നിങ്ങളുടെ വായ വൃത്തിയുള്ളതാണോ? എങ്ങനെ മനസിലാക്കാം
ദിവസവും ശരീരം വൃത്തിയാക്കുന്നത് പോലെതന്നെ പ്രധാനമാണ് എപ്പോഴും വായ വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതും
ദിവസവും കുളിച്ച് ശരീരം വൃത്തിയാക്കുന്നത് പോലെതന്നെ പ്രധാനമാണ് എപ്പോഴും വായ വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതും. രണ്ടു നേരം കുളിക്കുന്നത് പോലെ രണ്ടു നേരം ബ്രഷ് ചെയ്യുന്നതും ശീലിക്കേണ്ടതാണ്. പതിവായി പല്ലു തേക്കുന്നതും നാവ് വടിക്കുന്നതും ദോശകരമായ ബാക്ടീരിയകളെ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ വായ വൃത്തിയുള്ളതാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഡെന്റൽ പ്ലാക്ക്
ഡെന്റൽ പ്ലാക്കിൽ ആയിരക്കണക്കിന് ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. പല്ലുകൾക്ക് ചുറ്റിലും പ്ലാക്ക് അടിഞ്ഞു കൂടുന്നത് മോണരോഗവും മോണ വീക്കവും ഉണ്ടാകാൻ കാരണമാവുന്നു. ഇത് ചികിത്സിച്ചില്ലെങ്കിൽ കാവിറ്റി, മോണരോഗം, മോണപ്പഴുപ്പ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുന്നു.
വായനാറ്റം
പലരും പുറത്തുപോലും പറയാൻ മടിക്കുന്ന തരത്തിലുള്ള ഗൗരവമുള്ള പ്രശ്‌നമാണ് വായനാറ്റം. പലപ്പോഴും പൊതുസ്ഥലങ്ങളിലോ തൊഴിലിടങ്ങളിലോ സുഹൃത്തുക്കളുമായി സംസാരിക്കുമ്പോഴോ മടി തോന്നാറുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ മറ്റൊരാളോട് സംസാരിക്കുമ്പോൾ തന്നെ നിങ്ങളുടെ വായ വൃത്തിയുള്ളതാണോ എന്ന് മനസിലാക്കാവുന്നതാണ്.
പല്ലിലുള്ള പോടുകളിൽ അടിയുന്ന ആഹാരപദാർഥങ്ങൾ ചീഞ്ഞുണ്ടാകുന്ന ദുർഗന്ധം, മോണപഴുപ്പ്, നാക്കിൽ പറ്റിപ്പിടിക്കുന്ന ഫംഗസ്, സൈനസ്സുകളിൽ ഉണ്ടാകുന്ന അണുബാധ, മൂക്കിനകത്തുണ്ടാകുന്ന രോഗങ്ങൾ തുടങ്ങിയവ വായ്‌നാറ്റത്തിനുള്ള കാരണമാവാം. ഇങ്ങനെയുള്ളവർ രണ്ടു നേരം ബ്രഷ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
പല്ലിന്റെ നിറം
പല്ലിന്റെ നിറം വായയെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഒരാളുടെ സൗന്ദര്യത്തിൽ പോലും പല്ലിന് പ്രഥമ സ്ഥാനമുണ്ട്. മഞ്ഞ നിറത്തിലുള്ള പല്ലുകൾ ആകർഷണീയത ഇല്ലാതാക്കുമെന്നാതാണ് പ്രധാനം. പല്ലിന്റെ നിറം മഞ്ഞയായി മാറുന്നതിന് പല കാരണങ്ങളുണ്ട്. ഭക്ഷണം, ദന്ത ശുചിത്വം, പുകവലി, വാർദ്ധക്യം, ജനിതകശാസ്ത്രം, പരിസ്ഥിതി, ചില മരുന്നുകൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാൽ ഇത് സംഭവിക്കാം. പല്ലുകൾ വൃത്തിയായിരിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നു എന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
നാവ് വടിക്കുക
വായയുടെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നാവിലാണ് ഏറ്റവും കൂടുതൽ ബാക്ടീരിയകൾ അടങ്ങിയിട്ടുള്ളത്. എന്നിരുന്നാലും, മിക്ക ആളുകളും നാവ് വൃത്തിയാക്കാൻ സമയമെടുക്കുന്നില്ല. നിങ്ങളുടെ നാവ് പതിവായി വൃത്തിയാക്കുന്നത് പല്ല് കേടാകൽ, വായ്നാറ്റം എന്നിവ ഒഴിവാക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ ടംങ് ക്ലീനർ ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നത് ശീലമാക്കുക. സ്റ്റീൽ ടംങ് ക്ലീനർ ഉപേക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നാവ് വടിച്ചില്ലെങ്കിൽ അതിൽ അവശിഷ്ടങ്ങൾ കെട്ടിക്കിടക്കുകയും അത് വായ്നാറ്റം ഉണ്ടാകാനിടയാക്കുകയും ചെയ്യും.
ദന്തക്ഷയം
പല്ലിനുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനമാണ് ദന്തക്ഷയം. 6 മാസം പ്രായമുള്ള കുട്ടികൾ മുതൽ എല്ലാ പ്രായക്കാരിലും ഈ രോഗം പ്രകടമാണ്. വായിൽ ഉണ്ടാകുന്ന ബാക്ടീരിയ ഭക്ഷണത്തിലെ അന്നജത്തെ വിഘടിപ്പിക്കുമ്പോഴാണ് ദന്തക്ഷയത്തിന് കാരണമാകുന്ന ആസിഡ് രൂപം കൊള്ളുന്നത്. ഈ ആസിഡ് പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുന്നു.