രാവിലെ 30 സെക്കൻഡ് നീക്കിവെക്കാനുണ്ടോ? മുന്നോട്ടല്ല, ഇനിയൽപം പിന്നോട്ട് നടക്കാം; ഗുണങ്ങൾ അമ്പരപ്പിക്കും..

റെട്രോ വാക്കിംഗ് അഥവാ പിന്നോട്ട് നടത്തം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡായി മാറിയിട്ടുണ്ട്

Update: 2026-04-14 10:30 GMT

നടത്തം മികച്ചൊരു വ്യായാമമാണെന്ന് നമുക്കറിയാം.ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ഏറ്റവും ലളിതവും ഫലപ്രദവുമായ വ്യായാമമാണ് നടത്തം. പ്രത്യേക ഉപകരണങ്ങളുടെയോ ജിം അംഗത്വത്തിന്റെയോ സഹായമില്ലാതെ ഏത് പ്രായക്കാർക്കും ചെയ്യാവുന്ന ഒന്നാണിത്. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വേഗത്തിൽ നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

എന്നാൽ പതിവ് രീതിയിൽ നിന്ന് മാറി, ദിവസവും രാവിലെ വെറും 30 സെക്കൻഡ് മാത്രം നടക്കുന്ന റെട്രോ വാക്കിംഗ് അഥവാ പിന്നോട്ട് നടത്തം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു. സാധാരണ നടത്തത്തേക്കാള്‍ റെട്രോ വാക്കിംങ്ങിന് കൂടുതല്‍ ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കലോറി എരിച്ചുകളയുന്നത് മുതല്‍  ബാലൻസ് മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാനും പേശികളെ ശക്തിപ്പെടുത്താനും ഈ ശീലം സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

Advertising
Advertising

എന്താണ് റെട്രോ വാക്കിംഗ്?

മുന്നോട്ട് നടക്കുന്നതിന് പകരം വിപരീത ദിശയിലേക്ക് നീങ്ങുന്ന രീതിയാണിത്. തുടക്കത്തിൽ അൽപ്പം ബുദ്ധിമുട്ട് തോന്നാമെങ്കിലും, ഈ ചെറിയ മാറ്റം നിങ്ങളുടെ ശരീരത്തെയും തലച്ചോറിനെയും സാധാരണ നടത്തത്തേക്കാൾ സ്വാധീനിക്കുന്നുണ്ട്.

ബാലൻസും നട്ടെല്ലിന്‍റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു

പിന്നോട്ട് നടക്കാൻ ശ്രമിക്കുമ്പോൾ ശരീരത്തിന് കൂടുതൽ നിയന്ത്രണം ആവശ്യമാണ്. ഇത് ശരീരത്തിന്റെ ബാലന്‍സ്, നട്ടെല്ലിന്‍റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും 30 സെക്കൻഡ് വീതം ഇത് ശീലിക്കുന്നത് ശരീരത്തെ ഉറപ്പിച്ചു നിർത്തുന്ന പേശികളെ ബലപ്പെടുത്തുകയും വീഴ്ചകൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. 

പേശി ഗ്രൂപ്പുകളെ ബലപ്പെടുത്തുന്നു

സാധാരണ നടത്തത്തിൽ നിന്നും വ്യത്യസ്തമായി, പിന്നോട്ട് നടത്തം പേശികളെ സവിശേഷമായ രീതിയിൽ ഉത്തേജിപ്പിക്കുന്നു. ഇത് കാൽമുട്ടിന് താഴെയുള്ള പേശികൾ , തുടയുടെ പിൻഭാഗത്തെ പേശികൾ , തുടയുടെ മുൻഭാഗത്തെ പേശികൾ, കോർ പേശികൾ  എന്നിവയ്ക്ക് കൂടുതൽ കരുത്ത് നൽകുന്നു. പേശികൾ തമ്മിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാനും ശരീരത്തിന്റെ താഴ്ഭാഗത്തെ മൊത്തത്തിലുള്ള കരുത്ത് വർധിപ്പിക്കാനും ഈ മാറ്റം സഹായിക്കുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

സന്ധികളുടെ ആരോഗ്യം സംരക്ഷിക്കുന്നു

ഫിസിക്കൽ തെറാപ്പിയിൽ പിന്നോട്ട് നടത്തം വ്യാപകമായി ശിപാർശ ചെയ്യപ്പെടാറുണ്ട്. കാരണം, മുന്നോട്ട് നടക്കുന്നതിനെ അപേക്ഷിച്ച് ഇത് കാൽമുട്ടുകളിലെ സമ്മർദ്ദം കുറയ്ക്കുന്നു. കാൽമുട്ട് വേദനയോ സന്ധിവേദനയോ ഉള്ളവർക്ക്, സന്ധികളിൽ അമിതഭാരം നൽകാതെ തന്നെ ചലനശേഷി മെച്ചപ്പെടുത്താൻ ഈ ലളിതമായ വ്യായാമം സഹായിക്കും.

കൂടുതൽ കലോറി എരിച്ചുകളയുന്നു

സാധാരണ നടത്തത്തേക്കാൾ കൂടുതൽ ശാരീരിക അധ്വാനം പിന്നോട്ട് നടക്കാൻ ആവശ്യമാണ്. ഇത് ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കലോറി എരിച്ചുകളയാൻ സഹായിക്കുകയും ചെയ്യുന്നു.

തലച്ചോറിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുന്നു

പിന്നോട്ട് നടത്തത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അത് തലച്ചോറിൽ ഉണ്ടാക്കുന്ന സ്വാധീനമാണ്. പരിചിതമല്ലാത്ത രീതിയിലുള്ള ഈ ചലനം കാരണം, ശരീരത്തിന്റെ ബാലൻസും ദിശയും നിയന്ത്രിക്കാൻ തലച്ചോറിന് കൂടുതൽ അധ്വാനിക്കേണ്ടി വരുന്നു. ഇത് ചിന്താശേഷി വർധിപ്പിക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും കാലക്രമേണ ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്നു. ഇത്തരത്തിലുള്ള ചലനങ്ങൾ തലച്ചോറിലെ വ്യത്യസ്ത നാഡീവ്യൂഹങ്ങളെ  ഉത്തേജിപ്പിക്കുമെന്നും, ദിവസത്തെ ഊർജ്ജസ്വലമായി തുടങ്ങാൻ ഇതൊരു മികച്ച 'മെന്റൽ വർക്കൗട്ട്' ആണെന്നും വിദഗ്ധർ പറയുന്നു.

നടുവേദനയ്ക്ക് പരിഹാരം

ഡ്രൈവ് ചെയ്യുമ്പോഴോ, മൊബൈൽ ഉപയോഗിക്കുമ്പോഴോ, ഓഫീസിലിരുന്ന് ജോലി ചെയ്യുമ്പോഴോ പലരും മണിക്കൂറുകളോളം കുനിഞ്ഞാണ് ഇരിക്കുന്നത്.   പലപ്പോഴും ഈ തെറ്റായ രീതി നമ്മുടെ നടത്തത്തിലും പ്രതിഫലിക്കാറുണ്ട്. പതിവായി പിന്നോട്ട് നടക്കുന്നത് വഴി നട്ടെല്ല് നിവർത്തി നിൽക്കാൻ നിങ്ങൾക്ക് സാധിക്കും. നിതംബത്തിലെ പേശികൾ, തുടയിലെ പേശികൾ (, ഇടുപ്പിലെ പേശികൾ എന്നിവയ്ക്ക് ഈ വ്യായാമം ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. പിന്നോട്ട് നടക്കുമ്പോൾ നമ്മുടെ നട്ടെല്ല് നേരെ നിൽക്കാൻ നിർബന്ധിതമാകുന്നു. ഇത് മോശം പോസ്ചർ മൂലമുണ്ടാകുന്ന നടുവേദന കുറയ്ക്കാൻ സഹായിക്കും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

തടസ്സങ്ങളില്ലാത്ത നിരപ്പായ സ്ഥലം വേണം നടക്കാനായി തെരഞ്ഞെടുക്കേണ്ടത്. വീടിനുള്ളിലോ ഗാർഡനിലോ ഇത് പരീക്ഷിക്കാവുന്നതാണ്.

ആദ്യം കുറഞ്ഞ വേഗതയിൽ തുടങ്ങുക. ബാലൻസ് ലഭിച്ചു കഴിഞ്ഞാൽ മാത്രം വേഗത കൂട്ടുക

തുടക്കത്തിൽ ആത്മവിശ്വാസമില്ലെങ്കിൽ മതിലിൽ പിടിച്ചോ മറ്റൊരാളുടെ സഹായത്തോടെയോ പരിശീലിക്കാം.

അതേസമയം, ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇത്തരം വ്യായാമങ്ങൾ ചെയ്യുക.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ഹെൽത്ത് ഡെസ്ക്

contributor

Similar News