ഇടക്കിടക്ക് നെഞ്ച് വേദനിക്കാറുണ്ടോ?; ഗ്യാസാണോ ഹൃദയാഘാതമാണോ എന്ന് എങ്ങനെ തിരിച്ചറിയാം....
ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നതാണ് പല മരണങ്ങള്‍ക്കും കാരണം
ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണനിരക്ക് ഇന്ത്യയിലാകെ വര്‍ധിച്ചുവരികയാണ്.പ്രായഭേദമന്യേ ഹൃദയാഘാതം ആളുകളുടെ ജീവനെടുത്തുകൊണ്ടിരിക്കുകയാണ്.എന്നാല്‍ പലപ്പോഴും ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുകയും ശരിയായ വൈദ്യസഹായം കിട്ടാതിരിക്കുകയും ചെയ്യുന്നതാണ് മരണങ്ങള്‍ക്ക് കാരണം.
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങളിലൊന്ന്.എന്നാല്‍ പലരും നെഞ്ച് വേദന വരുന്നത് ഗ്യാസ്ട്രബിളിന്‍റെ പ്രശ്നമാണെന്ന് കരുതി നിസാരമാക്കാറുണ്ട്.വലിയ രീതിയില്‍ അസ്വസ്ഥതകളുണ്ടാക്കുമെങ്കിലും ഗ്യാസ് ട്രബിള്‍ അത്ര അപകടകാരിയല്ല. എന്നാല്‍ ഹൃദയാഘാതമാണെങ്കില്‍ അതിന് കൃത്യമായ വൈദ്യ സഹായം കിട്ടേണ്ടത് അത്യാവശ്യമാണ്.അല്ലെങ്കില്‍ അത് ജീവന്‍ വരെ അപഹരിച്ചേക്കും. നെഞ്ചുവേദനിക്കുന്നത് ഗ്യാസ് ട്രബിളാണോ ഹൃദയാഘാതമാണോ എന്ന് എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം...
ഗ്യാസ് ട്രബിളോ ഹൃദയാഘതമോ?
ഗ്യാസ് ട്രബിള്‍ മൂലമുണ്ടാകുന്ന വേദന ആമാശയത്തിന്റെ മുകൾ ഭാഗത്തും നെഞ്ചിന്റെ അടിഭാഗത്തുമാണ് അനുഭവപ്പെടാറുള്ളത്.ശരീരം ചലിക്കുന്നതിനനുസരിച്ച് വേദനയുടെ സ്ഥാനം മാറി വരികയും ചെയ്യും.കൂടാതെ വയറു വീര്‍ക്കല്‍,തികട്ടി വരിക തുടങ്ങിയവും അനുഭവപ്പെടുകയും ചെയ്യും. മലമൂത്രം വിസര്‍ജനം നടത്തുമ്പോഴോ,ഗ്യാസ് പുറംതള്ളുമ്പോഴോ ഈ ലക്ഷണങ്ങള്‍ക്ക് കുറവ് തോന്നാം.
എന്നാല്‍ ഹൃദയാഘാതത്തിന്റെ ലക്ഷണം പലപ്പോഴും തീവ്രമായിരിക്കും. വേദന ഇടതു കൈ, താടിയെല്ല്, കഴുത്ത്, പുറം എന്നിവയിലേക്ക് നീങ്ങുകയും ചെയ്യും. വേദന ശരീരത്തിലുടനീളം നീങ്ങുന്നതായി അനുഭവപ്പെടുകയും ചെയ്യും.ഈ അസ്വസ്ഥത സ്ഥിരമായി തുടരുകയും ചെയ്യും.
വേദനയുടെ ദൈർഘ്യം
ഗ്യാസ് വേദനയുടെ ദൈർഘ്യം സാധാരണയായി ഏതാനു മിനിറ്റുകള്‍ മുതൽ രണ്ട് മണിക്കൂർ വരെ നീണ്ടു നില്‍ക്കാം. ഗ്യാസ് മൂലമുള്ള വേദന ഇടക്കിടക്ക് പ്രത്യക്ഷപ്പെടുകയും പിന്നെ ഇല്ലാതാകുകയും ചെയ്യും. വയര്‍ വല്ലാതെ വീര്‍ക്കുകയും ചെയ്യും.
ഹൃദയാഘാത വേദനയുടെ ദൈർഘ്യം 15-20 മിനിറ്റിൽ കൂടുതലായിരിക്കും.എന്നാല്‍ വിശ്രമിച്ചാലോ ശരീരം ചലിക്കുന്ന സമയത്തോ വേദനക്ക് ആശ്വാസം തോന്നില്ല. വേദന അതിന്റെ സ്ഥിരമായമായി നില്‍ക്കുകയും ഒടുവില്‍ തീവ്രമാകുകയും ചെയ്യും.
മറ്റ് ലക്ഷണങ്ങൾ
ഗ്യാസ് ട്രബിളിന്‍റെ ലക്ഷണങ്ങളിൽ വയറുവേദന, നേരിയ ദഹനക്കേട് എന്നിവ ഉൾപ്പെടുന്നു.ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിൽ കടുത്ത ശ്വാസതടസ്സം, അമിതമായി വിയര്‍ക്കുക. തലകറക്കം, ഓക്കാനം, ക്ഷീണം എന്നിവയുമുണ്ടാകും. ചില ഹൃദയാഘാത രോഗികൾക്ക് കൈകളിലോ കാലുകളിലോ ബലഹീനത അനുഭവപ്പെടുന്നു. പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾക്ക് അസാധാരണമായ ക്ഷീണവും വയറുവേദനയും അനുഭവപ്പെടാം.
അടിയന്തര സഹായം തേടേണ്ടത് എപ്പോൾ
നെഞ്ചുവേദന കൈയിലേക്കോ താടിയെല്ലിലേക്കോ നീങ്ങുകയും വിയർപ്പും ശ്വാസതടസ്സവും ഉണ്ടാകുകയും ചെയ്യുമ്പോൾ അടിയന്തര വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്.എന്നാല്‍ സ്വയം ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കരുത്.ആംബുലന്‍സ് സേവനം ആവശ്യപ്പെടുകയോ,അതല്ലെങ്കില്‍ ബന്ധുക്കളുടെ കൂടെ പോകുകയോ ചെയ്യുക.
ഗ്യാസ് വേദനയുടെ അസ്വസ്ഥത സാധാരണയായി ആരോഗ്യത്തിന് ഭീഷണിയല്ല, ഏമ്പക്കം ഇട്ടുകഴിഞ്ഞാല്‍ ചിലര്‍ക്ക് ആശ്വാസം ലഭിക്കും. എന്നാല്‍ നെഞ്ചുവേദന കഠിനമാകുകയും ഛർദ്ദി, പനി അല്ലെങ്കിൽ മറ്റ് ലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോൾ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഗുരുതരമായ ദഹനസംബന്ധമായ പ്രശ്നമോ ഹൃദയ സംബന്ധമായ അസുഖത്തിനോ ഇത് കാരണമായേക്കാം.ഡോക്ടറുടെ ചികിത്സ തേടി വേണ്ട പരിശോധനകള്‍ നടത്താനായി ശ്രദ്ധിക്കുക.
ആരോഗ്യകരമായ ശീലങ്ങൾ
ചെറിയ അളവിൽ ഭക്ഷണം കഴിക്കുകയും, ഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതാണ് ഗ്യാസ്ട്രബിളിനെ അകറ്റാനുള്ള മാര്‍ഗം.
ഭാരം നിയന്ത്രിക്കൽ, വ്യായാമം, പുകവലി നിർത്തൽ, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ നിയന്ത്രണം, ആവശ്യത്തിന് വെള്ളം കുടിക്കുക തുടങ്ങിയ ഹൃദയാരോഗ്യത്തിന് നല്ലതാണ്.