ഇന്ത്യയിലെ കൗമാരക്കാരിൽ 'പോപ്‌കോൺ ബ്രെയിൻ സിൻഡ്രോം' വർധിക്കുന്നെന്ന് റിപ്പോർട്ട്; കാരണമിതാണ്..
30 നും 45 നും ഇടയിൽ പ്രായമുള്ളവരിലും 'പോപ്‌കോൺ ബ്രെയിൻ' അവസ്ഥ സാധാരണയായി കാണപ്പെടുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു
AI generated images
മുംബൈ: ഡിജിറ്റൽ ലോകത്ത് സജീവമായിരിക്കുന്നവരാണ് ഇന്നത്തെ തലമുറ. ഉണ്ണുമ്പോഴും നടക്കുമ്പോഴും എന്തിന് ഉറങ്ങുമ്പോഴും വരെ സോഷ്യൽമീഡിയയിൽ നടക്കുന്ന ഓരോ കാര്യങ്ങളിലും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. എത്ര തിരക്കിലാണെങ്കിലും ഇടക്കിടക്ക് ഫോൺ നോക്കുക,സോഷ്യൽമീഡിയ പരിശോധിക്കുക,മറ്റ് ജോലികളിൽ ശ്രദ്ധിക്കാൻ സാധിക്കാതെ വരിക തുടങ്ങിയ അവസ്ഥയിലൂടെ ഇന്ത്യയിലെ കൗമാരക്കാർ കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സ്‌ക്രീൻ സമയം വർധിക്കുന്നതിനാലാണ് ഒരു കാര്യത്തിലും ശ്രദ്ധ കൊടുക്കാൻ കഴിയാത്ത അവസ്ഥയെ പോപ്‌കോൺ ബ്രെയിൻ സിൻഡ്രോം എന്നാണ് പറയാറ്.വിവിധ സോഷ്യൽ മീഡിയ ആപ്പുകൾ, ഗെയിമുകൾ, വീഡിയോകൾ എന്നിവ മാറി മാറി കാണുന്നത് പോപ്‌കോൺ ബ്രെയിൻ സിൻഡ്രോമിന്റെ വർധവിന് കാരണമാകുന്നെന്നാണ് വിദഗ്ധർ പറയുന്നത്. ഡിജിറ്റൽ സമർദം ശാരീരികമായി മാത്രമല്ല, മാനസികമായും ദോഷം ചെയ്യും.ഇതിന് പിന്നാലെ ശ്രദ്ധയിലും ഓർമ്മയിലും കുറവുണ്ടാകുന്നമെന്ന് ഡോക്ടർമാർ പറയുന്നു.
എന്താണ് പോപ്കോൺ ബ്രെയിൻ ?
2011-ൽ വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകനായ ഡേവിഡ് ലെവിയാണ് 'പോപ്കോൺ ബ്രെയിൻ' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഇത് ശാസ്ത്രീയമായ പേരല്ല. ഒരു കാര്യത്തിലും ശ്രദ്ധിക്കാനാവാത്ത അവസ്ഥയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പോപ്കോൺ ചട്ടിയിൽ ചൂടായാൽ പൊട്ടുന്നതുപോലെ, ഒരാളുടെ ചിന്തകൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടാൻ ചാടിക്കളിക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്ന പദമാണ് പോപ്‌കോൺ സിൻഡ്രോം. ഇതൊരു ഔപചാരിക മെഡിക്കൽ രോഗ നിർണയമെങ്കിലും വളരെ ഗുരുതരമായ അവസ്ഥയാണെന്ന് വിദഗ്ധർ പറയുന്നു.
പോപ്‌കോൺ ബ്രെയിൻ എന്നത് ഒരു മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ചിന്തകൾ ചിതറിക്കിടക്കുകയും ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒരു മടിയും കൂടാതെ പെട്ടന്ന് മാറിക്കളിക്കുന്ന അവസ്ഥയാണെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു. 2021ൽ ഫ്രോണ്ടിയേഴ്‌സ് ഇൻ സൈക്യാട്രി മാസികയിൽ പ്രസിദ്ധീകരിച്ച പിയർ റിവ്യൂ പഠനത്തിൽ സ്മാർട്ട് ഫോൺ ഉപയോഗം തലച്ചോറിനെ എങ്ങിനെ ബാധിക്കുമെന്ന് പറയുന്നുണ്ട്.സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം വൈജ്ഞാനികവും വൈകാരികവുമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും തലച്ചോറിനെ അക്ഷരാർഥത്തിൽ പ്രതികൂലമായി ബാധിക്കുമെന്നും പഠനം തെളിയിച്ചു. 2019ൽ നടത്തിയ ഒരു പഠനത്തിൽ ദിവസവും രണ്ട് മണിക്കൂർ കൂടുതൽ സമയം സ്‌ക്രീനിൽ ചെലവഴിക്കുന്ന പ്രീ സ്‌കൂൾ കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ലക്ഷണങ്ങൾ
പോപ്‌കോൺ ബ്രെയിനിന്റെ കൃത്യമായ കാരണം തിരിച്ചറിഞ്ഞിട്ടില്ല.കൗമാരക്കാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെങ്കിലും 30 നും 45 നും ഇടയിൽ പ്രായമുള്ളവരിലും ഈ അവസ്ഥ സാധാരണയായി കാണപ്പെടുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. വെറുമൊരു ഇന്റർനെറ്റ് ആസക്തിക്ക് പുറമെ ജോലി, ബന്ധങ്ങൾ, ദൈനംദിന ജീവിതം എന്നിവയെ വരെ ഈ അവസ്ഥ സാരമായി ബാധിക്കും. പോപ്കോൺ ബ്രെയിന്‍ നിങ്ങളുടെ ജീവിത നിലവാരത്തെയും ശ്രദ്ധയെയും ചിന്തയെയും വരെ ബാധിക്കുന്നു. പോപ്കോൺ ബ്രെയിനിന്‍റെ ചില ലക്ഷണങ്ങൾ ഇവയാണ്:
ഒരു പ്രവൃത്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്
മാനസികമായി തളർന്നുപോയതുപോലെ തോന്നൽ
ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഇടയ്ക്കിടെ മാറുന്നത്
മാനസിക സമർദം,ക്ഷീണം,ഉത്കണ്ഠ എന്നിവ അനുഭവപ്പെടുക.
യഥാർഥ ലോകത്ത് നിന്ന് മാറി ഓൺലൈനിൽ തുടരാനുള്ള താൽപര്യം
ഉറക്കമില്ലായ്മ
പോപ്‌കോൺ ബ്രെയിനില്‍ നിന്ന് എങ്ങനെ മുക്തി നേടാം
പോപ്കോൺ ബ്രെയിൻ സിൻഡ്രോമിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നതിനുള്ള ചില വഴികൾ ഇവയാണ്:
ശ്വസന വ്യായാമങ്ങൾ
ദിവസവും കുറഞ്ഞത് 10 മിനിറ്റെങ്കിലും യോഗയോ ധ്യാനമോ ശീലിപ്പിക്കുക
ഒരു സമയം ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സിംഗിൾ ടാസ്‌കിംഗ്
വൈജ്ഞാനിക പ്രവർത്തനം വർധിപ്പിക്കുന്നതിനുള്ള യോഗാസനങ്ങൾ
സ്‌ക്രീൻ സമയം ക്രമീകരിക്കുക
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് പരിധി നിശ്ചയിക്കുക. വീട്ടില്‍ എത്തിയാല്‍ ഫോണിന് നിയന്ത്രണം കൊണ്ടുവരിക. ബെഡ്റൂം,ഡൈനിങ് ഹാള്‍ എന്നിവിടങ്ങളില്‍ വീട്ടിലെ ആരും ഫോണ്‍ ഉപയോഗിക്കരുതെന്ന് തീരുമാനിക്കുക.