എത്ര കഴിച്ചാലും വിശപ്പുമാറുന്നില്ലേ? രാത്രി വൈകിയും വിശപ്പ് തോന്നാറുണ്ടോ? കാരണമറിയാം

ഉറക്കം പോലും തടസ്സപ്പെടുത്തുന്ന വിശപ്പ് തോന്നാറുണ്ടോ? രാവിലെ ഉണരുമ്പോൾ അസഹനീയമായി വിശപ്പു തോന്നാറുണ്ടോ? സൂക്ഷിക്കുക, ഈ അമിതമായ വിശപ്പ് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം

Update: 2025-12-08 13:33 GMT

വിശപ്പ് ഒരു സാധാരണ ശാരീരിക പ്രവർത്തനമാണ്. എന്നാൽ എപ്പോഴുമുള്ള വിശപ്പത്ര സാധാരണമല്ല. രാത്രിയേറെ വൈകിയും ഉറക്കം പോലും തടസ്സപ്പെടുത്തുന്ന വിശപ്പ് തോന്നാറുണ്ടോ? രാവിലെ ഉണരുമ്പോൾ അസഹനീയമായി വിശപ്പു തോന്നാറുണ്ടോ? സൂക്ഷിക്കുക, ഈ അമിതമായ വിശപ്പ് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.

സാധാരണയായി രാത്രികളിൽ വിശപ്പ് ഇല്ലാതിരിക്കുകയും ശരീരം വിശ്രമിക്കുകയും ചെയ്യുക എന്നതാണ് പതിവ്. ഉറക്കമുണരുമ്പോൾ തോന്നുന്ന അസഹനീയമായ വിശപ്പ് ചില ആരോഗ്യ പ്രശ്‌നങ്ങളുടെ കാരണമാകാം. വൈകി ഭക്ഷണം കഴിക്കുന്നതും ഹോർമോൺ വ്യതിയാനും ചില മരുന്നുകളും ഇതിന് കാരണമാവാം. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കാൻ തോന്നുന്നതിന് പിന്നിലും പല കാരണങ്ങളുണ്ട്. അസഹനീയമായ വിശപ്പ് തോന്നുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നറിയാം.

Advertising
Advertising

കിടക്കുന്നതിന് മുമ്പായി അമിതമായി ഭക്ഷണം കഴിക്കുന്നത്

രാത്രിയിൽ മധുരപലഹാരങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ (മൈദ വിഭവങ്ങൾ, പാസ്ത) എന്നിവ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയും പിന്നീട് കുത്തനെ താഴുകയും ചെയ്യുന്നു. ഇത് വീണ്ടും വിശപ്പ് വർധിപ്പിക്കുന്നു. കൂടാതെ, പ്രധാന ഭക്ഷണങ്ങളിൽ ആവശ്യത്തിന് പ്രോട്ടീൻ (മുട്ട, പയർ, മത്സ്യം) അല്ലെങ്കിൽ ഫൈബർ (നാരുകൾ - പച്ചക്കറികൾ, ധാന്യങ്ങൾ) എന്നിവ ഉൾപ്പെടുത്താതിരുന്നാൽ വയറു നിറഞ്ഞതായി തോന്നാനുള്ള ലെപ്റ്റിൻ ഹോർമോണിന്റെ ഉത്പാദനം കുറയുന്നത് വിശപ്പിന് കാരണമാകുന്നു.

ഉറക്കമില്ലായ്മ

ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോൾ, വിശപ്പ് ഉത്തേജിപ്പിക്കുന്ന ഘ്രെലിൻ എന്ന ഹോർമോണിന്റെ അളവ് കൂടുകയും, വിശപ്പിനെ നിയന്ത്രിക്കുന്ന ലെപ്റ്റിൻ ഹോർമോണിന്റെ അളവ് കുറയുകയും ചെയ്യുന്നു. ഇത് രാത്രി വൈകി ഭക്ഷണം കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. മുതിർന്ന വ്യക്തികൾക്ക് ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ തുടർച്ചയായ ഉറക്കം ആവശ്യമാണ്. വളരെ ചെറിയ കാലത്തേക്കുള്ള ഉറക്കകുറവ് പോലും ഘ്രെലിന്റെ അളവ് കൂട്ടുകയും ഇതുവഴി വിശപ്പും ദാഹവും കൂടുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു. ഇത്തരത്തിൽ വിശപ്പ് തോന്നുമ്പോൾ കാലോറി കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാനും രാത്രി ഭക്ഷണം കഴിക്കാനുമുള്ള തോന്നലുണ്ടാക്കുമെന്ന് 'അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൃത്യമായ ഉറക്കത്തിനായി സ്‌ക്രീൻ ടൈം കുറക്കുക, കൃത്യമായ ദിനചര്യകൾ പിന്തുടരുക, ശാന്തമായ അന്തരീക്ഷം നിലനിർത്തുക ഇതെല്ലാം പ്രധാനമാണ്.

സമ്മർദം

അസഹനീയമായ വിശപ്പ് ചിലപ്പോൾ സമ്മർദം കാരണവുമാകാം. സമ്മർദമുണ്ടാകുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോൺ മധുരമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കും. നീണ്ടുനിൽക്കുന്ന സമ്മർദം ഇമോഷണൽ ഈറ്റിങ്ങിന് കാരണമാകും. യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ തുടങ്ങിയ സമ്മർദവും വിശപ്പുമകറ്റാൻ സഹായിക്കും.

നൈറ്റ് ഈറ്റിങ് സിൻഡ്രോം

ഒരു ഈറ്റിങ് ഡിസോർസറാണ് നെറ്റ് ഈറ്റിങ് സിൻഡ്രോം. വൈകിട്ട് ഭക്ഷണം കഴിച്ച ശേഷം വലിയ അളവിൽ ഭക്ഷണം കഴിക്കുകയും ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഭക്ഷണം കഴിക്കാനായി ഉണരുകയും ചെയ്യുന്ന അവസ്ഥയാണിത്. സർക്കാഡിയൻ ഈറ്റിങ് റിഥത്തിൽ വരുന്ന ഡിലേയാണിതിന് കാരണം. ഈ ഡിസോർഡർ ഉള്ളവർക്ക് രാവിലെ വിശപ്പ് ഉണ്ടാവില്ല. ഭക്ഷണം കഴിക്കാതെ ഉറങ്ങാനും സാധിക്കില്ല എന്ന തോന്നലിൽ ഉറക്കവും നഷ്ടപ്പെടും. സെട്രാലിൻ, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, മെലാടോണിൻ സപ്ലിമെന്റുകൾ തുടങ്ങിയവയിലൂടെ ഇത് പരിഹരിക്കാം.

രാത്രിയിലെ നീണ്ട ഇടവേളയ്ക്ക് ശേഷം രാവിലെ വിശപ്പ് തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഉണരുമ്പോൾ തന്നെ അമിതമായ വിശപ്പ് അനുഭവപ്പെടുന്നതിന് കാരണം രാത്രിയിൽ വളരെ കുറഞ്ഞ അളവിലോ അല്ലെങ്കിൽ പോഷകങ്ങൾ കുറഞ്ഞ ഭക്ഷണം കഴിച്ചതോ ആകാം. പ്രമേഹമുള്ളവരിലോ ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ കുറവ്) ഉള്ളവരിലോ രാവിലെ അമിത വിശപ്പ് ഒരു ലക്ഷണമായി കണ്ടേക്കാം.

ഈ അമിത വിശപ്പിനെ നിയന്ത്രിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

  • അമിതവണ്ണം: രാത്രിയിൽ അധിക കലോറി ശരീരത്തിലെത്തുന്നത് പെട്ടെന്നുള്ള ഭാരവർധനവിനും അമിതവണ്ണത്തിനും കാരണമാകുന്നു. ഇത് ഹൃദ്രോഗം പോലുള്ള മറ്റ് ജീവിതശൈലീ രോഗങ്ങളിലേക്ക് വഴിവെച്ചേക്കാം.
  • പ്രമേഹ സാധ്യത: അസമയത്തെ ആഹാരം, പ്രത്യേകിച്ച് മധുരപലഹാരങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് താളം തെറ്റിച്ച് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കാം.
  • ദഹന പ്രശ്‌നങ്ങളും മോശം ഉറക്കവും: രാത്രി വൈകിയുള്ള ഭക്ഷണം ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും, നെഞ്ചെരിച്ചിൽ, ഗ്യാസ് പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു.

വിശപ്പിനെ ആരോഗ്യകരമായി നിയന്ത്രിക്കാൻ ഈ ലളിതമായ മാറ്റങ്ങൾ നിങ്ങളുടെ ജീവിതശൈലിയിൽ കൊണ്ടുവരാവുന്നതാണ്:

  •  സമീകൃതാഹാരം ഉറപ്പാക്കുക: ഓരോ നേരത്തെ ഭക്ഷണത്തിലും പ്രോട്ടീനും നാരുകളും ധാരാളമായി ഉൾപ്പെടുത്തുക. ഇത് വയറ് നിറഞ്ഞതായി തോന്നാൻ സഹായിക്കും. വിശപ്പ് തോന്നുമ്പോൾ പഴങ്ങൾ, പരിപ്പുകൾ (നട്സ്), തൈര് എന്നിവ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
  •  കൃത്യമായ ഉറക്കം: എല്ലാ ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക. ഉറക്കത്തിന്റെ സമയം ക്രമീകരിക്കുന്നത് ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ പ്രധാനമാണ്.
  •  ധാരാളം വെള്ളം കുടിക്കുക: വിശപ്പ് തോന്നുമ്പോൾ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ദാഹമാണോ വിശപ്പാണോ എന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും.
  •  സമ്മർദം കുറയ്ക്കുക: യോഗ, ധ്യാനം, ലഘുവായ വ്യായാമം തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുന്നത് വൈകാരികമായ വിശപ്പിനെ (Emotional Eating) കുറയ്ക്കും.
  •  ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക.

ഈ പ്രശ്‌നം ദീർഘകാലമായി തുടരുകയാണെങ്കിലോ ക്ഷീണം, അമിത ദാഹം, ഭാരം പെട്ടന്ന് കുറയുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളോ കാണുന്നുണ്ടെങ്കിൽ, ഒരു ഡോക്ടറെ കണ്ട് മെഡിക്കൽ നിർദ്ദേശങ്ങൾ തേടേണ്ടത് അത്യാവശ്യമാണ്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News