കുതിര്‍ത്ത നിലക്കടല കഴിച്ചുനോക്കൂ..; ഗുണങ്ങൾ ഇവയാണ്

കുതിർത്ത നിലക്കടല ഏത് സമയത്തും കഴിക്കാവുന്ന ലഘു ഭക്ഷണമാണ്.

Update: 2024-03-05 09:00 GMT
Editor : Lissy P | By : Web Desk
Advertising

പാവങ്ങളുടെ ബദാം എന്നാണ് നിലക്കടലയെ സാധാരണ വിളിക്കാറ്. നട്‌സ് എന്ന വിഭാഗത്തിൽ സാധാരണക്കാരന് ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്നതും നിലക്കടലയാണ്. പ്രോട്ടീൻ,ഫൈബർ, കൊഴുപ്പുകൾ,ആന്റിഓക്സിഡന്റുകൾ തുടങ്ങിയയുടെ വലിയൊരു കലവറയാണ് നിലക്കടല. വറുത്ത നിലക്കടല കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ നിലക്കടല വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതും ഏറെ ആരോഗ്യഗുണങ്ങൾ നൽകുമെന്ന് പലർക്കുമറിയില്ല. 

നിലക്കടല കുതിർത്തത് പ്രഭാത ഭക്ഷണമായി കഴിക്കാനും മികച്ച ഓപ്ഷനാണ്. ഏറെ നേരത്തേക്ക് വിശപ്പ് തോന്നാതിരിക്കാൻ ഇത് സഹായിക്കും. ഇതുമൂലം ശരീരഭാരം കുറക്കാനും നിങ്ങളെ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു.  കുതിർത്ത നിലക്കടല ഏത് സമയത്തും കഴിക്കാവുന്ന ലഘു ഭക്ഷണമാണ്. വേണമെങ്കിൽ അത്താഴത്തിനും കുതിർത്ത നിലക്കടല കഴിക്കാം. ഇതിന് പുറമെ സാലഡുകളിലും മറ്റ് വിഭവങ്ങളിലും ഈ കുതിർത്ത നിലക്കടല ചേർത്ത് കഴിക്കാവുന്നതാണ്.

കുതിർത്ത നിലക്കടലയുടെ ആരോഗ്യഗുണങ്ങൾ

പോഷക സമ്പുഷ്ടം

നിലക്കടലയിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഹൃദയാരോഗ്യം

നിലക്കടല കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ഇവയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

ശരീര ഭാരം കുറക്കാൻ സഹായിക്കുന്നു

പ്രോട്ടീനുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച കലവറയാണ് കുതിർത്ത നിലക്കടല. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറക്കുന്നതിനോടൊപ്പം ശരീര ഭാരം കുറക്കാനും ഇത് സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

നിലക്കടലയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കും. മലബന്ധം തടയുകയുംകുടലിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യും.

ആന്റിഓക്സിഡന്റ് ഗുണങ്ങൾ

റെസ്വെറാട്രോൾ ഉൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ് നിലക്കടല. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.

പേശികളുടെ ആരോഗ്യത്തിന്

ഉയർന്ന പ്രോട്ടീൻ അടങ്ങിയ നിലക്കടല പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പേശികളുടെ വളർച്ചയ്ക്കും പരിപാലനത്തിനും പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്,

ചർമ്മത്തിന്റെ ആരോഗ്യത്തിന്

ആന്റിഓക്സിഡന്റുകളോടൊപ്പം വിറ്റമിൻ ഇ, സി തുടങ്ങിയവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

അതേസമയം, നിലക്കടല അമിതമായി കഴിക്കുന്നതും ആരോഗ്യത്തിന് ദോഷങ്ങൾ ചെയ്യും. ഗ്യാസ് പ്രശ്‌നങ്ങൾക്കും നെഞ്ചരിച്ചിലിനും ഇത് കാരണമാകും. നിലക്കടല അലർജിയുള്ളവരും ഇത് ഒഴിവാക്കുന്നതാണ് നല്ലത്.അതുകൊണ്ട് മിതമായ അളവിൽമാത്രം നിലക്കടല കഴിക്കുന്നതാണ് നല്ലത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News