വഴനയില അഥവാ ബേ ലീഫ് ഇല്ലാത്ത ബിരിയാണിയോ പുലാവോ നമുക്ക് സങ്കൽപിക്കാനാവില്ല. ഉണക്കിയോ അല്ലാതെയോ വഴനയില ഭക്ഷണത്തിൽ ചേർക്കാറുണ്ട്. പ്രത്യേക രുചിയും മണവും നൽകുമെന്നതിനാലാണ് പലരും വഴനയില ഭക്ഷണത്തിലും കറികളിലും ചേർക്കാറുള്ളത്. എന്നാൽ ഭക്ഷണത്തിന് രുചി കൂട്ടുന്നതിനു പുറമേ ഈ ഇലകൾക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്..
ദഹനശേഷി വർധിപ്പിക്കുന്നു
ഭക്ഷണത്തിൽ വഴനയില ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ആമാശയത്തിലെ അസ്വസ്ഥതകൾ ഒഴിവാക്കുന്നു. ശരീരത്തിലെ വിഷാംശം കുറയ്ക്കാനും ബേ ലീഫ് സഹായിക്കും. ബേ ഇലകളിൽ കാണപ്പെടുന്ന നിരവധി ഓർഗാനിക് സംയുക്തങ്ങൾ വയറ്റിലെ അസ്വസ്ഥത പരിഹരിക്കും. ആമാശയത്തിനു താഴെ സ്ഥിതി ചെയ്യുന്ന ചെറുകുടലും വൻകുടലുമടങ്ങുന്ന ഭാഗങ്ങളെയാണ് ബവലിലുണ്ടാകുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം ശമിപ്പിക്കുന്നതിനും വഴനയില ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദഹനനാളത്തിലെ അണുബാധ, വായുകോപം, വയറിളക്കം, മലബന്ധം എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
ആൻറി ബാക്ടീരിയൽ ഇഫക്റ്റുകൾ
ബാക്ടീരിയകളെ തടയുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങളും ബേ ഇലകളിൽ കാണപ്പെടുന്നു. വെബ്എംഡി പറയുന്നതനുസരിച്ച്, അൾസറിനും കാാൻസറിനും പോലും കാരണമാകുന്ന എച്ച്. പൈലോറിയെ ചെറുക്കാൻ വഴനയിലകൾക്ക് കഴിയുമെന്ന് പഠനറിപ്പോർട്ടുകൾ പറയുന്നു.
പ്രമേഹത്തിനും നല്ലത്
ബേ ലീഫിന്റെ കാപ്‌സ്യൂളുകൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു. എന്നാൽ ഇതിനെകുറിച്ച് ആധികാരികമായ വിശദീകരണം വന്നിട്ടില്ല.
അണുബാധ തടയും
വഴനയിലക്ക് ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് മുറിവേറ്റ സ്ഥലങ്ങളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. മുറിവിലെ അണുബാധ തടയും. വഴനയില കൊണ്ടുണ്ടാക്കിയ എണ്ണ ചർമത്തിനും നല്ലതാണ്.
മുടിയുടെ വളർച്ചക്ക്
വഴനയില സത്ത് പുരട്ടുന്നത് ആരോഗ്യരകമായ മുടി വളരാൻ സഹായിക്കും. നീളമുള്ളതും ഉള്ളുള്ളതുമായ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. മുടി ദുർബലമാക്കുന്നതിനും പൊട്ടുന്നതിനും തുടർച്ചയായ മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്ന ഹാനികരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. മുടിയുടെ കോശങ്ങൾ പുതുക്കാനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും അവശ്യ ഈ ഇലയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകൾക്ക് സാധിക്കും.വഴനയില ഇട്ട് കുതിർത്ത വെള്ളം കൊണ്ട് തല കഴുകുന്നത് താരനെയും പേൻ ശല്യത്തെയും കുറയ്ക്കാൻ കഴിയും.
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹരിക്കും
നിരവധി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വഴനയില ഫലപ്രദമാണ്. ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ നീരാവി ശ്വസിക്കുന്നത് ശ്വസന അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ അകറ്റുന്നു.നെഞ്ചിലെ കഫക്കെട്ട്, ആസ്ത്മ ലക്ഷണങ്ങൾ, ശ്വസന പ്രശ്‌നങ്ങൾ എന്നിവ പരിഹരിച്ച് ശ്വാസകോശ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.