നനാളത്തിലെ ക്യാൻസർ കേസുകൾ കുറയ്ക്കാൻ സഹായിച്ചേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.വളരെ ചൂടുള്ള ദ്രാവകങ്ങൾ ശരീരകലകളിൽ മുറിവുകളും തകരാറുകളും സൃഷ്ടിക്കാമെന്ന് മൃഗങ്ങളിൽ നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
ചായയും കാപ്പിയും കുടിക്കുമ്പോൾ ശ്രദ്ധിക്കാം
ചായയോ കാപ്പിയോ പൂർണമായി ഒഴിവാക്കണമെന്നല്ല ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. തിളച്ച ഉടൻ കുടിക്കുന്നതിനുപകരം അൽപനേരം തണുക്കാൻ അനുവദിക്കുന്നതാണ് ഉചിതം. വായയ്ക്കും നാവിനും പൊള്ളലേൽക്കുന്നത്ര ചൂടുള്ള പാനീയങ്ങൾ ഒഴിവാക്കുകയും ചെയ്യാം.പാനീയങ്ങളുടെ താപനിലയും അന്നനാളത്തിലെ ക്യാൻസർ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഈ പഠനഫലങ്ങൾ International Journal of Cancer എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.