ഒരു തുള്ളിപോലും ദോഷം, സുരക്ഷിത മദ്യപാനം എന്നൊന്നില്ല; ലോകാരോഗ്യ സംഘടന

യൂറോപ്പിൽ 200 ദശലക്ഷം ആളുകൾക്ക് കാൻസർ വരാന്‍ സാധ്യത

Update: 2023-01-11 09:23 GMT
Editor : Lissy P | By : Web Desk

ഒരുതുള്ളി മദ്യം പോലും അപകടം

ജനീവ: മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്പോഴും കുറച്ച് മദ്യം കഴിക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ലെന്നാണ് പൊതു ധാരണ. അതിന് സുരക്ഷിത മദ്യപാനം എന്ന് വിളിക്കുകയും ചെയ്യും. എന്നാൽ സുരക്ഷിത മദ്യപാനം എന്നൊന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ആരോഗ്യത്തെ ബാധിക്കാത്ത രീതിയിൽ മദ്യത്തിന് അളവ് ഇല്ലെന്നാണ് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കൂടുതൽ മദ്യം കഴിക്കുന്നതിനനുസരിച്ച് കാൻസർ വരാനുള്ള സാധ്യത ഗണ്യമായി വർധിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. യൂറോപ്പിൽ 200 ദശലക്ഷം ആളുകൾക്ക് ആൽക്കഹോൾ-ആട്രിബ്യൂട്ടബിൾ കാൻസർ വരാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന  പറയുന്നു. ലാൻസെറ്റ് പബ്ലിക് ഹെൽത്ത് പ്രദ്ധീകരിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertising
Advertising

ആഴ്ചയിൽ 1.5ലിറ്റർ കുറവ് വൈനും 3.5 ലിറ്ററിൽ കുറവ് ബിയറും ആഴ്ചയിൽ 450 മില്ലി മദ്യം കഴിക്കുന്നതുപോലും ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. വിലയും ഗുണനിലവാരവും പരിഗണിക്കാതെ തന്നെ മദ്യം അടങ്ങിയ ഏത് പാനീയയവും കാൻസറിന് കാരണമാകും. 

കുടൽ കാൻസർ,  സ്തനാർബുദം തുടങ്ങി കുറഞ്ഞത് ഏഴ് കാൻസറുകളെങ്കിലും മദ്യപാനം മൂലമുണ്ടാകുന്നുണ്ട്. എഥനോൾ ശരീരത്തിൽ എത്തുന്നത് വഴി ജൈവിക സംവിധാനങ്ങൾ തകരുകയും ഇത് കാൻസറിന് കാരണമാകുകയും ചെയ്യുന്നു. മദ്യത്തിന്റെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ല എന്ന് തെളിയിക്കാൻ ശാസ്ത്രീയമായ തെളിവുകൾ ആവശ്യമാണെന്നും ലോകാരോഗ്യസംഘടനയുടെ കുറിപ്പിൽ പറയുന്നു.

മദ്യപാനത്തിന്റെ ആദ്യ തുള്ളി അകത്തെത്തുന്നത് മുതൽ ഒരാളുടെ ആരോഗ്യം അപകടത്തിലേക്ക് പോകുന്നു. എത്രത്തോളം കൂടുതൽ മദ്യപിക്കുന്നുവോ അത്രയും അപകടസാധ്യത കൂടും. എത്ര കുറച്ച് മദ്യപിക്കുന്നുവോ അത്രത്തോളംസുരക്ഷിതമാണെന്ന് മാത്രമേ പറയാനാകൂ എന്നും ലോകാരോഗ്യ സംഘടനയുടെ ഡിസീസ് മാനേജ്മെന്റും ആൽക്കഹോൾ, നിയമവിരുദ്ധ മയക്കുമരുന്നുകളുടെ റീജിയണൽ അഡൈ്വസറുമായ ഡോ. കാരീന ഫെരേര-ബോർജസ് പറയുന്നു.

ആഗോളതലത്തിൽ, യൂറോപ്യൻ മേഖലയിലാണ് ഏറ്റവും കൂടുതൽ മദ്യപിക്കുന്നവർ ഉള്ളത്. ഇതുമൂലം ജനസംഖ്യയിൽ 200 ദശലക്ഷത്തിലധികം ആളുകൾക്ക് ആൽക്കഹോൾ-ആട്രിബ്യൂട്ടബിൾ ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന അഭിപ്രായപ്പെട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News