ചിക്കനല്ലേ, ഫ്രിഡ്ജിലല്ലേ എത്രനാളും ഇരിക്കും എന്നാണോ? പണികിട്ടും മുമ്പ് ആ ശീലം നിർത്തിക്കോളൂ...

പ്രോട്ടീനുകളുടെ കലവറയാണെങ്കിലും ബാക്ടീരിയകൾ ഏറ്റവും വേഗത്തിൽ കയറിക്കൂടുന്ന മാംസവും ചിക്കനാണ്

Update: 2023-05-16 12:34 GMT

മീനും മാംസവുമൊക്കെ സൂക്ഷിക്കാം എന്നത് തന്നെയാണ് ഫ്രിഡ്ജ് കൊണ്ടുള്ള പ്രധാന ഉപകാരങ്ങളിലൊന്ന്. കേടുകൂടാതെ ആവശ്യാനുസരണം ഉപയോഗിക്കാം എന്നത് വലിയ ആശ്വാസവുമാണ്. എന്നാൽ എത്ര നാൾ വേണമെങ്കിലും ചിക്കനും മറ്റും ഫ്രിഡ്ജിലിരുന്നോളും എന്നതാണോ സമീപനം? എന്നാലത് ഉടൻ മാറ്റണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രോട്ടീനുകളുടെ കലവറയാണെങ്കിലും ബാക്ടീരിയകൾ ഏറ്റവും വേഗത്തിൽ കയറിക്കൂടുന്ന മാംസവും ചിക്കനാണ് എന്നതാണ് കാരണം.

ഏറിപ്പോയാൽ 2 ദിവസത്തിനപ്പുറം ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്നാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിപാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നത്. വേവിച്ച ചിക്കൻ ആണെങ്കിൽ 3-4 ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. മീനൊഴികെ മറ്റെല്ലാ മാംസത്തിനും ഇത് ബാധകമാണ്. മാംസം ഫ്രീസറിൽ സൂക്ഷിക്കുന്നത് മാസങ്ങളോളം ഇത് കേടുകൂടാതെ ഇരിക്കുന്നതിന് കാരണമാകുമെങ്കിലും കഴിയുന്നതും വേഗം തന്നെ മാംസം വാങ്ങിയാൽ ഉപയോഗിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശം.

Advertising
Advertising

ഇനി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടും ചിക്കൻ കേടായോ എന്നറിയാൻ നിറത്തിലും മണത്തിലുമുള്ള വ്യത്യാസങ്ങളല്ലാതെ വേറെയും വഴികളുണ്ട്. സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് മാംസങ്ങളിൽ ഉപയോഗിക്കാവുന്ന കാലാവധിയും മറ്റും കാണുമെങ്കിലും ഇവ അധികം ഗൗനിക്കാതിരിക്കുകയാവും നല്ലത്.

കേടുവന്ന ചിക്കൻ ആണെങ്കിൽ മാംസത്തിന് കൂടുതൽ വഴുവഴുപ്പുണ്ടാകും. ചിക്കന്റെ നിറം പിങ്കിൽ നിന്ന് ഗ്രേയോ പച്ചയോ മഞ്ഞയോ ആകാം. ഒരുപാട് ചീത്തയായ മാംസം ആണെങ്കിൽ ഇതിൽ പൂപ്പലും ഉണ്ടാകും. കേടുവന്ന മാംസം നമ്മളെത്ര ശക്തിയായി ഇടിച്ചാലും അതിന്റെ പഴയ രൂപത്തിലേക്ക് തിരിച്ചു വരില്ല. പതിഞ്ഞ, വഴുവഴുത്ത ടെക്‌സ്ച്ചർ ആവും അതിനുണ്ടാവുക.

ഇനി ഫ്രിഡ്ജിൽ എത്രനാൾ സൂക്ഷിച്ചിട്ടും ഇപ്പറഞ്ഞ കേടുവന്ന ലക്ഷണങ്ങളൊന്നും കണ്ടില്ല, അതുകൊണ്ടു തന്നെ റിസ്‌ക് എടുക്കാൻ തയ്യാറാണ് എന്ന സമീപനമാണ് നിങ്ങൾക്കെങ്കിൽ ചീത്തയായ മാംസം കഴിക്കുന്നത് കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം.

ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന മാംസങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന മാസംമാണ് കോഴിയിറച്ചി. കേടുവന്ന കോഴിയിറച്ചിയിൽ ക്യാംപൈലോബാക്ടർ, സാൽമൊണെല്ലാ എന്നീ ബാക്ടീരിയകളാണ് ഉണ്ടാവുക. കേടുവന്നതാണെങ്കിലും നല്ല ഇറച്ചിയാണെങ്കിലും വേവിക്കുമ്പോൾ സാധാരണ ഈ ബാക്ടീരിയകൾ നശിക്കുമെങ്കിലും കേടുവന്ന ചിക്കനിൽ ഇവയുണ്ടാക്കുന്ന വിഷവസ്തുക്കൾ നിലനിൽക്കും. ഇവ ഛർദി, വയറിളക്കം, നിർജലീകരണം, തുടങ്ങിയവയ്‌ക്കൊക്കെ കാരണമാവുകയും ചെയ്യും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News