അരുത് അലംഭാവം! നിങ്ങളുടെ കുട്ടിക്ക് ആരോഗ്യകരമായ ഭാവി നൽകാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ആരോഗ്യകരമായ ബാല്യം, ഭാവിയിൽ ആരോഗ്യകരമായ ഒരു ജീവിതത്തിന്റെ അടിത്തറയാണ്. അതുകൊണ്ട് തന്നെ, കുട്ടികളുടെ ശരീര ഭാരം ആരോഗ്യകരമായ നിലയിൽ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്

Update: 2025-11-28 13:23 GMT

ആരോഗ്യകരമായ ബാല്യം, ഭാവിയിൽ ആരോഗ്യകരമായ ഒരു ജീവിതത്തിന്റെ അടിത്തറയാണ്. അതുകൊണ്ട് തന്നെ, കുട്ടികളുടെ ശരീര ഭാരം ആരോഗ്യകരമായ നിലയിൽ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ശരീരഭാര സൂചിക (BMI) അനുസരിച്ച് ഭാരം കുറഞ്ഞവർ, സാധാരണ ഭാരമുള്ളവർ, അമിതഭാരം, എന്നിങ്ങനെ മൂന്നായാണ് തരംതിരിച്ചിട്ടുള്ളത്. അതിൽ തന്നെ പൊണ്ണത്തടിയെ ക്ലാസ് 1, 2, 3 എന്നിങ്ങനെ വീണ്ടും തരംതിരിക്കുന്നു.

എന്നാൽ, തൂക്കത്തിൽ കാര്യമായ വ്യത്യാസം കാണിക്കുന്നതിന് മുമ്പ് തന്നെ കുട്ടികളിൽ അനാരോഗ്യകരമായ ഭാരം വർധിക്കുന്നുണ്ടോ എന്ന് സൂചന നൽകുന്ന ചില ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് വഴി, പ്രശ്‌നം ഗുരുതരമായി മാറുന്നതിന് മുമ്പ് തന്നെ മാതാപിതാക്കൾക്ക് ഇടപെടാനും ആരോഗ്യകരമായ ശീലങ്ങളിലേക്ക് കുട്ടികളെ നയിക്കാനും സാധിക്കും.

Advertising
Advertising

കുട്ടിക്കാലത്ത് അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയവരിൽ ഏകദേശം 80% പേരിലും മുതിർന്നവരാകുമ്പോഴും പൊണ്ണത്തടി നിലനിൽക്കുകയും പ്രമേഹം, ഉയർന്ന രക്തസമ്മർദം, സന്ധിവാതം തുടങ്ങിയ ഗുരുതരമായ ജീവിതശൈലീ രോഗങ്ങളുടെ വലിയ അപകടസാധ്യത നേരിടുകയും ചെയ്യുന്നു. വിശക്കുമ്പോൾ സ്‌നാക്‌സുകൾ നൽകുന്നതും ശാഠ്യം മാറ്റാൻ അധിക സ്‌ക്രീൻ സമയം അനുവദിക്കുന്നതും താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, ഇത് കുട്ടികളിൽ അനാരോഗ്യകരമായ ഭാരം വർധിപ്പിക്കുന്നതിന് കാരണമായേക്കാം.

എല്ലാ ഭാരവ്യത്യാസങ്ങളും പെട്ടെന്ന് തൂക്കത്തിൽ കാണിക്കണമെന്നില്ല. അതുകൊണ്ട് തന്നെ, തന്റെ കുട്ടിക്ക് അനാരോഗ്യകരമായ ഭാരമുണ്ടോ എന്ന് മനസ്സിലാക്കാൻ മാതാപിതാക്കൾ അവരുടെ ദൈനംദിന ശീലങ്ങളിലും ഊർജനിലകളിലും ശ്രദ്ധിക്കേണ്ട ചില സൂചനകൾ ഇതൊക്കെയാണ്;

ഭാരം പെട്ടെന്നും സ്ഥിരമായും കൂടുന്നു

കുട്ടിയുടെ ഉയരത്തിൽ കാര്യമായ മാറ്റമില്ലാതെ കുറഞ്ഞ സമയത്തിനുള്ളിൽ ഭാരം വേഗത്തിൽ വർധിക്കുന്നുണ്ടെങ്കിൽ, അത് ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടി തുടങ്ങുന്നതിന്റെ സൂചനയായിരിക്കാം.

ഭക്ഷണത്തിന്റെ അളവ് കൂടുന്നതും ഇടയ്ക്കിടെ സ്‌നാക്‌സ് കഴിക്കുന്നതും

ഭക്ഷണം കഴിച്ച ഉടനെ വീണ്ടും വിശക്കുന്നു എന്ന് പറയുകയോ, ഹോംവർക്ക് ചെയ്യുമ്പോഴും ടിവി കാണുമ്പോഴും ലഘുഭക്ഷണം കഴിക്കാൻ താൽപര്യം കാണിക്കുകയോ ചെയ്താൽ, അത് യഥാർഥ വിശപ്പല്ല, മറിച്ച് ശീലം കാരണം വിശപ്പിന്റെ നിയന്ത്രണം തെറ്റുന്നതിന്റെ ലക്ഷണമാണ്.

ഭക്ഷണം വൈകാരികമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു

വിരസത, ദുഃഖം, അല്ലെങ്കിൽ സന്തോഷം എന്നിവ മറികടക്കാൻ ഭക്ഷണം ഉപയോഗിക്കുന്ന ശീലം അനാരോഗ്യകരമായ ഭാരത്തിന് വഴിയൊരുക്കും. സന്തോഷിക്കുമ്പോൾ പ്രതിഫലമായി ട്രീറ്റുകൾ വാങ്ങിക്കൊടുക്കുക, സങ്കടപ്പെടുമ്പോൾ ആശ്വാസത്തിനായി പലഹാരങ്ങൾ നൽകുക, തുടങ്ങിയ ശീലം നല്ലതല്ല. ഇത്തരം വൈകാരികമായ ഭക്ഷണരീതികൾ ശ്രദ്ധിക്കണം.

പെട്ടെന്ന് ക്ഷീണിക്കുന്നതും കളിക്കാൻ മടികാണിക്കുന്നതും

കളിക്കുമ്പോൾ പെട്ടെന്ന് കിതയ്ക്കുക, വ്യായാമം ഒഴിവാക്കുക, അല്ലെങ്കിൽ വേഗത്തിൽ തളർന്നുപോവുക എന്നിവ അധിക ഭാരം കാരണം ശരീരത്തിന് താങ്ങാൻ കഴിയാത്തതിന്റെ സൂചനയാകാം. ഇത് കൂടുതൽ നിഷ്‌ക്രിയരാവുന്നതിലേക്ക് കുട്ടികളെ നയിക്കും.

ഉറക്കക്കുറവ് അല്ലെങ്കിൽ കൂർക്കംവലി

കുട്ടികളിലെ കൂർക്കംവലിയെ നിസ്സാരമായി കാണരുത്. അമിതഭാരം സ്ലീപ് അപ്നിയ, ശ്വാസതടസ്സങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യാം.

അരയിലും കഴുത്തിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത്

വയറിന് ചുറ്റും കൊഴുപ്പ് കൂടുക, കഴുത്തിന് ചുറ്റും ഇരുണ്ട മടക്കുകൾ (കറുപ്പ് നിറം, അക്കാന്തോസിസ് നിഗ്രിക്കൻസ്) കാണുക, ഇരട്ടത്താടി രൂപപ്പെടുക എന്നിവ പ്രാരംഭ ഇൻസുലിൻ പ്രതിരോധത്തിന്റെ ലക്ഷണമാകാം.

ആത്മവിശ്വാസം കുറയുന്നതും ഒറ്റപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്നതും

ശരീരഭാരം കൂടുന്നത് കുട്ടികളുടെ ആത്മാഭിമാനത്തെ ബാധിച്ചേക്കാം, പ്രത്യേകിച്ച് കളിയാക്കലുകൾ നേരിടുമ്പോൾ. കൂട്ടുകാരിൽ നിന്ന് ഒഴിഞ്ഞുമാറുകയോ മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരികയോ ചെയ്യുന്നത് ശ്രദ്ധിക്കണം.

കുട്ടികൾ വളരെ വേഗത്തിൽ മാറ്റങ്ങളോട് പൊരുത്തപ്പെടുന്നവരാണ് എന്നാണ് അഭിപ്രായം. ആരോഗ്യകരമായ ശീലങ്ങൾ അവരുടെ ജീവിതശൈലിയുടെ ഭാഗമാക്കിയാൽ, ശരീരം പെട്ടെന്ന് പ്രതികരിക്കുകയും നല്ല ഫലങ്ങൾ കാണിക്കുകയും ചെയ്യും.

കുട്ടികളുടെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് ലളിതവും ഫലപ്രദവുമായ വഴികൾ താഴെ കൊടുക്കാം:

കുടുംബത്തോടൊപ്പം ദിവസവും വ്യായാമം ചെയ്യുക

ദിവസവും 20-30 മിനിറ്റ് കുടുംബാംഗങ്ങൾക്കൊപ്പം ഒരുമിച്ച് വ്യായാമം ചെയ്യുക എന്നത് ഒരു ശീലമാക്കുക. നടക്കുക, സൈക്കിൾ ചവിട്ടുക, അല്ലെങ്കിൽ ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന ഏത് കായിക വിനോദത്തിലും ഏർപ്പെടുക.

ജങ്ക് ഫുഡ് പൂർണമായി ഒഴിവാക്കാതെ 'സ്വാപ്പ്' ചെയ്യുക

ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പൂർണമായി നിരോധിക്കുന്നതിന് പകരം, ജങ്ക് ഫുഡിന് പകരം ആരോഗ്യകരമായവ നൽകുക. ചെറിയ മാറ്റങ്ങൾ പോലും ഭാവിയിലേക്കുള്ള നല്ല ശീലങ്ങൾ ഉണ്ടാക്കാൻ സഹായിക്കും.

 'സ്‌ക്രീൻ ലാസ്റ്റ്' നിയമം നടപ്പിലാക്കുക

വ്യായാമം, ഭക്ഷണം, ഹോംവർക്ക് എന്നിവ പൂർത്തിയാക്കിയ ശേഷം മാത്രം സ്‌ക്രീൻ സമയം അനുവദിക്കുക. ഇത് സ്‌ക്രീൻ ഉപയോഗം കുറയ്ക്കാൻ സഹായിക്കും.

ഈ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിലൂടെയും ജീവിതശൈലിയിൽ ശരിയായ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും, കുട്ടികളെ ആരോഗ്യകരമായ ഭാരത്തിലേക്കും മെച്ചപ്പെട്ട ഭാവിലേക്കും നയിക്കാൻ മാതാപിതാക്കൾക്ക് സാധിക്കും.

ശ്രദ്ധിക്കുക: ഈ ലേഖനം വിവരങ്ങൾ നൽകുന്നതിന് മാത്രമുള്ളതാണ്. കുട്ടികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഭാരം കുറയ്ക്കുന്നതിനെക്കുറിച്ചോ ഉള്ള ഏത് ചോദ്യത്തിനും പ്രൊഫഷണൽ ഡോക്ടറുടെ ഉപദേശം തേടുക.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News