ആരോഗ്യഗുണങ്ങൾ ഏറെയുള്ളവയാണ് പഴങ്ങളും പച്ചക്കറികളും. വേനൽക്കാലമായതോടെ നിരവധി പഴങ്ങൾ സുലഭമായി കിട്ടുന്നുണ്ട്. പല പച്ചക്കറികളും പഴങ്ങളും നമ്മൾ തൊലി ഒഴിവാക്കിയാണ് കഴിക്കാറ്. എന്നാൽ ഇവ തൊലി കളഞ്ഞ് കഴിക്കുന്നതാണോ അല്ലാതെ തൊലിയോടെ കഴിക്കുന്നതാണോ നല്ലതെന്ന് പലർക്കും സംശയമുണ്ടാകും. എന്നാൽ പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ പല പഴങ്ങളുടേയും പച്ചക്കറികളുടേയും തൊലികൾ കളയുന്നത് നല്ലതല്ല. അതിൽ പല ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു. തൊലി കളയാതെ കഴിക്കുന്ന പഴങ്ങളും പച്ചക്കറികളും ആപ്പിൾ സിഡെർ വിനെഗറോ ഉപ്പുവെള്ളമോ ഉപയോഗിച്ച് കഴുകുന്നത് അതിലടങ്ങിയിട്ടുള്ള കീടനാശിനികൾ നീക്കം ചെയ്യാൻ സഹായിക്കും.
എന്നാൽ ചില പഴങ്ങൾ തൊലി കളഞ്ഞു കഴിക്കേണ്ടതുണ്ട്. പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി കളയേണ്ടതിന്‍റെ കാരണങ്ങൾ ഇതാ...
കീടനാശിനികളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു
പഴങ്ങളും പച്ചക്കറികളും വളർത്തുമ്പോൾ പ്രയോഗിക്കുന്ന വിഷവസ്തുക്കളും അണുക്കളും കീടനാശിനികളും പലപ്പോഴും അവയുടെ തൊലിയിൽ അടിഞ്ഞു കൂടുന്നു. ഇത് ഭക്ഷണത്തെ ദോഷകരമായി ബാധിക്കുക മാത്രമല്ല, ആളുകളിൽ നിരവധി അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
രുചി വ്യത്യാസം
ചില പഴങ്ങളുടേയും പച്ചക്കറികളുടേയും തൊലികൾ കടുപ്പമുള്ളതും നാരുകൾ അടങ്ങിയതും കയ്പ്പുനിറഞ്ഞതുമാകും. ഇവ നീക്കം ചെയ്തില്ലെങ്കിൽ പഴത്തിന്റെയോ പച്ചക്കറിയുടെയും യഥാർഥ രുചി നഷ്ടപ്പെടും.അതുകൊണ്ട് തന്നെ തൊലി കളഞ്ഞ് കഴിക്കുമ്പോൾ അവയുടെ രുചി വർധിക്കുകയും ചെയ്യും.
ദഹിക്കാൻ എളുപ്പം
നാരുകളുള്ള തൊലികൾ അടങ്ങിയവ കഴിക്കുമ്പോൾ പലപ്പോഴും ദഹിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു,. ഇത് ശരീരവണ്ണം, ദഹനക്കേട്, മലവിസർജ്ജനം, കുടൽ പ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. അതിനാൽ, ദഹനപ്രശ്‌നങ്ങളുള്ള ആളുകൾ എല്ലായ്‌പ്പോഴും കഴിക്കുന്നതിനുമുമ്പ് പഴങ്ങളും പച്ചക്കറികളും തൊലി കളയാൻ നിർദേശിക്കാറുണ്ട്.
തൊലി കളഞ്ഞ് കഴിക്കേണ്ട ചില പഴങ്ങളും പച്ചക്കറികളും
മാമ്പഴം
മാമ്പഴത്തിന്റെ തൊലിയിൽ നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഉറുഷിയോൾ എന്ന ഹാനികരമായ സംയുക്തം ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പഴങ്ങൾ കഴിക്കുന്നതിനുമുമ്പ് മാമ്പഴത്തിന്റെ തൊലി കളഞ്ഞ് കഴിക്കുന്നത് എല്ലായ്‌പ്പോഴും സുരക്ഷിതമാണ്.
അവോക്കാഡോ
ഒരുപാട് പോഷകങ്ങൾ അടങ്ങിയ പഴമാണ് അവോക്കാഡോ. അതിന്റെ യഥാർഥ രുചി ലഭിക്കണമെങ്കിൽ തൊലി കളയണം.ഇതിന്റെ തൊലി കട്ടിയുള്ളതും കയ്പ് നിറഞ്ഞതുമാണ്.
മധുരക്കിഴങ്ങ്
ഉരുളക്കിഴങ്ങിന്റെ തൊലി ആരോഗ്യകരവും രുചികരവുമാണെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ മധുരക്കിഴങ്ങ് കഴിക്കുന്നതിനുമുമ്പ് തൊലി കളയണം. മധുരക്കിഴങ്ങിന്റെ കട്ടിയേറിയതും നാരുകളുള്ളതുമായ തൊലി ദഹിപ്പിക്കാൻ പ്രയാസമാണ്. ഇത് വയറുവേദന ഉൾപ്പെടെയുള്ള കുടലുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകും.
മത്തങ്ങ
മത്തങ്ങയുടെ തൊലി ഭക്ഷ്യയോഗ്യമാണ്; എന്നിരുന്നാലും, പാചകം ചെയ്യുമ്പോൾ അത് വെന്തുവരാൻ വളരെ സമയമെടുക്കും. അതുകൊണ്ട് മത്തങ്ങ തൊലി കളയുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്.
നാരങ്ങ,ഓറഞ്ച്
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ കട്ടിയുള്ള തൊലി കയ്പ്പുള്ളതാണ്. മാത്രമല്ല, ഈ തൊലികൾ ദഹിപ്പിക്കാനും ബുദ്ധിമുട്ടായിരിക്കും.അതുകൊണ്ട് തന്നെ തൊലി കളഞ്ഞ് കഴിക്കുന്നതാണ് നല്ലത്.