മുട്ട ഇഷ്ടമല്ല,എന്നാല്‍ പ്രോട്ടീനും വേണം.. ; നിങ്ങള്‍ക്കിതാ നാല് സൂപ്പര്‍ ഫുഡ്
ഒരു മുട്ടയില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്
പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് മുട്ടയെന്ന് നമുക്കറിയാം.ഒരു മുട്ടയില്‍ നിന്ന് ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ ലഭിക്കുമെന്നാണ് കണക്കുകള്‍. ദഹനവ്യവസ്ഥക്കും പ്രതിരോധ ശേഷിയുണ്ടാക്കാനും പ്രോട്ടീന്‍ അത്യാവശ്യമാണ്. അതേസമയം, മുട്ട ഇഷ്ടമല്ലാത്തവരും സസ്യാഹാരികളും ധാരാളമുണ്ട്.
മുട്ട കഴിക്കാതെ പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കാന്‍ എന്തുകഴിക്കുമെന്നാണ് ഇവരെ പ്രധാനമായും അലട്ടുന്ന പ്രശ്നം. മുട്ടയോളമോ അതെല്ലെങ്കില്‍ മുട്ടയേക്കാളും പ്രോട്ടീന്‍ നല്‍കുന്ന നിരവധി ഭക്ഷണങ്ങളുമുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാന്‍ താല്‍പര്യപ്പെടുന്നവരാണോ...എങ്കില്‍ മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ 4 സൂപ്പർഫുഡുകൾ ഇതാ:
ചിക്‌പീസ് / വെള്ളക്കടല
പ്രോട്ടീൻ അളവ് വർധിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ചിക്‌പീസ് അഥവാ വെള്ളക്കടല. അര കപ്പ് ചിക്‌പീസില്‍ ഏകദേശം 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.അറബ് രാഷ്ട്രങ്ങളിൽ ഏറെ പ്രചാരത്തിലുള്ള ഭക്ഷ്യ വിഭവമാണ് ഹമ്മൂസ്. ഡിപ്പായി ഉപയോഗിക്കുന്ന ഹമ്മൂസിലെ പ്രധാന ചേരുവ കൂടിയാണിത്. കൂടാതെ ചിക് പീസ് വിവിധ സാലഡുകളിലും സൂപ്പുകളിലും ചേര്‍ത്ത് കഴിക്കാറുണ്ട്. സാലഡില്‍ ചേര്‍ത്ത് കഴിക്കുന്നത് പോഷകമൂല്യവും വര്‍ധിപ്പിക്കും.
പനീർ
പാലിൽ നിന്നുണ്ടാക്കുന്ന ഉൽപ്പന്നമായ പനീർ സസ്യാഹാരപ്രിയരുടെ ഭക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രോട്ടീന് പുറമെ വൈറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് പനീർ. അര കപ്പ് പനീറില്‍ ഏകദേശം 12 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചുരുക്കത്തില്‍ പ്രോട്ടീൻ പവർഹൗസാണ് പനീര്‍. പനീറുകൊണ്ട് വൈവിധ്യമാർന്ന വിഭവങ്ങളുമുണ്ടാക്കാം. പനീർ ബട്ടർ മസാല,പനീർ ടിക്ക,പനീർ ടിക്ക,പനീർ പറാത്ത തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങളും പനീർ കൊണ്ടാക്കാം..
ബദാം
പ്രോട്ടീന്റെ മറ്റൊരു മികച്ച ഉറവിടമാണ് ബദാം.ബദാം,ബദാം ബട്ടര്‍ എന്നിവ കഴിക്കുന്നതിലൂടെ പ്രോട്ടീന്‍ ശരീരത്തില്‍ കൂടുതലായി ലഭിക്കും.
2 ടേബിൾസ്പൂണ്‍ ആല്‍മണ്ട് ബട്ടറില്‍ 7 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, കൂടാതെ ഹൃദയാരോഗ്യകരമായ കൊഴുപ്പുകളും ഇതിലടങ്ങിയിട്ടുണ്ട്. ഒരു മിക്സിയും കുറച്ച് ബദാമുണ്ടെങ്കില്‍ നിങ്ങള്‍ക്കും ആല്‍മണ്ട് ബട്ടര്‍ ഉണ്ടാക്കാം..
പംപ്‌കിൻ സീഡ് (മത്തങ്ങാക്കുരു)
സാലഡ്, സ്മൂത്തി എന്നിവയിലെല്ലാം പംപ്‌കിൻ സീഡ് ഉപയോഗിക്കാം.. ഔൺസില്‍ 8.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സിങ്ക്, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സെലിനിയം തുടങ്ങിയ മറ്റ് പോഷകഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും മികച്ച ദഹനത്തിനും പംപ്‌കിൻ സീഡ് കഴിക്കുന്നത് നല്ലതാണ്.