Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: നവംബർ 19 ലോകമെമ്പാടും അന്താരാഷ്ട്ര പുരുഷ ദിനമായി ആഘോഷിക്കുന്നു. പുരുഷന്മാരുടെ സംഭാവനകളെ ഓർക്കാനും അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഉറപ്പാക്കുന്നതിനും ഈ ദിനം ശ്രദ്ധ കൊടുക്കുന്നു. എന്നാൽ വനിതാ ദിനം പോലെ പുരുഷ ദിനം ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടില്ല. എന്നിരുന്നാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരുഷന്മാരെ സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുരുഷന്മാരുടെ പ്രശ്‌നങ്ങളിലും നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ദിനത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന് പലരും വിശ്വസിക്കുന്നു.
എല്ലാ വർഷവും പുരുഷദിനത്തിന് ഒരു തീം തെരഞ്ഞെടുക്കാറുണ്ട്. 2023ൽ പുരുഷ ആത്മഹത്യ ഇല്ലാതാക്കുക എന്നതായിരുന്നെങ്കിൽ കഴിഞ്ഞ വർഷം അത് 'പോസിറ്റീവ് പുരുഷ മാതൃകകൾ' ആയിരുന്നു. 'പുരുഷന്മാരെയും ആൺകുട്ടികളെയും ആഘോഷിക്കുക' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ പ്രമേയം. മിസോറിയിലെ പ്രഫസർ തോമസ് ഓസ്റ്ററാണ് പുരുഷന്മാരെ ബാഹുമാനിക്കാൻ അന്താരാഷ്ട്ര പുരുഷ ദിനം എന്ന ആശയം വിഭാവനം ചെയ്തത്. 1992 ഫെബ്രുവരി 7ന് ആശയം സ്ഥിരപ്പെട്ടു. 1999 നവംബർ 19 മുതൽ തുടർച്ചായി പുരുഷദിനം ആചരിച്ചു പോരുന്നു. ഇന്ത്യയിൽ പുരുഷദിനം ആദ്യമായി ആചരിക്കുന്നത് 2007ലാണ്.
സമൂഹങ്ങളിലും, കുടുംബങ്ങളിലും, ശിശുസംരക്ഷണത്തിലും പുരുഷന്മാരും ആൺകുട്ടികളും വഹിക്കുന്ന നല്ല പങ്കിനെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കാൻ അന്താരാഷ്ട്ര പുരുഷ ദിനം സഹായിക്കുന്നു. ഒരു സമൂഹമെന്ന നിലയിൽ അവരുടെ മാനസികവും ശാരീരികവുമായ ക്ഷേമം എങ്ങനെ ഉറപ്പാക്കണമെന്നും അന്യായം ചെയ്യപ്പെട്ടവർക്ക് നീതി ലഭ്യമാക്കണമെന്നും ഈ ദിനം ഉറപ്പാക്കണം. സ്ത്രീകളെപ്പോലെ പുരുഷന്മാരും ജോലിസ്ഥലങ്ങളിൽ ദിവസം മുഴുവൻ അധ്വാനിച്ച്, കുടുംബത്തെ നിലനിർത്താൻ വേണ്ടി മാനസികവും ശാരീരികവുമായ ക്ഷേമം അവഗണിച്ചുകൊണ്ട് കഷ്ടപ്പെടുന്നു. എന്നാൽ സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി, പുരുഷന്മാർ ധൈര്യശാലികളായിരിക്കണമെന്നും കഷ്ടപ്പാടുകൾ സ്വീകരിക്കണമെന്നും സമൂഹം പ്രതീക്ഷിക്കുന്നു. അതുകൊണ്ട് ആവശ്യമായ പിന്തുണ ലഭിക്കാതെ പോകുന്നു. ഈ സാഹചര്യത്തിലാണ് പുരുഷന്മാരുടെ മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്.