എല്ലാം തേപ്പല്ല! പ്രണയിക്കാൻ ഇഷ്ടം, പക്ഷേ വിവാഹം വേണ്ട! എന്താണ് ഗാമോഫോബിയ?

പ്രണയം എന്നത് വിവാഹത്തിലേക്ക് എത്തുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ബന്ധങ്ങളിൽ വ്യക്തിസ്വാതന്ത്ര്യവും പരസ്പര ബഹുമാനവും വൈകാരികമായ സുരക്ഷിതത്വവും പ്രധാനമാണ്.

Update: 2026-10-16 11:06 GMT

പ്രണയിക്കാനും പങ്കാളിയോട് ആത്മാർഥമായ സ്നേഹം പുലർത്താനും താൽപര്യമുണ്ടെങ്കിലും ബന്ധം വിവാഹത്തിലേക്ക് കടക്കുമ്പോൾ ഭയന്ന് പിന്നോട്ടുപോകുന്നവരുണ്ടോ? ദീർഘകാല ബന്ധത്തിലേക്ക് കടന്നാൽ വേദനിക്കേണ്ടിവരുമോ, സ്വാതന്ത്ര്യം നഷ്ടപ്പെടുമോ തുടങ്ങിയ ആശങ്കകൾ അവരെ അലട്ടുന്നുണ്ടാകാം.

ചുരുക്കിപ്പറഞ്ഞാൽ, പ്രതിബദ്ധതയുള്ള ബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണത. പലരും ഇതിനെ 'തേപ്പ്' എന്നൊക്കെ പറഞ്ഞ് പരിഹസിക്കാറുണ്ട്. എന്നാൽ എല്ലാ പിന്മാറ്റങ്ങളും തേപ്പല്ല. ചിലരുടെ കാര്യത്തിൽ വിവാഹത്തോടും ദീർഘകാല ബന്ധങ്ങളോടുമുള്ള ഭയം അതിനു പിന്നിലുണ്ടാകാം. ഈ ഭയത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് ഗാമോഫോബിയ. 

Advertising
Advertising

എന്താണ് ഗാമോഫോബിയ?

വിവാഹത്തോടോ ദീർഘകാല ബന്ധങ്ങളോടോ തോന്നുന്ന തീവ്രമായ ഭയത്തെയാണ് ഗാമോഫോബിയ എന്നു വിളിക്കുന്നത്. വിവാഹത്തെക്കുറിച്ചുള്ള ചെറിയ ആശങ്കയോ തീരുമാനമെടുക്കാനുള്ള മടിയോ മാത്രമല്ല ഇത്. ഒരാളുടെ ബന്ധങ്ങളെയും ജീവിത തീരുമാനങ്ങളെയും പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും സ്വാധീനിക്കാവുന്ന വൈകാരിക അനുഭവമാണിത്.

പ്രണയിക്കാനോ പങ്കാളിയോടൊപ്പം ജീവിക്കാനോ താൽപര്യമില്ലാത്തതല്ല ഇത്തരം ഭയം അനുഭവിക്കുന്നവരുടെ പ്രശ്നം. പകരം, ബന്ധത്തിലെ ഉത്തരവാദിത്തങ്ങൾ, വൈകാരികമായ അടുപ്പം, പ്രതിബദ്ധത, വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ആശങ്ക എന്നിവയാണ് അവരെ അലട്ടുന്നത്.

ബന്ധം തുടങ്ങുമ്പോൾ സന്തോഷത്തോടെയും അടുപ്പത്തോടെയും മുന്നോട്ടുപോകുന്ന ചിലർ വിവാഹത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ചർച്ചകൾ തുടങ്ങുമ്പോൾ പിന്മാറുന്നതായി കാണാം. കുടുംബത്തെ പരിചയപ്പെടുത്തുക, വിവാഹം തീരുമാനിക്കുക, ഒരുമിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകുമ്പോൾ ഇവരുടെ ആശങ്ക വർധിക്കാം.

ബന്ധം പരാജയപ്പെട്ടാൽ എന്തുചെയ്യും, സ്വാതന്ത്ര്യം നഷ്ടപ്പെടുമോ, തെറ്റായ വ്യക്തിയെ തിരഞ്ഞെടുത്താൽ ആ തീരുമാനം തിരുത്താനാകുമോ തുടങ്ങിയ ചിന്തകൾ ഇവരെ അലട്ടാം. പ്രണയബന്ധത്തിൽ സന്തോഷമുണ്ടെങ്കിലും ദീർഘകാല പ്രതിബദ്ധതയിലേക്ക് കടക്കുമ്പോൾ ഭയം ശക്തമാകാം.

ഗാമോഫോബിയയുടെ കാരണങ്ങൾ എന്തെല്ലാം?

കുട്ടിക്കാലത്തെ അനുഭവങ്ങൾ, മാതാപിതാക്കൾ തമ്മിലുള്ള നിരന്തര തർക്കങ്ങൾ, കുടുംബത്തിലെ വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങൾ നേരിൽ കാണുന്നത്, മുൻകാല പ്രണയബന്ധങ്ങളിലെ വേദനാജനകമായ അനുഭവങ്ങൾ എന്നിവ ചിലരിൽ ഇത്തരം ഭയത്തിന് കാരണമായേക്കാം.

സ്വന്തം വ്യക്തിത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെടുമെന്ന ഭയം, മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്നതിലുള്ള ആശങ്ക, ബന്ധത്തിൽ പരാജയപ്പെടുമെന്ന ചിന്ത എന്നിവയും ഇതിനു പിന്നിലുണ്ടാകാം.

ഡേറ്റിങ് ആപ്പുകളും സാമൂഹികമാധ്യമങ്ങളും കൂടുതൽ സാധ്യതകൾ മുന്നിലെത്തിക്കുന്ന കാലത്ത്, മറ്റു സാധ്യതകൾ നഷ്ടപ്പെടുമോ എന്ന ആശങ്കയും ചിലരിൽ പ്രതിബദ്ധതയോടുള്ള മടി വർധിപ്പിച്ചേക്കാം. എന്നാൽ ഇവയെല്ലാം ഗാമോഫോബിയയുടെ കാരണങ്ങളാണെന്ന് ഉറപ്പിച്ചുപറയാനാവില്ല. ഓരോ വ്യക്തിയുടെയും അനുഭവങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണ്.

ഇന്ത്യയിൽ വിവാഹം വ്യക്തികൾ തമ്മിലുള്ള ബന്ധം മാത്രമല്ല; കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷകളുമായി കൂടി ബന്ധപ്പെട്ടതാണ്. നേരത്തേ വിവാഹം കഴിക്കണമെന്ന സമ്മർദം, കുടുംബത്തിന്റെ താൽപര്യങ്ങൾ, 'ആളുകൾ എന്തുപറയും' എന്ന ചിന്ത, വിവാഹത്തിലെ പരമ്പരാഗത ഉത്തരവാദിത്തങ്ങൾ എന്നിവ ചിലരെ സമ്മർദത്തിലാക്കാം.

അതേസമയം, വ്യക്തിസ്വാതന്ത്ര്യം, കരിയർ, സ്വന്തം വളർച്ച, വൈകാരികമായ പൊരുത്തം എന്നിവയ്ക്ക് പുതിയ തലമുറ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. വിവാഹം എപ്പോൾ കഴിക്കണം, കഴിക്കണമോ വേണ്ടയോ തുടങ്ങിയ തീരുമാനങ്ങളിൽ വ്യക്തിപരമായ താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവണതയും കാണാം. ഇത്തരം മാറ്റങ്ങളും വിവാഹത്തെക്കുറിച്ചുള്ള സമീപനങ്ങളെ സ്വാധീനിച്ചേക്കാം.

എന്നാൽ വിവാഹം കഴിക്കാൻ താൽപര്യമില്ലാത്തവരോ വിവാഹത്തെക്കുറിച്ച് തീരുമാനമെടുക്കാൻ സമയം ആവശ്യപ്പെടുന്നവരോ എല്ലാവരും ഗാമോഫോബിയ അനുഭവിക്കുന്നവരാണെന്ന് കരുതരുത്. വ്യക്തിപരമായ തിരഞ്ഞെടുപ്പും ഭയം മൂലമുള്ള പിന്മാറ്റവും രണ്ടാണ്.

ഗാമോഫോബിയ മാനസിക രോഗമാണോ?

ഗാമോഫോബിയ എന്ന പദം വിവാഹത്തോടോ പ്രതിബദ്ധതയോടോ ഉള്ള ഭയത്തെ വിവരിക്കാനാണ് പൊതുവെ ഉപയോഗിക്കുന്നത്. പ്രധാന മാനസികാരോഗ്യ രോഗനിർണയ മാനദണ്ഡങ്ങളിൽ ഇത് പ്രത്യേകം അംഗീകരിക്കപ്പെട്ട സ്വതന്ത്ര രോഗനിർണയമായി ഉൾപ്പെടുത്തിയിട്ടില്ല.

വിവാഹത്തെക്കുറിച്ച് സംശയമുണ്ടെന്നതുകൊണ്ടുമാത്രം ഒരാൾക്ക് ഗാമോഫോബിയയുണ്ടെന്ന് പറയാനാവില്ല. മുൻകാല അനുഭവങ്ങൾ, വ്യക്തിപരമായ താൽപര്യങ്ങൾ, നിലവിലെ ബന്ധത്തിലെ സാഹചര്യങ്ങൾ എന്നിവയെല്ലാം പരിഗണിക്കണം.

വിവാഹം വേണ്ടെന്നുവെക്കുന്നതോ തീരുമാനമെടുക്കാൻ സമയം ആവശ്യപ്പെടുന്നതോ എല്ലായ്പ്പോഴും പ്രശ്നത്തിന്റെ ലക്ഷണമല്ല. എന്നാൽ പ്രതിബദ്ധതയെക്കുറിച്ചുള്ള ഭയം നിരന്തരം ബന്ധങ്ങളെ ബാധിക്കുകയോ കടുത്ത മാനസിക വിഷമത്തിന് കാരണമാകുകയോ ചെയ്യുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് പ്രയോജനകരമായേക്കാം.

പ്രണയം എന്നത് വിവാഹത്തിലേക്ക് എത്തുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ബന്ധങ്ങളിൽ വ്യക്തിസ്വാതന്ത്ര്യവും പരസ്പര ബഹുമാനവും വൈകാരികമായ സുരക്ഷിതത്വവും പ്രധാനമാണ്. വിവാഹത്തെക്കുറിച്ചുള്ള സ്വന്തം ഭയങ്ങളും പ്രതീക്ഷകളും തിരിച്ചറിയുകയും അവയെക്കുറിച്ച് പങ്കാളിയുമായി തുറന്നുസംസാരിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ബന്ധങ്ങൾ രൂപപ്പെടുത്താൻ സഹായിക്കും.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - ഹെൽത്ത് ഡെസ്ക്

contributor

Similar News