വേണം സമഗ്രമായ ഡിസബിലിറ്റി പരിചരണം

ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന പരിചരണച്ചെലവുകൾ ഡിസബിലിറ്റിയുള്ള ഒരു വ്യക്തിയുടെ പരിചരണം എന്നത് ഒരു കുടുംബത്തിൻ്റെ സാമൂഹിക-സാമ്പത്തിക ഘടനയെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളതാണ് - തണൽ ലേണിങ് ആന്റ് ഡെവലപ്മെന്റ് മേധാവിയായ നദീര്‍ പയ്യോളി എഴുതുന്നു

Update: 2025-12-03 06:33 GMT
Editor : Jaisy Thomas | By : Web Desk

വേണം സമഗ്രമായ ഡിസബിലിറ്റി പരിചരണം

ഡിസബിലിറ്റിയുള്ള വ്യക്തികളെ പരിചരിക്കുന്നത് ഓരോ കുടുംബവും ജീവിതകാലം മുഴുവൻ ഏറ്റെടുക്കുന്ന തീവ്രമായ സ്നേഹബന്ധനമാണ്. എന്നാൽ, ഈ ബന്ധനത്തിൻ്റെ ഭാരം താങ്ങാനാവാതെ കേരളത്തിൽ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഹൃദയഭേദകമായ ദുരന്തങ്ങൾ, നമ്മുടെ സാമൂഹിക ക്ഷേമ സംവിധാനങ്ങളുടെ പരാജയം വിളിച്ചോതുന്നു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ കൊലപ്പെടുത്താൻ നിർബന്ധിതരാവുന്നതും, കുടുംബങ്ങൾ കൂട്ട ആത്മഹത്യയിലേക്ക് നീങ്ങുന്നതും സാമ്പത്തികവും വൈകാരികവുമായ സമ്മർദ്ദങ്ങളുടെ പാരമ്യം കാരണമാണ്. ഈ സംഭവങ്ങളെ ഒറ്റപ്പെട്ട ക്രൂരതകളായി ലഘൂകരിക്കുന്നത്, 'തൊട്ടിൽ മുതൽ കല്ലറ വരെ' ഡിസബിലിറ്റിയുള്ള പൗരന്മാർക്ക് അന്തസ്സും സുരക്ഷയും ഉറപ്പാക്കാനുള്ള വ്യവസ്ഥാപിത ഉത്തരവാദിത്തത്തിൽ നിന്ന് സമൂഹം ഒളിച്ചോടുന്നതിൻ്റെ പ്രതിഫലനമാണ്.

Advertising
Advertising

കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 16 ഡിസബിലിറ്റിയുള്ള വ്യക്തികൾ കുടുംബാംഗങ്ങളാൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. കടുത്ത സാമ്പത്തിക പരാധീനത, നിരന്തര പരിചരണ ഭാരം, "ഞങ്ങൾ മരിച്ചാൽ ആര് സംരക്ഷിക്കും" എന്ന രക്ഷിതാക്കളുടെ ഭയം എന്നിവയാണ് ഈ ദുരന്തങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിയമപരമായ പിന്തുണയും സാമ്പത്തിക സുരക്ഷാ കവചവും നൽകി ഭയം ഇല്ലാതാക്കാൻ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. 2014 ലെ Socio Economic and Caste Census (SECC) രേഖകൾ പ്രകാരം, കേരളത്തിലെ ജനസംഖ്യയിൽ 2.2% ഡിസബിലിറ്റിയുള്ളവർ (Disability Population) ആണ്. ഇവരിൽ ഭൂരിപക്ഷവും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്.

ഡിസബിലിറ്റിയുള്ള വ്യക്തികൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളിലേക്കുള്ള പ്രാപ്യത കുറവായിരിക്കുക, ഗ്രാമപ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെയും സേവനങ്ങളുടെയും കുറവ്, പ്രായാധിഷ്ഠിത ആരോഗ്യപ്രശ്നങ്ങൾ, സ്ഥിരമായ ഉപജീവനമാർഗ്ഗങ്ങളുടെ അഭാവം, വർദ്ധിച്ച ദാരിദ്ര്യം, സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള അറിവില്ലായ്മ, കുടുംബത്തിൻ്റെയോ സമൂഹത്തിൻ്റെയോ സഹായമില്ലായ്മ തുടങ്ങിയ വിവിധങ്ങളായ വെല്ലുവിളികൾ നേരിടുന്നു. ഈ ഘടകങ്ങൾ കൂടിച്ചേരുമ്പോൾ ഡിസബിലിറ്റിയുള്ള വ്യക്തികളുടെ അവസ്ഥ തുടരുകയും കൂടുതൽ ദുർബലരാവുകയും ചെയ്യുന്നു. അതിനാൽ, സർക്കാർ വകുപ്പുകൾ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ ഓരോ പൗരനും മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.

ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന പരിചരണച്ചെലവുകൾ

ഡിസബിലിറ്റിയുള്ള ഒരു വ്യക്തിയുടെ പരിചരണം എന്നത് ഒരു കുടുംബത്തിൻ്റെ സാമൂഹിക-സാമ്പത്തിക ഘടനയെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളതാണ്. ചികിത്സ, തെറാപ്പികൾ, സഹായ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയ്ക്കുള്ള ഉയർന്ന ചെലവുകൾ സാധാരണ കുടുംബങ്ങളെ ദാരിദ്ര്യത്തിൻ്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നു.

ഡിസബിലിറ്റിയുമായി ബന്ധപ്പെട്ട ആരോഗ്യച്ചെലവുകൾ കാരണം ഇന്ത്യയിൽ 57.1 ശതമാനം കുടുംബങ്ങൾ കടുത്ത ആരോഗ്യച്ചെലവ് (Catastrophic Health Expenditure) നേരിടുന്നു. ഇത് വലിയ സാമ്പത്തിക ഞെരുക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിലും ഗൗരവമായ വസ്തുത, ഒരു കുടുംബാംഗത്തിന് ഡിസബിലിറ്റി പരിചരണത്തിനായി പണം ചെലവഴിക്കേണ്ടി വരുമ്പോൾ, ദാരിദ്ര്യരേഖയ്ക്ക് മുകളിലായിരുന്ന 19.1 ശതമാനം കുടുംബങ്ങൾ പോലും ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് പോകുന്നു എന്നതാണ്.

ശസ്ത്രക്രിയകൾ, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി പോലുള്ളയുടെ ചെലവ്, പെട്ടെന്ന് നിയന്ത്രിക്കാനാവാത്ത ഭാരമായി മാറുന്നു. പലപ്പോഴും ഇതിനായി കടം വാങ്ങാൻ കുടുംബങ്ങൾ നിർബന്ധിതരാകുന്നു.

ഡിസബിലിറ്റിയുള്ള വ്യക്തിയെ പരിചരിക്കുന്നതിനായി മാതാപിതാക്കൾ, പ്രത്യേകിച്ചും സ്ത്രീകൾ , സ്വന്തം ജോലിയും വരുമാനവും ഉപേക്ഷിക്കേണ്ടി വരുന്നു. ഇത് കുടുംബ വരുമാനം കുറയ്ക്കുകയും, ചെലവുകൾ വർദ്ധിക്കുകയും, സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയും ചെയ്യുന്നു. കുടുംബത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നു. ഇത് ദാരിദ്ര്യം, ലിംഗപരമായ കടമകൾ, ഡിസബിലിറ്റി എന്നിവ ഒന്നിച്ചു ചേരുമ്പോൾ, ദുരിതം ഇരട്ടിയാകുന്നു.

ഒറ്റപ്പെടലിൻ്റെ ആഴം

ഡിസബിലിറ്റിയുള്ള വ്യക്തിയെ പരിചരിക്കുന്ന നല്ലൊരുശതമാനം സ്ത്രീകളാണ് , വലിയ ശാരീരികവും മാനസികവുമായ സമ്മർദ്ദമാണ് ഇവർ അനുഭവിക്കുന്നത്. ഒറ്റയ്ക്ക് പരിചരണം (Single Care) നൽകുന്നതിലൂടെയുണ്ടാകുന്ന ആഴത്തിലുള്ള ഒറ്റപ്പെടലും മാനസിക തകർച്ചയും ദുരന്തങ്ങൾക്ക് വഴി തുറക്കുന്നു.

കേരളത്തിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഡിസബിലിറ്റിയുള്ള വ്യക്തികളെ പരിചരിക്കുന്നവരിൽ മൂന്നിലൊന്ന് പേർക്ക് കടുത്ത പരിചരണ ഭാരവും (Caregiver Burden) സമ്മർദ്ദവും അനുഭവപ്പെടുന്നുണ്ട്. ഈ പരിചാരകരിൽ ഭൂരിഭാഗവും (77.3%) സ്ത്രീകളാണ്.

മാനസികാരോഗ്യ പ്രശ്നങ്ങളായ സമ്മർദ്ദം (Stress), വിഷാദം (Depression), ഉത്കണ്ഠ (Anxiety) എന്നിവയുടെ ഉയർന്ന തോത് ഇവർ പ്രകടിപ്പിക്കുന്നു. ഈ പരിചാരകരിൽ 28.3% പേർ കടുത്ത സമ്മർദ്ദവും, 20.8% പേർ വിഷാദവും ഉത്കണ്ഠയും അനുഭവിക്കുന്നു. നിരന്തര പരിചരണം കാരണം ഇവർക്ക് ശാരീരിക ക്ഷീണം, ഉറക്കക്കുറവ്, ശരീര വേദന, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. കടുത്തതും ദുരന്തപൂർണ്ണവുമായ തീരുമാനങ്ങളിലേക്ക് കുടുംബങ്ങളെ നയിക്കുന്നതിൽ ഈ വിഷാദവും സമ്മർദ്ദവും വലിയ പങ്കുവഹിക്കുന്നു.

സാമൂഹിക ഒറ്റപ്പെടലും 'സിംഗിൾ കെയറിൻ്റെ' വേദനയും

പരിചാരകരുടെ മാനസികാരോഗ്യത്തെ തകർക്കുന്ന പ്രധാന ഘടകമാണ് സാമൂഹിക ഒറ്റപ്പെടൽ (Social Isolation). ഡിസബിലിറ്റിയുള്ള വ്യക്തിയെ പരിപാലിക്കുന്ന കുടുംബാംഗത്തിന് സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനോ, സാമൂഹിക കൂട്ടായ്മകളിൽ പങ്കെടുക്കാനോ, ഒരു വിശ്രമം എടുക്കാനോ പോലും കഴിയാതെ വരുന്നു.

● അവിശ്വാസം, അപമാനം, ഭയം: പല കുടുംബങ്ങൾക്കും സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാറില്ല. പകരം, ഡിസബിലിറ്റിയുമായി ബന്ധപ്പെട്ട സാമൂഹികമായ മുദ്രകുത്തൽ (Stigma) ഇവർ അനുഭവിക്കുന്നു.

● ഭാവി ഭയം: "ഞങ്ങൾ മരിച്ചാൽ മക്കൾ അനാഥരാകുമോ, അവഗണിക്കപ്പെടുമോ" എന്ന ഭയം ഈ ഒറ്റപ്പെട്ട പരിചാരകരെ വേട്ടയാടുന്നു. ഇത് കുട്ടിയെ സംരക്ഷിക്കാനുള്ള സ്വാഭാവികതയെ മറികടക്കുകയും, കടുത്തതും ദുരന്തപൂർണ്ണവുമായ തീരുമാനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഡിസബിലിറ്റിയുള്ള വ്യക്തിയെ ആശ്രയിച്ച് കഴിയുന്ന രക്ഷിതാക്കൾക്ക് കടുത്ത സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ, അവരുടെ മാനസികാരോഗ്യത്തെ അഭിസംബോധന ചെയ്യാതെ, ഡിസബിലിറ്റി മേഖലയിലെ സാമൂഹ്യക്ഷേമം പൂർണ്ണമാവില്ല.

ഡിസബിലിറ്റിയുമായി ബന്ധപ്പെട്ട ദുരിതങ്ങൾ ഒരുപോലെ എല്ലാവരെയും ബാധിക്കുന്നില്ല. ലിംഗം, സാമ്പത്തിക നില, താമസിക്കുന്ന സ്ഥലം എന്നിവയുമായി ഡിസബിലിറ്റി എങ്ങനെ കൂടിച്ചേരുന്നു (Intersectionality) എന്നത് ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

ഡിസബിലിറ്റിയുള്ള ഒരു വ്യക്തിയുടെ പ്രാഥമിക പരിചാരകർ (Informal Caregivers) മിക്കവാറും സ്ത്രീകളാണ്. ഈ ഇരട്ട ഭാരം (വീട്ടുജോലി + പരിചരണം) കാരണം സ്ത്രീകളുടെ തൊഴിൽ സാധ്യതകൾ കുറയുകയും, വരുമാനം നിലയ്ക്കുകയും ചെയ്യുന്നു. ഒരു പഠനം സൂചിപ്പിക്കുന്നത്, പുരുഷ കേന്ദ്രീകൃത കുടുംബങ്ങളെ അപേക്ഷിച്ച്, സ്ത്രീകളുടെ വരുമാനത്തെ ആശ്രയിക്കുന്ന കുടുംബങ്ങളിലെ ഡിസബിലിറ്റിയുള്ള വ്യക്തികൾക്ക് സാമ്പത്തിക ശാക്തീകരണത്തിൻ്റെ സാധ്യത കുറവാണ് എന്നാണ്.

ഇതുകൂടാതെ, ഡിസബിലിറ്റി സമൂഹത്തിൽ ദാരിദ്ര്യം ഒരു പ്രധാന ഘടകമാണ്. ഡിസബിലിറ്റിയുള്ള വ്യക്തികൾക്ക് കുറഞ്ഞ വരുമാനം, വിദ്യാഭ്യാസം, തൊഴിൽ ലഭ്യത എന്നിവ കാരണം പാർശ്വവത്കരിക്കപ്പെടുന്നു (Marginalization).

കേരളം പൊതുവിൽ മെച്ചപ്പെട്ട ആരോഗ്യ-സാമൂഹിക സൂചികകൾ നിലനിർത്തുന്നുണ്ടെങ്കിലും, ഡിസബിലിറ്റി പരിചരണത്തിൻ്റെ കാര്യത്തിൽ ഗ്രാമ-നഗര അസമത്വം (Rural-Urban Disparity) നിലനിൽക്കുന്നു.

● സേവന കേന്ദ്രീകരണം: ആരോഗ്യ സംരക്ഷണവും പിന്തുണ സംവിധാനങ്ങളും ഇപ്പോഴും നഗര കേന്ദ്രങ്ങളിലാണ് കൂടുതലും.

● യാത്രാ ദുരിതം: ഗ്രാമീണ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് മതിയായ ആരോഗ്യ സേവനങ്ങൾക്കായി നഗരങ്ങളിലേക്ക് ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നു. ഇത് യാത്രാച്ചെലവുകളും, പരിചരണ ഭാരവും വർദ്ധിപ്പിക്കുന്നു. ഗ്രാമീണ മേഖലയിൽ മതിയായ റോഡുകളോ, പൊതുഗതാഗത സൗകര്യങ്ങളോ ഇല്ലാത്തതിനാൽ, ചികിത്സാ പ്രവേശനം ഒരു വലിയ വെല്ലുവിളിയായി മാറുന്നു.

നയപരമായ വിടവുകൾ

ഡിസബിലിറ്റിയുള്ള വ്യക്തിയുടെ ജീവിതത്തിലെ പ്രധാന പരിവർത്തന ഘട്ടങ്ങളിൽ (Transition Stages) പിന്തുണ നൽകുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു. ഇത് ജീവിതകാലം മുഴുവൻ മാതാപിതാക്കളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് നയിക്കുന്നു.

വിദ്യാഭ്യാസം, തൊഴിൽ, പ്രവേശനക്ഷമത: നിലവിലെ അവസ്ഥ

ഡിസബിലിറ്റിയുള്ള വ്യക്തിക്ക് സ്വയംപര്യാപ്തത നൽകാനുള്ള അടിസ്ഥാനമാണ് വിദ്യാഭ്യാസം, എന്നാൽ ഇവിടെ വലിയ വിടവുകളുണ്ട്:

● വിദ്യാഭ്യാസ യോഗ്യത: ഇന്ത്യയിൽ ഡിസബിലിറ്റിയുള്ളവരിൽ 45 ശതമാനം പേർ മാത്രമാണ് സാക്ഷരത നേടിയവർ; 1.9 ശതമാനം പേർക്ക് മാത്രമേ വൊക്കേഷണൽ പരിശീലനം ലഭിക്കുന്നുള്ളൂ.

● തൊഴിൽ സംവരണത്തിലെ പരാജയം: Rights of Persons with Disabilities Act, 2016 പ്രകാരം സർക്കാർ ജോലികളിൽ 4% സംവരണം നിർബന്ധമാക്കിയിട്ടും, കേന്ദ്രസർക്കാർ ജീവനക്കാരിൽ ഡിസബിലിറ്റിയുള്ളവരുടെ പ്രാതിനിധ്യം 1.1% ൽ കൂടാനായിട്ടില്ല.

● ഗതാഗത പ്രശ്നം: 60 ശതമാനം ഡിസബിലിറ്റിയുള്ള വ്യക്തികൾക്കും പൊതുഗതാഗതം ഉപയോഗിക്കാൻ കഴിയുന്നില്ല. ലോ-ഫ്ളോർ ബസ്സുകൾ പോലുള്ള സംരംഭങ്ങൾ ആരംഭിച്ചിട്ടും, അവയുടെ ലഭ്യതയും പരിപാലനവും ഇപ്പോഴും അപര്യാപ്തമാണ്.

ഈ ഘടനാപരമായ പാളിച്ചകൾ കാരണം, ഡിസബിലിറ്റിയുള്ളവർക്ക് വരുമാനമാർഗ്ഗം കണ്ടെത്താനാവുന്നില്ല. തൽഫലമായി, സാമ്പത്തിക ഭാരം മുഴുവനും കുടുംബം വഹിക്കേണ്ടിവരുന്നു.

പേരിന് മാത്രമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ

കുടുംബങ്ങളെ താങ്ങിനിർത്താൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന പദ്ധതികൾ നിലവിലെ അവസ്ഥയിൽ തീർത്തും അപര്യാപ്തമാണ്.

● ആശ്വാസകിരണം: കിടപ്പിലായ ഡിസബിലിറ്റിയുള്ള വ്യക്തികളെ പരിചരിക്കുന്നവർക്ക് നൽകുന്നത് പ്രതിമാസം ₹600 മാത്രമാണ്. ഈ തുച്ഛമായ തുക ചികിത്സാച്ചെലവുകൾക്ക് മുന്നിൽ ഒന്നുമല്ല. ഇതിലും കടുത്തത്, ഈ തുകയുടെ വിതരണം രണ്ട് വർഷം വരെ വൈകുന്നു എന്നതാണ്. പെൻഷൻ വിതരണത്തിലെ കാലതാമസം കാരണം വയോധിക ദമ്പതികൾ ദയാവധത്തിന് അപേക്ഷിച്ച സംഭവങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

● നിരാമയ ഇൻഷുറൻസ്: ദേശീയ ട്രസ്റ്റ് നൽകുന്ന ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക കവറേജ് ₹1,00,000 (ഒരു ലക്ഷം രൂപ) മാത്രമാണ്. ജീവിതകാലം മുഴുവൻ ആവശ്യമായ പതിവ് തെറാപ്പികൾ, OPD ചികിത്സകൾ, ശസ്ത്രക്രിയകൾ എന്നിവയ്ക്ക് ഈ പരിധി തീർത്തും അശാസ്ത്രീയമാണ്. കവറേജ് തീർന്നാൽ, കുടുംബങ്ങൾ വീണ്ടും സാമ്പത്തിക ഭാരം പേറാൻ നിർബന്ധിതരാകുന്നു.

റെസ്പൈറ്റ് കെയർ: കടലാസിലെ ആശ്വാസം

പരിചാരകർക്ക് താത്കാലിക ആശ്വാസം നൽകാൻ ലക്ഷ്യമിട്ടുള്ള റെസ്പൈറ്റ് ഹോം പദ്ധതി , കേരളത്തിൽ 3 കേന്ദ്രങ്ങളിലായി മാത്രമാണ് നിലവിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ കേന്ദ്രങ്ങളിൽ ഒരേസമയം 25 മുതൽ 30 പേരെ വരെ മാത്രമേ താൽക്കാലികമായി പ്രവേശിപ്പിക്കാൻ സാധിക്കൂ. ഏകദേശം 7.6 ലക്ഷം ഡിസബിലിറ്റിയുള്ള വ്യക്തികളുള്ള ഒരു സംസ്ഥാനത്ത് ഇത് എത്രത്തോളം അപര്യാപ്തമാണെന്ന് പറയേണ്ടതില്ല.

നിയമപരവും സാമ്പത്തികവുമായ അടിത്തറ ഉറപ്പാക്കൽ

മാതാപിതാക്കളുടെ അഭാവത്തിൽ, ഡിസബിലിറ്റിയുള്ള വ്യക്തിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനും സ്വത്ത് സംരക്ഷിക്കാനും നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരം ഗാർഡിയനെ നിയമിക്കാനാകും. ജില്ലാ കളക്ടർ തലത്തിലുള്ള ലോക്കൽ ലെവൽ കമ്മിറ്റിയാണ് (LLC) ഇതിനായി അപേക്ഷ സ്വീകരിച്ച് ഗാർഡിയനെ നിയമിക്കുന്നത്. ഗാർഡിയൻഷിപ്പ് നൽകിയശേഷം, ഓരോ സാമ്പത്തിക വർഷാവസാനത്തിലും വ്യക്തിയുടെ സ്വത്തുക്കളുടെയും ചെലവുകളുടെയും കണക്കുകൾ നിയമിച്ച അധികാരിക്ക് മുന്നിൽ സമർപ്പിക്കേണ്ടതുണ്ട്. ഈ നിയമപരമായ സംവിധാനത്തെക്കുറിച്ച് വ്യാപകമായ ബോധവൽക്കരണം നൽകേണ്ടതുണ്ട്.

സ്പെഷ്യൽ നീഡ്സ് ട്രസ്റ്റ് (SNT)

മാതാപിതാക്കളുടെ മരണശേഷം കൈമാറുന്ന സ്വത്ത് കാരണം ഡിസബിലിറ്റിയുള്ള വ്യക്തിക്ക് നിലവിൽ ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾ (സാമൂഹ്യ സുരക്ഷാ പെൻഷനുകൾ പോലുള്ളവ) നഷ്ടപ്പെടാതിരിക്കാൻ സ്പെഷ്യൽ നീഡ്സ് ട്രസ്റ്റ് (SNT) രൂപീകരിക്കാം. സർക്കാർ ആനുകൂല്യങ്ങൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ (Asset Limits) SNT-യിലെ പണം ഉൾപ്പെടില്ല. ട്രസ്റ്റിലെ പണം ഉപയോഗിച്ച്, ഇൻഷുറൻസിൽ ഉൾപ്പെടാത്ത അധിക ആവശ്യങ്ങൾ (മെച്ചപ്പെട്ട തെറാപ്പി, വ്യക്തിഗത പരിചാരകർ) നിറവേറ്റാനും സർക്കാർ സഹായങ്ങൾ തുടർന്നും ലഭിക്കാനും കഴിയും.

സമൂഹകേന്ദ്രീകൃത പുനരധിവാസ മാതൃകകൾ (CBR)

ഡിസബിലിറ്റിയുള്ള മുതിർന്ന പൗരന്മാരെ വലിയ സ്ഥാപനങ്ങളിലേക്ക് തള്ളിവിടാതെ, സമൂഹത്തിൽ സുരക്ഷിതമായി ജീവിക്കാൻ സഹായിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് റിഹാബിലിറ്റേഷൻ (CBR) മാതൃകകൾ ശക്തിപ്പെടുത്തണം. കേരളത്തിൽ സ്വയംസഹായ സംഘങ്ങളും (Self Help Groups) സന്നദ്ധ സംഘടനകളും (NGOs) ചേർന്ന് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സാമൂഹിക ഉൾപ്പെടുത്തലിനും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും സഹായിക്കുന്നുണ്ട്. ഈ മാതൃകകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിപുലീകരിക്കണം.

ഡിസബിലിറ്റിയുമായി ബന്ധപ്പെട്ട് കേരളത്തിൽ അരങ്ങേറിയ ദുരന്തങ്ങൾ, നയപരമായ വിടവുകളും സാമൂഹിക മനസ്സാക്ഷിയുടെ നിസ്സംഗതയും ചേർന്ന് സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ വ്യക്തമായ സൂചനകളാണ്. ഡിസബിലിറ്റിയുള്ള ഓരോ പൗരൻ്റെയും അന്തസ്സും സുരക്ഷയും ഉറപ്പാക്കാൻ 'തൊട്ടിൽ മുതൽ കല്ലറ വരെ'യുള്ള സമഗ്രമായ സാമൂഹ്യ പ്രതിബദ്ധത അനിവാര്യമാണ്.

ഇടപെടേണ്ടത്

1.ആശ്വാസകിരണം മെച്ചപ്പെടുത്തുക: ₹600 എന്ന തുച്ഛമായ പെൻഷൻ തുക അടിയന്തിരമായി വർദ്ധിപ്പിക്കുകയും , വിതരണം കൃത്യമാക്കുകയും വേണം.

2.ആരോഗ്യ കവറേജ്: നിരാമയ ഇൻഷുറൻസ് പരിധി (₹1 ലക്ഷം) ചികിത്സാച്ചെലവുകൾക്ക് അനുസൃതമായി വർദ്ധിപ്പിക്കണം.

3.പരിചാരകരുടെ മാനസികാരോഗ്യം: പരിചാരകരുടെ ഒറ്റപ്പെടൽ ഒഴിവാക്കാൻ പ്രാദേശിക തലത്തിൽ താൽക്കാലിക റെസ്പൈറ്റ് കെയർ കേന്ദ്രങ്ങൾ വിപുലീകരിക്കുകയും, കൗൺസിലിംഗ് പിന്തുണ ഉറപ്പാക്കുകയും വേണം.

4.തൊഴിൽ നീതി: ഡിസബിലിറ്റി അവകാശ നിയമത്തിലെ തൊഴിൽ സംവരണം കർശനമായി നടപ്പാക്കുകയും, വിദ്യാഭ്യാസം, ഗതാഗതം, തൊഴിലിടം എന്നിവിടങ്ങളിലെ പ്രവേശനക്ഷമത പൂർണ്ണമായി ഉറപ്പാക്കുകയും വേണം.

നിയമങ്ങളോടും നയങ്ങളോടുമൊപ്പം, ഡിസബിലിറ്റിയുള്ള വ്യക്തികളെ നമ്മുടെ സമൂഹത്തിൻ്റെ അവിഭാജ്യ ഘടകമായി കാണാനുള്ള മാനുഷികമായ കാഴ്ചപ്പാടാണ് നമുക്ക് വേണ്ടത്. അവകാശവും നീതിയും ചേർന്ന ഈ സമീപനം, എല്ലാവർക്കും അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന ഒരു സുസ്ഥിര സമൂഹം സൃഷ്ടിക്കാൻ കേരളത്തിന് വഴികാട്ടും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News