ടോയ്‌ലറ്റിന് സമീപമാണോ ടൂത്ത് ബ്രഷ് സൂക്ഷിക്കുന്നത്?; എങ്കില്‍ സൂക്ഷിക്കുക, മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
പലരും ടോയ്ലറ്റ് ഉപയോഗിച്ച് കഴിഞ്ഞാല്‍ അതിന്‍റെ ലിഡ് തുറന്നിട്ടുകൊണ്ടാണ് ഫ്ലഷ് ചെയ്യാറുള്ളത്
പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന ബ്രഷും പേസ്റ്റുമെല്ലാം ഒട്ടുമിക്കപേരും ബാത്റൂമിലാണ് സൂക്ഷിക്കാറുള്ളത്. ടോയ്‌ലറ്റിനോട് വളരെ അടുത്താണ് ടൂത്ത് ബ്രഷ് സൂക്ഷിക്കുന്നതെങ്കില്‍ സൂക്ഷിക്കുക. ഒട്ടേറെ അസുഖങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏത് വീടുകളിലും ഏറ്റവും കൂടുതല്‍ തവണ ഉപയോഗിക്കുന്നതും അതുപോലെ ഏറ്റവും കൂടുതല്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുള്ള ഒരു ഏരിയ ബാത്ത്റൂമായിരിക്കും.
പലരും ടോയ്ലറ്റ് ഉപയോഗിച്ച് കഴിഞ്ഞാല്‍ അതിന്‍റെ ലിഡ് തുറന്നിട്ടുകൊണ്ടാണ് ഫ്ലഷ് ചെയ്യാറുള്ളത്. ഇത്തരത്തില്‍ ഓരോ തവണയും ഫ്ലഷ് ചെയ്യുന്ന സമയത്ത് വായുവിലൂടെ സഞ്ചരിക്കുന്ന നിരവധി ബാക്ടീരിയകളും വൈറസും പുറത്തേക്ക് തെറിച്ചുവീഴും.'ടോയ്‌ലറ്റ് പ്ലൂം" എന്നറിയപ്പെടുന്ന ഒരുതരം പരിസ്ഥിതി മലിനീകരണത്തിന് വിധേയമായേക്കാമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ടോയ്‌ലറ്റ് സമീപത്തുള്ള വായുവിൽ ദോഷകരമായ ദ്രാവക തുള്ളികളുടെ സാന്നിധ്യവും മലത്തില്‍ നിന്ന് ഉണ്ടാകുന്ന സൂക്ഷ്മാണുക്കളും അടങ്ങിയിരിക്കാമെന്നതിനാൽ അത് ബാത്റൂമിലെ ഏതൊരു വസ്തുക്കളെയും മലിനമാക്കാനും സാധ്യയേറെയാണ്. ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്ന സമയത്ത് പുറത്തേക്ക് വരുന്ന സൂക്ഷ്മകണികകള്‍ ദൂരത്തേക്ക് സഞ്ചരിക്കാനും സമീപത്ത് സൂക്ഷിച്ചിരിക്കുന്ന ടൂത്ത് ബ്രഷ് പോലുള്ള വസ്തുക്കളില്‍ അടിഞ്ഞുകൂടാനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇ.കോളി, ക്ലോസ്ട്രിഡോയിഡ്‌സ് ഡിഫിസൈൽ തുടങ്ങിയവ രോഗാണുക്കള്‍ ടോയ്‌ലറ്റ് തുറന്നിട്ടുകൊണ്ട് ഫ്ലഷ് ചെയ്യുമ്പോൾ അപ്ലൈഡ് ആൻഡ് എൻവയോൺമെന്റൽ മൈക്രോബയോളജിയിലെ ഗവേഷണങ്ങള്‍ പറയുന്നു. അതേസമയം, ടൂത്ത് ബ്രഷ് വലിയ തോതില്‍ മലിനമാകുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നില്ല. എന്നാല്‍ കാലക്രമേണ ബ്രഷുകളില്‍ അണുക്കള്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പ്രതിരോധശേഷി ദുർബലമായ ആളുകളെ ഇത് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ടൂത്ത് ബ്രഷ് എങ്ങനെ അണുവിമുക്തമാക്കാം
ടൂത്ത് ബ്രഷ് അണുവിമുക്തമാക്കുന്നതിന് ഉപ്പുവെള്ളം, ആൻറി ബാക്ടീരിയൽ മൗത്ത് വാഷ് എന്നിവയില്‍ മുക്കിവെക്കുന്നത് ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍...
വീടുകളിൽ ടൂത്ത് ബ്രഷുകൾ ടോയ്‌ലറ്റുകളിൽ നിന്ന് കഴിയുന്നത്ര അകലെ സൂക്ഷിക്കുക. ടൂത്ത് ബ്രഷുകൾ ഉയരത്തിലുള്ള ഷെൽഫുകളിലോ ടോയ്‌ലറ്റിൽ നിന്ന് അകലെ വായുസഞ്ചാരമുള്ള കാബിനറ്റുകളിലോ സ്ഥാപിക്കുന്നതും ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നത് തടയാനായി സാധിക്കും.കൂടാതെ മൂന്ന് മുതൽ അഞ്ചുമാസം വരെ മാത്രം ഒരു ബ്രഷ് ഉപയോഗിക്കുക.അതിന് ശേഷം ബ്രഷ് മാറ്റുക.