'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട'; ഈ അഞ്ച് ശീലങ്ങൾ വൃക്കയുടെ ആരോഗ്യം നശിപ്പിച്ചേക്കും

വൃക്ക രോഗം ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. വൃക്കയുടെ ആരോഗ്യവുമായി നമ്മൾ അധികം ബന്ധപ്പെടുത്താത്ത ദൈനംദിന ശീലങ്ങളാണ് പലപ്പോഴും വൃക്ക രോഗത്തിന് കാരണമാകുന്നത്

Update: 2025-10-17 13:00 GMT
Editor : നബിൽ ഐ.വി | By : Web Desk

ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് വൃക്ക. രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ മൂത്രമാക്കി പുറന്തള്ളുകയുമൊക്കെയാണ് വൃക്കയുടെ പ്രധാന ജോലികള്‍. കൂടാതെ രക്തസമ്മർദം നിയന്ത്രിക്കുകയും ചുവന്ന രക്താണുക്കളെ നിർമ്മിക്കുകയും ശരീരത്തിലെ പിഎച്ച്, ഉപ്പ്, പൊട്ടാസ്യം എന്നിവയുടെ അളവ് നിയന്ത്രിക്കുക തുടങ്ങി മറ്റ് പല ഉത്തരവാദിത്തങ്ങളും വൃക്കക്കുണ്ട്.

എന്നാൽ വൃക്ക രോഗം ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ഇന്നത്തെ ജീവിത ശൈലി പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്ന കൂട്ടത്തില്‍ വൃക്കയെയും അത് ബാധിക്കുന്നു. പലപ്പോഴും വൃക്ക രോഗം ആദ്യം തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിക്കാറില്ല. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60-70 ശതമാനവും നഷ്ടപ്പെട്ടു കഴിയുമ്പോഴായിരിക്കും അത് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്കയുടെ ആരോഗ്യവുമായി നമ്മൾ അധികം ബന്ധപ്പെടുത്താത്ത ദൈനംദിന ശീലങ്ങളാണ് പലപ്പോഴും വൃക്ക രോഗത്തിന് കാരണമാകുന്നത്. ഈ ശീലങ്ങളും പ്രാരംഭ മുന്നറിയിപ്പ് ലക്ഷണങ്ങളും പരിശോധിക്കാം.

Advertising
Advertising

നിർജ്ജലീകരണം

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് മൂത്രത്തിന്റെ സാന്ദ്രത വർധിപ്പിക്കുന്നു. ഇത് മൂലം മാലിന്യങ്ങൾ പുറന്തള്ളാൻ വൃക്കകൾക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരുന്നു. ആവർത്തിച്ചുള്ള നിർജ്ജലീകരണം വൃക്കകൾക്ക് ക്രമേണ കേടുപാടുകൾ വരുത്തും. കാലാവസ്ഥയിലോ കഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോഴോ ഇത് പ്രത്യേകം ശ്രദ്ധിക്കണം. കടുത്ത നിറത്തിലുള്ളതോ അളവിൽ കുറഞ്ഞതോ ആയ മൂത്രം ശരീരത്തിന് കൂടുതൽ വെള്ളം ആവശ്യമാണെന്ന് സൂചിപ്പിക്കുന്നു.

ഭക്ഷണക്രമം

ചെറുപ്പക്കാരിൽ വൃക്ക തകരാറുകൾ വർദ്ധിക്കുന്നതിന് പിന്നില്‍ അവരുടെ ഭക്ഷണക്രമത്തിന് വലിയ ബന്ധമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പോലും പറയുന്നത്. പ്രത്യേക ഭക്ഷണങ്ങളുടെ പതിവ് ഉപഭോഗം വൃക്ക തകരാറിലേക്ക് നയിക്കുന്നു. സംസ്കരിച്ചതും ടിന്നിലടച്ചതുമായ ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങളും സോഡകളും, ഫാസ്റ്റ് ഫുഡ്, പൊട്ടാസ്യവും ഫോസ്ഫറസും കൂടുതലുള്ള ഭക്ഷണങ്ങൾ തുടങ്ങിയവ വൃക്കകളെ ബാധിക്കും.‌

പുകവലിയും മദ്യപാനവും

പുകവലി വൃക്കകളിലെ രക്തക്കുഴലുകളെ ചുരുക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് വർധിപ്പിക്കുകയും ചെയ്യുന്നു. അമിതമായ മദ്യപാനം ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകുന്നു. ഈ ഘടകങ്ങൾ പ്രമേഹത്തിനോ ഉയർന്ന രക്തസമ്മർദ്ദത്തിനോ ഉള്ള സാധ്യത വർധിപ്പിക്കുന്നു. പ്രകടമായ രോഗമില്ലെങ്കിലും ഈ ഘടകങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും.

ഉപ്പിന്റെ അമിത ഉപയോഗം

അമിതമായ ഉപ്പ് രക്തസമ്മർദ്ദം ഉയർത്തുന്നു. ഇത് വൃക്കരോഗത്തിന്റെ ഒരു പ്രധാന കാരണങ്ങളിലൊന്നാണ്. ഉയർന്ന രക്തസമ്മർദ്ദം വൃക്കകളിലെ ചെറിയ രക്തക്കുഴലുകളെ ബാധിക്കും. സംസ്കരിച്ച ഭക്ഷണങ്ങൾ, പാക്കറ്റുകളിൽ വരുന്ന ലഘുഭക്ഷണങ്ങൾ, അച്ചാറുകൾ, ഫാസ്റ്റ് ഫുഡ് എന്നിവ പരിമിതപ്പെടുത്താം. അമിതമായ പഞ്ചസാരയുടെ ഉപയോഗം ഇൻസുലിൻ പ്രതിരോധം, യൂറിക് ആസിഡ് എന്നിവ വർധിപ്പിക്കുന്നു. ഇത് പരോക്ഷമായി വൃക്കകൾക്ക് ഹാനികരമാണ്.

മാനസിക സമ്മർദ്ദം

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും ഉയർന്ന രക്തസമ്മർദ്ദം, മെറ്റബോളിക് സ്ട്രെസ്, വീക്കം എന്നിവ വർധിപ്പിക്കുന്നു. ക്രമം തെറ്റിയുള്ള ഉറക്കം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കും. ഇത് വൃക്കകളുടെ ആരോഗ്യത്തേയും ബാധിക്കും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News