ക്യാൻസർ അകറ്റും, അൽഷിമേഴ്‌സ് രോഗികൾക്കും ഫലപ്രദം: എണ്ണിയാൽ തീരില്ല കാബേജിന്റെ ഗുണങ്ങൾ

നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ എ, വിറ്റാമിൻ കെ എന്നിങ്ങനെ നിരവധി പോഷകങ്ങളാണ് കാബേജിൽ അടങ്ങിയിരിക്കുന്നത്

Update: 2022-12-14 09:27 GMT
Editor : banuisahak | By : Web Desk
Advertising

കാബേജ് കൊണ്ടുള്ള വിഭവങ്ങൾ ഇടക്കിടെയെങ്കിലും നമ്മുടെ ഡൈനിങ് ടേബിളിൽ ഇടംപിടിക്കാറില്ലേ. ഒരു സാധാരണ പച്ചക്കറി എന്നതിനപ്പുറം ആരും വല്യ ശ്രദ്ധയൊന്നും കാബേജിന് കൊടുക്കാറില്ല അല്ലേ! മറ്റ് ചിലർക്കാകട്ടെ ഇത് കഴിക്കുന്നത് പോലും ഇഷ്ടമായിരിക്കില്ല. രുചി ഇഷ്ടമല്ലാത്തത് തന്നെയാണ് കാരണം.എന്നാൽ, നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ എ, വിറ്റാമിൻ കെ എന്നിങ്ങനെ നിരവധി പോഷകങ്ങളാണ് കാബേജിൽ അടങ്ങിയിരിക്കുന്നത് അറിയാമോ. മാത്രമല്ല, ക്യാൻസർ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും ഈ പച്ചില വർഗത്തിൽ അടങ്ങിയിട്ടുണ്ട്. കാബേജ് കഴിക്കാൻ ഒരു കാരണമാണ് തേടുന്നതെങ്കിൽ ഒന്നിലധികം കാരണങ്ങൾ ഇതാ..  

ക്യാൻസർ പേടി കുറയ്ക്കാം കാബേജിലൂടെ 

അതിശയിക്കേണ്ട... കാബേജിൽ അടങ്ങിയിരിക്കുന്ന സൾഫർ അടങ്ങിയ സൾഫൊറാഫെയ്ൻ ആണ് ക്യാൻസർ പ്രതിരോധത്തിന് സഹായിക്കുന്നത്. ക്യാൻസർ കോശങ്ങളുടെ പുരോഗതിയെ സൾഫോറാഫെയ്ൻ തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചുവന്ന കാബേജാണ് കൂടുതൽ ഫലപ്രദം. ചുവന്ന കാബേജിന് നിറം നൽകുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ ആന്തോസയാനിൻ  ക്യാൻസർ കോശങ്ങളുടെ രൂപവത്കരണത്തെ മന്ദീഭവിപ്പിക്കുകയും രൂപപ്പെട്ട ക്യാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. 

 വിട്ടുമാറാത്ത വീക്കം കുറയ്ക്കുന്നു

പലതരം ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് കാബേജ്. അവ വിട്ടുമാറാത്ത വീക്കം കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. സൾഫോറഫേൻ, കെംപ്ഫെറോൾ, മറ്റ് ആൻറി ഓക്സിഡൻറുകൾ വീക്കം കുറയ്ക്കാനും വീണ്ടും ഉണ്ടാകുന്നത് തടയാനും സഹായിക്കും. 

 അൽഷിമേഴ്‌സ് രോഗികൾക്ക് ഗുണകരം 

തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും കാബേജ് സഹായിക്കും. കാബേജിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ കെ, അയോഡിൻ, ആന്തോസയാനിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ തലച്ചോറിന്റെ നിർമാണ ബ്ലോക്കുകളായി പ്രവർത്തിക്കും. അൽഷിമേഴ്സ് രോഗികളുടെ തലച്ചോറിൽ കാണപ്പെടുന്ന ചീത്ത പ്രോട്ടീനുകളുടെ അളവ് കുറയ്ക്കാൻ കാബേജ് പോലുള്ള പച്ചക്കറികൾ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

 രക്തസമ്മർദ്ദം കുറയ്ക്കും 

രക്തസമ്മർദ്ദം ആരോഗ്യകരമായ രീതിയിൽ നിലനിർത്താൻ കാബേജിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കുന്നു. കാബേജ് പോലെയുള്ള പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

 ഇത്രയും ഗുണങ്ങളുള്ള പച്ചക്കറി എന്തിന് അകറ്റിനിർത്തണം. ഭക്ഷണത്തിനൊപ്പം ഇനി കാബേജും പരിഗണിക്കാം..ആരോഗ്യം നിലനിർത്താം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News