ശ്രദ്ധിക്കണേ... ഉറക്കം ശരിയായില്ലെങ്കിൽ നടുവിന് പണിയാകും

രാത്രി ഉറക്കമില്ലാത്തതും പകൽ സമയത്ത് ഏറെ നേരം കിടന്നുറങ്ങുന്നതും നടുവേദന മാത്രമല്ല പുറംവേദനയും ഉണ്ടാക്കും

Update: 2023-01-05 14:05 GMT
Editor : banuisahak | By : Web Desk
Advertising

ഉറങ്ങി എഴുന്നേൽക്കുന്നത് തന്നെ നടുവിന് കയ്യും കൊടുത്താണ്... ഇരിക്കാനും വയ്യ നിൽക്കാനും വയ്യ. ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകാത്തവർ ചുരുക്കമായിരിക്കും. പ്രായഭേദമന്യേ ഇപ്പോൾ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. ജീവിതശൈലിയും ജോലിയുടെ രീതിയുമെല്ലാം ഒരു ഘടകമാണെങ്കിലും അധികം ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ബന്ധം നടുവേദനയും ഉറക്കവുമായുണ്ട്. അതെ, ഉറക്കം ശരിയായില്ലെങ്കിൽ നടുവിന് പണിയാകും. 

എട്ട് മണിക്കൂർ കൃത്യമായി ഉറങ്ങണമെന്നത് ആരോഗ്യകരമായ ജീവിതത്തിന് എത്രത്തോളം പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധർ നിരന്തരം ആവർത്തിക്കുന്നതാണ്. ഉറക്കം കുറഞ്ഞാൽ മാത്രമല്ല കൂടിയാലും പ്രശ്നമാണ്. ഉറക്കത്തിന്റെ ഗുണനിലവാരവും നടുവേദനയും പരസ്പരബന്ധിതമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കടുത്ത നടുവേദനയുള്ള ആളുകളിൽ അന്നത്തെ ദിവസത്തെ രാത്രിയുറക്കം വളരെ മോശമാണെന്നും സെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

രാത്രി ഉറക്കമില്ലാത്തതും പകൽ സമയത്ത് ഏറെ നേരം കിടന്നുറങ്ങുന്നതും നടുവേദന മാത്രമല്ല പുറംവേദനയും ഉണ്ടാക്കും. നേരത്തെ, നടുവേദനക്കുള്ള പരിഹാരമായി കൂടുതൽ നേരം ഉറങ്ങാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. ഏറെ നേരം കിടന്നുറങ്ങുന്നതും കുഴപ്പമുണ്ടാക്കും. ഒരു പരിധി ജീവിതശൈലികളാണ് ഇതിന് കാരണമാകുന്നത്. കൂടുതൽ ആളുകളും കംപ്യൂട്ടറിന് മുന്നിൽ ഇരുന്നുള്ള ജോലികളാണ് ചെയ്യുന്നത്. പലപ്പോഴും ഒന്ന് എഴുന്നേൽക്കാൻ പോലും ആളുകൾ മറക്കും. നടുവിന് സമ്മർദ്ദം കൂടാൻ മാത്രമേ ഇത് ഇടയാക്കുകയുള്ളൂ. 

ശരീരത്തിലെ മറ്റ് എല്ലുകളെക്കാൾ സങ്കീർണമായ ഘടനയാണ് നട്ടെല്ലിനുള്ളത്. ഇവിടെയുണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. അതിനാൽ തന്നെ, ചെറിയ നടുവേദനകൾ പോലും നിസാരമായി കണ്ട് അവഗണിക്കരുത്. നട്ടെല്ലിനോട് ബന്ധപ്പെട്ട പേശികളിലോ സന്ധികളിലോ ഉണ്ടാകുന്ന ഏതെങ്കിലും രോഗത്തിന്റെ ലക്ഷണം കൂടിയാകും നടുവേദന. കാലുകളിലെ മരവിപ്പ്, ബലക്കുറവ്, ക്ഷീണം തുടങ്ങിയവയെല്ലാം നടുവേദനയുടെ ലക്ഷണമാണോ എന്ന് ശ്രദ്ധിക്കണം. 

എപ്പോഴും പുറകു വശം ബെഡിനോട് ചേർത്ത് കിടക്കുന്നതാണ് നടുവിന്റെ ആരോഗ്യത്തിന് നല്ലത്. കമിഴ്ന്ന് കിടന്നുറങ്ങുന്നത് നടുവിനെയും കഴുത്തിനെയും ഒരുപോലെ ബുദ്ധിമുട്ടിക്കും. ഇനി കമിഴ്ന്ന് കിടന്നാണ് ശീലമെങ്കിലും സോഫ്റ്റ് ആയ തലയിണ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. തലയിണ ഒഴിവാക്കുന്നതും ഗുണം ചെയ്യും. നട്ടെല്ലിന്റെ ആരോഗ്യത്തിന് കിടക്ക സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. കിടക്ക ഒരുപാട് കട്ടിയുള്ളതായാലും ഒരു പരിധിയിൽ കൂടുതൽ സോഫ്റ്റ് ആയാലും നടുവിന് പ്രശ്‌നമാണ്. ശരീരത്തെ സപ്പോർട്ട് ചെയ്യുന്ന തരത്തിലുള്ള കട്ടി കിടക്കയ്ക്കുണ്ടാവണം എന്നാണ് വിദഗ്ധാഭിപ്രായം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News