സി.ടി സ്‌കാൻ, എം.ആർ.ഐ, എക്‌സറേ ഇനിയില്ല? ഐ സ്‌കാനിലൂടെ ഹൃദ്രോഗം അറിയാൻ ഗൂഗ്ൾ എ.ഐ

ശരീരത്തിന്റെ ആരോഗ്യത്തിലേക്കുള്ള ഒരു ജാലകമാണ് കണ്ണ്, പ്രത്യേകിച്ച് റെറ്റിന

Update: 2023-06-27 14:21 GMT
Advertising

നമ്മുടെ നാട്ടിലെല്ലായിടത്തും ലാബോറട്ടറികളിൽ കാണുന്ന ബോർഡാണ് സി.ടി സ്‌കാൻ, എം.ആർ.ഐ, എക്‌സറേ... എന്നിങ്ങനെയുള്ള ടെസ്റ്റുകൾ ചെയ്തുകൊടുക്കുമെന്നത്. ഈയടുത്ത് ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ നടത്തിയ പ്രസ്താവന കേട്ടാൽ ഈ ബോർഡുകൾ എടുത്തുമാറ്റാനായോയെന്ന് തോന്നിപ്പോകും. കാരണം ഗൂഗ്ൾ ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയാണ്. ഗൂഗ്ൾ എഐ സംവിധാനം വഴി കണ്ണ് സ്‌കാൻ ചെയ്താൽ ഹൃദ്രോഗമടക്കം അറിയാനാകുമെന്നാണ് പിച്ചൈ പറഞ്ഞത്. ഈ രീതി ഫലപ്രദമായാൽ പാരമ്പര്യമായി പ്രചാരത്തിലുള്ള സിടി സ്‌കാൻ, എം.ആർ.ഐ, എക്‌സറേ എന്നിവയൊക്കെ ഒഴിവാക്കപ്പെട്ടേക്കും.

ആരോഗ്യ സാങ്കേതിക രംഗത്ത് ഗൂഗ്ൾ എഐ

നാല് വർഷം മുമ്പ് ഗൂഗിളിന്റെയും അരവിന്ദ് ഐ ഹോസ്പിറ്റലിലെയും ഗവേഷകരുടെ സംയുക്ത സംഘം അന്ധതയ്ക്കുള്ള പ്രധാന കാരണമായ ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തുന്നതിനുള്ള ഓട്ടോമേറ്റഡ് ഉപകരണം വികസിപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചിരുന്നു. രോഗിയുടെ റെറ്റിനയുടെ ഫോട്ടോകൾ നൽകുമ്പോൾ രോഗത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും നിമിഷങ്ങൾക്കകം രോഗനിർണയം നടത്താനും കഴിയുന്ന അൽഗോരിതം അവർ വികസിപ്പിക്കുകയും ചെയ്തിരുന്നു. നേത്രരോഗ ചികിത്സാരംഗത്ത് ഈ പരിശോധനാ രീതി ഉടൻ സ്വതന്ത്രമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ എഐയുടെ നേട്ടങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഒരു വ്യക്തിയുടെ ലിംഗഭേദം, പുകവലി നില, ഹൃദയാഘാതത്തിന്റെ അഞ്ച് വർഷത്തെ അപകടസാധ്യത എന്നിവയെല്ലാം റെറ്റിന ഇമേജറിയെ അടിസ്ഥാനമാക്കി പ്രവചിക്കാൻ കഴിവുള്ള ഒരു അൽഗോരിതം ഈ വർഷമാദ്യം ഗൂഗ്ൾ അവതരിപ്പിച്ചു. ഡിമെൻഷ്യ, മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്, പാർക്കിൻസൺസ്, അൽഷിമേഴ്സ്, സ്‌കീസോഫ്രീനിയ തുടങ്ങിയ രോഗങ്ങളെ നേരത്തെ കണ്ടുപിടിക്കാനുള്ള ശേഷിയും എഐയ്ക്ക് ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

കണ്ണും ഐ.ഐയും

ശരീരത്തിന്റെ ആരോഗ്യത്തിലേക്കുള്ള ഒരു ജാലകമാണ് കണ്ണ്, പ്രത്യേകിച്ച് റെറ്റിന. രക്തക്കുഴലുകൾ നിറഞ്ഞ കണ്ണിന്റെ ഇൻറീരിയർ വാൾ അല്ലെങ്കിൽ ഫണ്ടസ് ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്. അവയുടെ രൂപം പഠിക്കുന്നതിലൂടെ, ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം, പ്രായം, പുകവലി ശീലങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങൾ ഡോക്ടർമാർക്ക് അനുമാനിക്കാനാകും. ഇവയെല്ലാം ഹൃദയാരോഗ്യത്തിന്റെ പ്രധാന സൂചകങ്ങളാണ്.

ആരോഗ്യ പരിശോധനകളുടെ ഭാവി

ഹൃദ്രോഗ സാധ്യതകൾ കണ്ടെത്താനുള്ള എ.ഐ സംവിധാനങ്ങൾ ആരോഗ്യ രംഗത്തെ പരിശോധനകളിൽ ഒരു ദിശമാറ്റമാണ് മുന്നോട്ട്‌വെക്കുന്നത്. എഐ അൽഗോരിതം മെഡിക്കൽ ഡാറ്റ വിശകലനം ചെയ്യാൻ പുതിയ വഴികൾ കണ്ടെത്തുകയാണ്. ഈ സാങ്കേതികവിദ്യയുടെ സാധ്യത ഹൈടെക് മെഡിക്കൽ സൗകര്യങ്ങൾക്കപ്പുറമാണ്. ഉന്നത ചികിത്സാസൗകര്യങ്ങൾ ലഭിക്കാത്ത ഗ്രാമപ്രദേശങ്ങളിൽ ഒരു സ്മാർട്ട്‌ഫോൺ, താരതമ്യേന ചെലവുകുറഞ്ഞ കണ്ടൻസിങ് ലെൻസ്, DIY റെറ്റിനൽ ക്യാമറ എന്നിവയടക്കമുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് രോഗനിർണയം സാധ്യമാകുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. രോഗികളുടെ ചിത്രമെടുത്ത് നിമിഷങ്ങൾക്കുള്ളിൽ രോഗനിർണയം നടത്താൻ ഇതുവഴി കഴിയും. ഒരു എ.ഐ ഡോക്ടർ സ്വതന്ത്രമായി രോഗനിർണയം നടത്തുന്നത് ഒരുപക്ഷേ വിദൂര പ്രതീക്ഷയായിരിക്കാം, എന്നാൽ അത്ര വിദൂരമല്ല ഇക്കാര്യമെന്നാണ് സുന്ദർ പിച്ചൈയുടെ പ്രഖ്യാപനം കാണിക്കുന്നത്. അങ്ങനെയെങ്കിൽ നമ്മുടെ സാമ്പ്രദായിക രോഗനിർണയ മാർഗങ്ങൾ മാറിമറയുക തന്നെ ചെയ്യും.

No more CT scans, MRIs, X-rays? Google AI to detect heart disease through eye scan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News