ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ദിവസവും എട്ടും പത്തും മണിക്കൂര്‍ ജോലി ചെയ്യുന്നതിനിടെ ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും സമയം കിട്ടാത്തവരും നമുക്കിടയിലുണ്ട്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സന്ധി വേദനയോ നടുവേദനയോ മാത്രമല്ല ആരോഗ്യപ്രശ്നങ്ങളായി കാണപ്പെടുന്നത്.അതിനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പുറം, കാൽമുട്ട് വേദന,ശരീരത്തിലെ വളവ് അടക്കം ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളെയും ഈ ശീലം ബാധിക്കും. പതിവായി വ്യായാമം ചെയ്യുന്നവരാണെങ്കില്‍ പോലും ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ നടുവേദന, കാൽമുട്ട് വേദന എന്നിവ കാണപ്പെടാറുണ്ടെന്നും അപ്പോളോ ഓർത്തോപീഡിയൻ ഡോ. അഭിഷേക് വൈഷ് ഫിനാൻഷ്യൽ എക്സ്‍പ്രസ്.കോമിനോട് പറഞ്ഞു .
കസേരയിൽ നിന്ന് എത്ര തവണ എഴുന്നേൽക്കണം?
ഓരോ 30 മിനിറ്റിലും നിങ്ങളുടെ കസേരയിൽ നിന്ന് എഴുന്നേൽക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. സാധാരണ പ്രവൃത്തി ദിവസത്തിൽ കുറഞ്ഞത് 8-10 തവണയെങ്കിലും കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുകയും രണ്ടടി നടക്കുകയോ ചെയ്യുന്നതാണ് നല്ലത്.
നമ്മുടെ സന്ധികൾ ചലനത്തിനായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അല്ലാതെ ദിവസം മുഴുവന്‍ വെറുതെ ഇരിക്കാനല്ലെന്നും മറക്കരുത്.ഇരിക്കാനായി എത്ര വിലപിടിപ്പുള്ളതും സുരക്ഷിതവുമായ കസേര തെരഞ്ഞെടുത്താലും ദീര്‍ഘനേരം ഇരിക്കുന്നത് നട്ടെല്ലിനും കാല്‍മുട്ടിനും സംരക്ഷണം നല്‍കാനായി സാധിക്കില്ല. ഓരോ 30 മിനിറ്റിലോ അല്ലെങ്കില്‍ ചുരുങ്ങിയത് ഒരു മണിക്കൂര്‍ കൂടുമ്പോഴോ അഞ്ചോ പത്തോ മിനിറ്റ് എഴുന്നേറ്റ് നില്‍ക്കുന്നത് നല്ലതാണ്. ഇത് പേശികളെ സജീവമാക്കാനും, രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.
എഴുന്നേറ്റ് നില്‍ക്കുന്നതിന്‍റെ ഗുണങ്ങള്‍
ദീര്‍ഘനേരം ഇരിക്കുന്നതിനിടയില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും നടുവിന്‍റെ സമ്മർദ്ദം കുറയ്ക്കുകയും, ഇടുപ്പിന്റെയും കാൽമുട്ടിന്റെയും സന്ധികൾ ലൂബ്രിക്കേറ്റ് ചെയ്യാനും സഹായിക്കും.കഴുത്ത്, പുറം വേദന എന്നിവയുള്ള ആളുകൾക്ക്ഈ ചെറിയ ഇടവേളകൾ അസ്വസ്ഥത ഗണ്യമായി കുറയ്ക്കും.
അതേസമയം,കസേരയില്‍ നിന്ന് എഴുന്നേറ്റ് നടന്ന് തീവ്രമായ വ്യായാമം ചെയ്യുക എന്നതല്ല അര്‍ഥമാക്കുന്നത്. വെള്ളം കുടിക്കാനായി ചെറുതായി നടക്കുക,ഓഫീസ് മുറിയിലൂടെയോ വരാന്തയിലൂടെയോ അല്‍പം നടക്കുക.സ്‌ട്രെച്ചിങ് വ്യായാമങ്ങളും ചെയ്യാം. നിങ്ങളുടെ ഇരിപ്പിന്റെ ദൈർഘ്യം കുറക്കാൻ വാച്ചിൽ ടൈമര്‍ വെക്കുകയും ചെയ്യാം. ദീര്‍ഘനേരം ഇരുന്നതിന് ശേഷം കുറച്ചധികം നേരം വ്യായാമം ചെയ്യുന്നതുകൊണ്ട് കാര്യമായ പ്രയോജനമില്ല.ഇതിന് പകരം ഇടക്കിടക്ക് എഴുന്നേറ്റ് നടക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
തുടർച്ചയായ ഇരിക്കുന്നതിന് പകരം,ഇടക്കിടക്ക് നില്‍ക്കുകയും ചെറു വ്യായാമങ്ങള്‍ ചെയ്യുന്നതുംത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നല്ല ആരോഗ്യം ജിമ്മുകളിലോ ആശുപത്രികളോ അല്ല,മറിച്ച് നമ്മുടെ ദൈനംദിന ശീലങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.