പഞ്ചസാരയോ ബ്രഡോ അല്ല; നിങ്ങൾ പേടിക്കേണ്ട കാർബോഹൈഡ്രേറ്റ് ഇതാണ്!
ഒരേ രീതിയിൽ എല്ലാം ഗ്ലൂക്കോസായി മാറുന്നെങ്കിലും ചില കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയർത്തുന്നു
ശരീരഭാരം കൂടുന്നതിനുള്ള പ്രധാന ഘടകങ്ങളിൽ ഒന്നാണ് കാർബോഹൈഡ്രേറ്റുകൾ. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ, കാർബോഹൈഡ്രേറ്റുകൾ കുറവായ ആഹാരങ്ങൾ തെരഞ്ഞെടുക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ഗ്ലൂക്കോസ്, പഞ്ചസാര, പാൽ, ധാന്യങ്ങൾ, കിഴങ്ങ് വർഗങ്ങൾ ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സിംപിൾ ഷുഗർ എന്നറിയപ്പെടുന്ന പഞ്ചസാര, ഗ്ലൂക്കോസ് ഇവയെല്ലാം പൂർണമായി കാർബോഹൈഡ്രേറ്റുകളാണ്.
ഒരേ രീതിയിൽ എല്ലാം ഗ്ലൂക്കോസായി മാറുന്നെങ്കിലും ചില കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയർത്തുന്നു – പഞ്ചസാര, തേൻ, മധുരമുള്ള പഴങ്ങൾ തുടങ്ങിയവ. എന്നാൽ മറ്റുചില ആഹാരങ്ങൾ ഗ്ലൂക്കോസ് ഉത്പാദനം നന്നായി നിയന്ത്രിക്കുകയും പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ഇവയൊന്നുമല്ല ഏറ്റവും അപകടകരമായ കാര്‍ബോഹൈഡ്രേറ്റ് എന്ന് ഓർത്തോ, സ്പോർട്സ് സർജനായ ഡോ. ഒബൈദൂർ റഹ്മാൻ പറയുന്നു. പൊതുവെ കരുതുന്നതുപോലെ പഞ്ചസാരയും ബ്രെഡും ആരോഗ്യത്തിന് വലിയ ഭീഷണിയല്ലെന്നും റഹ്മാൻ ചൂണ്ടിക്കാട്ടുന്നു.
മൈക്രോഡെക്സ്ട്രിൻ അല്ലെങ്കിൽ കോൺ സ്റ്റാർച്ച് എന്നും അറിയപ്പെടുന്ന സ്റ്റാർച്ച് എങ്ങനെയാണ് ഉയർന്ന വീക്കം ഉണ്ടാക്കുന്നതെന്നും ഹൃദയാഘാതം, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമാകുന്നതെന്നും തന്‍റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ഡോക്ടര്‍ വിശദീകരിക്കുന്നു. "ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഡിസിഎല്ലിന് 200 മുതൽ 250 മില്ലിഗ്രാം വരെ ഉയർത്താൻ കഴിയുന്ന ഒരു പദാർഥമാണിത്," അദ്ദേഹം പറയുന്നു. തുടർച്ചയായി കഴിക്കുന്നത് ഇടയ്ക്കിടെ ഗ്ലൂക്കോസ് വർധനവിനും ഇൻസുലിൻ പ്രതിരോധത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതിനും അതുവഴി ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുന്നതിനും കാരണമാകും.
എന്താണ് വ്യാവസായിക അന്നജം?
ഭൂരിഭാഗം പാക്കേജ് ഫുഡിലും അടങ്ങിയിരിക്കുന്ന പ്രധാന ഘടകമാണ് ഇൻഡസ്ട്രിയൽ സ്റ്റാര്‍ച്ച് അഥവാ വ്യാവസായിക അന്നജം. ചോളം, ഉരുളക്കിഴങ്ങ്, ഗോതമ്പ് തുടങ്ങിയ സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നു സംസ്കരിച്ച കാർബോഹൈഡ്രേറ്റാണ് ഇത്. പേപ്പർ, തുണിത്തരങ്ങൾ മുതൽ ഫാർമസ്യൂട്ടിക്കൽസ്, സംസ്കരിച്ച ഭക്ഷണങ്ങൾ വരെയുള്ള വിവിധ ഉൽപന്നങ്ങളിൽ ഇത് ഒരു കട്ടിയാക്കൽ, ബൈൻഡർ, സ്റ്റെബിലൈസർ, ഫില്ലർ എന്നിവയായി പ്രവർത്തിക്കുന്നു.
വ്യാവസായിക അന്നജം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
പഞ്ചസാരയെക്കാൾ വേഗത്തിൽ വ്യാവസായിക അന്നജം ശരീരം ആഗിരണം ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങളിലെ അന്നജത്തിന് പോഷകമൂല്യമില്ല. ഈ അന്നജത്തിന്റെ ഉപഭോഗം അപകടകരമായ ഗട്ട് ബാക്ടീരിയകളുടെ വളർച്ചയിലേക്ക് നയിക്കുന്നു. ഇത് വീക്കം ഉണ്ടാക്കുകയും വിറ്റാമിൻ ഡി, ബി 1 എന്നിവയുൾപ്പെടെയുള്ള അവശ്യ വിറ്റാമിനുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുവഴി ക്ഷീണവും ഉപാപചയ പ്രശ്നങ്ങളും ഉണ്ടാകുന്നു.'പഞ്ചസാര രഹിതം' അല്ലെങ്കിൽ 'കുറഞ്ഞ പഞ്ചസാര' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഉൽപന്നങ്ങളിൽ ഇത്തരം അന്നജത്തിന്‍റെ സാന്നിധ്യമുണ്ടാകും.
കരളിന്‍റെ വില്ലൻ
വ്യാവസായിക അന്നജമുണ്ടാക്കുന്ന അപകടം രക്തത്തിലെ പഞ്ചസാരയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ഡോക്ടര്‍ റഹ്മാൻ ചൂണ്ടിക്കാട്ടുന്നു. അത് നിങ്ങളുടെ കരളിന്‍റെ ആരോഗ്യത്തെയും ബാധിക്കുന്നു.ഇത്തരം ഭക്ഷണങ്ങളുടെ ആവർത്തിച്ചുള്ള ഉപയോഗം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും.സംസ്കരിച്ചതും ലളിതവുമായ അന്നജം കൂടുതലായി കഴിക്കുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും വീക്കത്തിനും കാരണമാവുകയും ഫാറ്റി ലിവർ രോഗത്തിന് കാരണമാവുകയും ചെയ്തുകൊണ്ട് കരളിന് ദോഷം ചെയ്യും.
ഇതിനു വിപരീതമായി, പയർവർഗങ്ങൾ, ഉരുളക്കിഴങ്ങ്(cooled potatoes), തവിട് കളയാത്ത ധാന്യങ്ങൾ എന്നിവയിൽ കാണപ്പെടുന്ന പ്രതിരോധശേഷിയുള്ള അന്നജം ഗുണം ചെയ്യും, ഇത് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കരളിന്റെ കൊഴുപ്പും വീക്കവും കുറയ്ക്കുന്നു, കുടൽ ബാക്ടീരിയകളെ മാറ്റി ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ പോലുള്ള ഗുണം ചെയ്യുന്ന സംയുക്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ ഡിസീസ് ( NAFLD) നിയന്ത്രിക്കാൻ സഹായിക്കുന്നു.ഫാറ്റി ലിവറിന് കാരണമാകുന്നതിനു പുറമേ, ഇത് നിങ്ങളുടെ കുടലിന്‍റെ ആരോഗ്യത്തെയും ബാധിക്കുകയും സന്ധി വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.