‘ബീഫ് കഴിക്കരുതേ കാൻസറുണ്ടാക്കും’;വാദത്തിലെ വസ്തുതയെന്ത്...
റെഡ്മീറ്റ് കഴിക്കുന്നത് കോളൻ കാൻസറിന് കാരണമാകുന്നതായി സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നു. ഇതിലെന്തെങ്കിലും വസ്തതുയുണ്ടോ? പരിശോധിക്കാം
അയ്യോ! ഇനി ബീഫ് കഴിക്കാമോ? അത് കാൻസറുണ്ടാക്കുമത്രേ! ഇങ്ങനെ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. റെഡ്മീറ്റ് അഥവാ ചുവന്ന മാംസം കഴിക്കുന്നത് കോളൻ കാൻസറിന് കാരണമാകുമെന്നൊരു പ്രസ്താവനയാണ് ഈ കോളിളക്കത്തിന് പിന്നിൽ. മലയാളിയെ സംബന്ധിച്ച് ബീഫും, പോർക്കും, മട്ടനുമൊന്നില്ലാത്ത ഭക്ഷണശീലം അത്രയെളുപ്പമല്ല. അത്രയേറെ പ്രിയപ്പെട്ട വിഭവം വേണ്ടെന്ന് വെക്കേണ്ടി വരുമല്ലോ എന്നോർത്ത് വിഷമിക്കാൻ വരട്ടെ, ഇതിലെന്തെങ്കിലും വസ്തുതയുണ്ടോ? അതോ പാശ്ചാത്ത്യ രാജ്യങ്ങളിലെ കണ്ടെത്തലുകൾ വെറുതെയങ്ങ് ഇറക്കുമതി ചെയ്യുന്നതോ? പരിശോധിക്കാം.
ഇന്ത്യയുടെ ഭക്ഷണരീതി, ജീവിതശൈലി, ജനിതക ഘടന എന്നിവ വെച്ച് നോക്കുമ്പോൾ, ഈ 'റെഡ് മീറ്റ് പേടി' തീർത്തും തെറ്റിദ്ധാരണാജനകമാണ്. ഭയം അടിസ്ഥാനമാക്കിയുള്ള പോഷകാഹാര ഉപദേശങ്ങൾക്ക് പകരം, വസ്തുതകളെന്താണെന്ന് നോക്കാം.
ചുവന്ന മാംസത്തെക്കുറിച്ചുള്ള ഭൂരിഭാഗം ഗവേഷണങ്ങളും നടന്നിട്ടുള്ളത് യൂറോപ്പിലും അമേരിക്കയിലുമാണ്. അവിടുത്തെ ഉപഭോഗവും നമ്മുടെ ഉപഭോഗവും തമ്മിൽ വലിയ രീതിയിലുള്ള അന്തരമുണ്ട്. ഒരു അമേരിക്കൻ പൗരൻ വർഷത്തിൽ 35 മുതൽ 40 കിലോ വരെ ചുവന്ന മാംസം കഴിക്കുമ്പോൾ, ഒരു ശരാശരി ഇന്ത്യക്കാരന്റെ ഉപഭോഗം കേവലം നാലു മുതൽ അഞ്ചു കിലോ മാത്രമാണ്. പോഷകാഹാരത്തിന്റെ കാര്യത്തിൽ 'അളവ്' വളരെ നിർണായകമാണ്. ഉയർന്ന ഉപഭോഗം അടിസ്ഥാനമാക്കിയുള്ള പഠന ഫലങ്ങൾ, വളരെ കുറഞ്ഞ ഉപഭോഗം മാത്രമുള്ള ഇന്ത്യക്കാരിലേക്ക് അതേപടി പകർത്തിവെക്കുന്നതിൽ യാതൊരു യുക്തിയുമില്ല.
റെഡ്മീറ്റിനെപ്പറ്റിയുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകൾ പ്രധാനമായും ലക്ഷ്യമിടുന്നത് സംസ്‌കരിച്ച മാംസങ്ങളെയാണ്. ബേക്കൺ, സോസേജുകൾ, ഹാം തുടങ്ങിയ പ്രോസസ്ഡ് ഭക്ഷണങ്ങളിൽ നൈട്രേറ്റുകൾ, നൈട്രൈറ്റുകൾ തുടങ്ങിയ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, മഞ്ഞളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് വീട്ടിൽ പാകം ചെയ്യുന്ന ഫ്രഷ് കറി ഈ അപകടസാധ്യതയുള്ള വിഭാഗത്തിൽപ്പെടുന്നില്ല. ഓൺലൈൻ ചർച്ചകളിൽ ഈ നിർണായക വ്യത്യാസം സൗകര്യപൂർവം ഒഴിവാക്കപ്പെടുകയാണ് ചെയ്യുന്നത്.
ഇന്ത്യൻ കാൻസർ രജിസ്ട്രി പ്രോഗ്രാമുകൾ പരിശോധിക്കുമ്പോൾ, കോളൻ കാൻസറിന് പിന്നിലെ യഥാർഥ കാരണങ്ങൾ മറ്റ് ചില ജീവിതശൈലികളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. വ്യായാമമില്ലാത്ത ജീവിതശൈലിയും അമിതവണ്ണവും ഇതിലൊരു കാരണമാണ്. ശരീരഭാരം കൂടുന്നതും മെറ്റബോളിക് സിൻഡ്രോമുകളും കാൻസർ സാധ്യത വർധിപ്പിക്കുന്നു. കൂടാതെ, ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലെ കുറവും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ അമിതോപയോഗവും കാൻസറിന്റെ കാരണങ്ങളായി ആരോഗ്യവിദഗ്ധർ കാണിക്കുന്നു.
ദഹനനാളത്തിലെ കാൻസറുകളുടെ ശക്തമായ കാരണങ്ങളായി വിദഗ്ധർ പറയുന്നത് പുകവലിയാണ്. വർധിച്ചുവരുന്ന മദ്യപാനവും കാൻസറിന്റെ പ്രധാന കാരണങ്ങളിലുണ്ട്. മാംസാഹാരം അധികം കഴിക്കാത്തവർ പോലും ഇന്ന് കാൻസർ രോഗികളാകുന്നുണ്ടെന്നിരിക്കെ ഒരു ഭക്ഷണത്തെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല.
നമ്മുടെ പരമ്പരാഗത ഭക്ഷണക്രമം റെഡ്മീറ്റിന്റെ ദോഷഫലങ്ങളെ ഒരു പരിധി വരെ ലഘൂകരിക്കുന്നു. മഞ്ഞൾ, ഇഞ്ചി, ജീരകം, പുളിപ്പിച്ച ഭക്ഷണങ്ങളായ തൈര് എന്നിവയെല്ലാം കുടലിന്റെ ആരോഗ്യം നിലനിർത്താനും, ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. റെഡ്മീറ്റ് ഈ 'ഹെൽത്ത് ഇക്കോസിസ്റ്റ'ത്തിൽ കഴിക്കുമ്പോൾ അതിന്റെ അപകടസാധ്യത കുറയുന്നു. ഇന്ത്യൻ ഭക്ഷണത്തിലെ ഈ ഘടകങ്ങളെ പാശ്ചാത്യ ഗവേഷണങ്ങൾ പരിഗണിക്കാറില്ല.
കേരളവും ഗോവയും പോലുള്ള മാംസ ഉപഭോഗം കൂടുതലുള്ള സംസ്ഥാനങ്ങൾ കാൻസറിന്റെ ഹോട്ട്‌സ്‌പോട്ടുകൾ അല്ലാത്തത് എന്തുകൊണ്ട്? ഈ ഒരൊറ്റ ചോദ്യത്തിൽ ഈ ഓൺലൈൻ ചർച്ചയുടെ മുന ഒടിയുന്നുണ്ട്. മിതമായ അളവിൽ, വീട്ടിൽ ശുചിയായി പാകം ചെയ്യുന്ന ചുവന്ന മാംസം നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമല്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. വ്യായാമമില്ലാത്ത ദിനചര്യ, ഫൈബർ തീരെയില്ലാത്ത ഭക്ഷണം, മെറ്റബോളിക് പ്രശ്നങ്ങൾ എന്നിവയാണ് കാൻസർ സാധ്യത വർധിപ്പിക്കുന്ന യഥാർഥ 'വില്ലന്മാർ'.
പേടിയല്ല, അറിവും യുക്തിയുമാണ് നമ്മുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യം. സമീകൃതമായ ജീവിതശൈലിയിലൂടെ നമുക്ക് കാൻസറിനെ പ്രതിരോധിക്കാം.