ഒരിക്കല്‍ കോവിഡ് ബാധിച്ചാല്‍ ആന്‍റിബോഡി 10മാസം വരെ നിലനില്‍ക്കുമെന്ന് പഠനം

മെഡിക്കൽ ജേര്‍ണലായ ലാൻസെറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.

Update: 2021-06-05 06:47 GMT
By : Web Desk

ഒരിക്കൽ കോവിഡ് ബാധിച്ച ഒരാള്‍ക്ക് പിന്നീടുള്ള പത്ത് മാസം വരെ വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ 10 മാസം വരെ വൈറസിനെതിരെയുള്ള ആന്‍റിബോഡികള്‍ ഉണ്ടാകുമെന്നാണ് പുതിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ കെയര്‍ ഹോമിലെ താമസക്കാരെയും ജീവനക്കാരെയാണ് പഠനത്തിന് വിധേയരാക്കിയത്.

മെഡിക്കൽ ജേര്‍ണലായ ലാൻസെറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. വ്യാഴാഴ്ചയാണ് ഈ പഠനം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ രോഗബാധിതരായവരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരില്‍ ഇവിടുത്തെ താമസക്കാരില്‍ ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത, അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് 85 ശതമാനം കുറവാണെന്നും ജീവനക്കാരുടെ കാര്യത്തിൽ ഇത് 60 ശതമാനം കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.

Advertising
Advertising

കെയർ ഹോമുകളിലെ ശരാശരി 86 വയസ്സ്പ്രായമുള്ള താമസക്കാരെയും 1429 ജീവനക്കാരെയുമാണ് ആന്‍റിബോഡി പരിശോധനയ്ക്ക് വിധേയരാക്കിയത്. കഴിഞ്ഞ വർഷം ജൂണിലും ജൂലൈയിലും ഇവരുടെ രക്തപരിശോധന നടത്തി. പരിശോധിച്ചവരിൽ മൂന്നിലൊന്നു പേരിലും പോസിറ്റീവ് റിസൾട്ടാണ് ലഭിച്ചത്. ഇത് ഇവർ കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു. ഒരിക്കൽ രോഗം വന്ന 634 പേരിൽ 4 താമസക്കാർക്കും 10 ജീവനക്കാർക്കും മാത്രമാണ് വീണ്ടും കോവിഡ് അണുബാധ ഉണ്ടായത്. ഇതിൽ നിന്നാണ് രോഗപ്രതിരോധശേഷി പത്ത് മാസത്തോളം നിലനിൽക്കുമെന്ന് വ്യക്തമായത്. കോവിഡ് ബാധിതരല്ലാതിരുന്ന 1477 പേരിൽ 93 താമസക്കാർക്കും 111 ജീവനക്കാർക്കും പിന്നീട് രോഗബാധയുണ്ടായി.

ഒരു തവണ കോവിഡ് ബാധിക്കുന്നത് വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു എന്നത് നല്ല വാര്‍ത്തയാണ് എന്ന സന്തോഷം പങ്കുവെക്കുന്നു പഠനത്തിന് നേതൃത്വം നല്‍കിയ യുസിഎല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്സിലെ ഗവേഷക മറിയ ക്രുഷികോവ്. 

Tags:    

By - Web Desk

contributor

Similar News