ഈ ഭക്ഷണങ്ങള്‍ രാവിലെ വെറും വയറ്റിൽ കഴിക്കരുത് !

വെറും വയറ്റിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും

Update: 2024-01-04 11:29 GMT
Editor : Lissy P | By : Web Desk
Advertising

ഒരു ദിവസത്തെ മുഴുവൻ ആരോഗ്യകരമായി നിർത്തുന്നതിൽ പ്രഭാത ഭക്ഷണത്തിനുള്ള പങ്ക് എല്ലാവർക്കുമറിയാം. എന്നിരുന്നാലും പലരും പ്രഭാത ഭക്ഷണം ഒഴിവാക്കുകയോ, എന്തെങ്കിലും കഴിച്ചെന്ന് വരുത്തുകയോ ആണ് ചെയ്യുന്നത്. രാവിലെ എന്തുകഴിക്കുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്..ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. രാവിലെ വെറും വയറ്റിൽ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

തേൻ-നാരങ്ങ വെള്ളം

നാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് വെറും വയറ്റിൽ കുടിക്കുന്നത് ദോഷം ചെയ്യുമെന്ന് പോഷകാഹാര, വെൽനസ് വിദഗ്ധയായ നേഹ സഹായ പറയുന്നു. തേനിന് പഞ്ചസാരയേക്കാൾ കൂടുതൽ കലോറിയും ഗ്ലൈസെമിക് ഇൻഡക്‌സും കൂടുതലാണ്.ഇന്ന് വിപണയിൽ കിട്ടുന്ന പല തേനുകളും വ്യാജനാണ്. പഞ്ചസാര സിറപ്പുകളാണ് ഭൂരിഭാഗം തേനുകളിലും അടങ്ങിയിരിക്കുന്നത്. ദിവസവും തേനും നാരങ്ങവെള്ളവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുമെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയില്‍ പറയുന്നു.


ചായയും കാപ്പിയും

ഒഴിഞ്ഞ വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്നത് ആമാശയത്തിലെ ആസിഡുകളെ ഉത്തേജിപ്പിക്കും. ഇത് വയറിനെ അസ്വസ്ഥമാക്കുകയും ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. കൂടാതെ രാവിലെ എഴുന്നേൽക്കുമ്പോൾ സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും. കഫീന് അകത്ത് ചെല്ലുന്നത് വഴി ഹോർമോൺ അളവ് കൂട്ടും.. രാവിലെ ചായ വേണമെന്ന് നിർബന്ധമുള്ളവർ ഭക്ഷണം കഴിച്ചതിന് ശേഷം കുടിക്കാമെന്നും വിദഗ്ധർ പറയുന്നു.


പഴങ്ങൾ

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് പഴങ്ങൾ. എന്നാൽ മറ്റ് ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് പഴങ്ങൾ വളരെ വേഗത്തിൽ ദഹിക്കും. രാവിലെ ഭക്ഷണമായി പഴങ്ങൾ കഴിച്ചാൽ പെട്ടന്ന് തന്നെ വിശക്കാനും കാരണമാകും. ഇതിന് പുറമെ സിട്രസ് പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുമെന്നും നേഹ സഹായ പറയുന്നു.


മധുരഭക്ഷണങ്ങൾ

വെറും വയറ്റിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മധുരമുള്ള പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. കൂടാതെ പെട്ടന്ന് തന്നെ വിശക്കാനും ഇത് കാരണമാകും.അതുകൊണ്ട് പ്രോട്ടീനും വിറ്റമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.



 


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News