മൂത്രത്തില്‍ കല്ല്; കാരണങ്ങളും ലക്ഷണങ്ങളും

കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്‍റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്

Update: 2021-11-05 02:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

കിഡ്‌നി സ്‌റ്റോണ്‍ അല്ലെങ്കിൽ മൂത്രക്കല്ല് ഇപ്പോൾ വളരെ സാധാരണ ആയിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന ചില ആളുകളിൽ പ്രസവ വേദനയേക്കാൾ രൂക്ഷമാണെന്നാണ് പറയുന്നത്.

നമുക്ക് അറിയാവുന്നത് പോലെ രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്തു വിടാന്‍ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കകള്‍. എന്നാല്‍ വൃക്കയിലെ കല്ലുകൾ വൃക്ക തകരാർ ഉണ്ടാക്കാം. സമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ വൃക്കകളിലെ കല്ലുകള്‍ വൃക്ക രോഗത്തിലേക്കും അവയുടെ നാശത്തിലേക്കും നയിക്കാം. വൃക്ക, മൂത്രവാഹിനി, മൂത്രസഞ്ചി തുടങ്ങിയവയില്‍ കാണപ്പെടുന്ന കല്ലുകളെയാണ് വൃക്കയിലെ കല്ലുകള്‍ എന്ന് പൊതുവായി അറിയപ്പെടുന്നത്.

വൃക്കയിൽ കല്ല് (കിഡ്നി സ്റ്റോൺ) ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ

കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്‍റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ഇത്‌ ശരീരത്തിൽ കൂടുമ്പോൾ, അത് കട്ടിയായി കല്ല് പോലെയാകുന്നു. ഇത്തരത്തിലുള്ള മിനറൽസ് ധാരാളം ശരീരത്തിൽ ഉള്ളത് കൊണ്ടോ അല്ലെങ്കിൽ പുറത്തോട്ടു പോകാത്തതു കൊണ്ടോ ആണ് കിഡ്നി സ്റ്റോൺ പ്രധാനമായും ഉണ്ടാകുന്നത്.

1. വെള്ളത്തിന്‍റെ അളവ് കുറയുന്നതാണ് കിഡ്നി സ്റ്റോൺ എന്ന അസുഖം ഉണ്ടാകാനുള്ള പ്രധാന കാരണം. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ വെള്ളത്തിന് കഴിയും എന്ന് നമുക്കറിയാം. അത് കഴിയാതെ വരുമ്പോൾ ഇത്തരം വിഷാംശങ്ങൾ വൃക്കകളിൽ കല്ലുകൾ ഉണ്ടാക്കും.

2. ഉപ്പും മധുരവും കൂടുതൽ കഴിക്കുന്നത് കല്ലുകൾ കൂടുതൽ ഉണ്ടാക്കും.കുറച്ചുള്ള ഡയറ്റാണ് ഏറ്റവും മികച്ചത്‌.ഉപ്പിന്‍റെ അമിത ഉപയോഗം എല്ലുകളില്‍ നിന്നും കാൽസ്യം വലിച്ചെടുത്ത് കിഡ്നിയില്‍ നിക്ഷേപിക്കാന്‍ കാരണമാകും. ഇത് സ്റ്റോണ്‍ ആയി മാറും. അത് പോലെ തന്നെ പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നതും കിഡ്നിസ്റ്റോൺ ഉണ്ടാക്കുന്നു.

3. മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ പിടിച്ചു നിര്‍ത്തുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. ഇതും കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു.

4. പൊണ്ണത്തടി മറ്റൊരു കാരണമാണ് . വണ്ണം കൂടിയ പല ആളുകളിലും വൃക്കയിൽ കല്ല് കാണുന്നു. ഭാരം കുറയ്ക്കാനായി സർജറി ചെയ്തവരിലും കിഡ്നി സ്റ്റോൺ കൂടുതൽ കാണുന്നു.

5. പലര്‍ക്കും പാരമ്പര്യമായും ഇത്തരത്തില്‍ മൂത്രത്തില്‍ കല്ല് വരാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കിഡ്‌നി സ്റ്റോണ്‍ ഉണ്ടെങ്കില്‍ അത് അടുത്ത തലമുറയിലേക്കും വ്യാപിക്കും.

കിഡ്നി സ്റ്റോണിന്‍റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

വൃക്കയിലെ കല്ലുണ്ടാകുന്നതിന്‍റെ ലക്ഷണങ്ങൾ പല ആളുകൾക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത്.

1. വയറിന്‍റെ വശങ്ങളിൽ പുറത്തായി അതി കഠിനമായ വേദന

വാരിയെല്ലുകൾക്ക് താഴെയും, വശങ്ങളിലുമായി ഈ കടുത്ത വേദന ഗുഹ്യ ഭാഗങ്ങളിലേക്ക് വരെ വികിരണം ചെയ്യുന്നു. ഇടുങ്ങിയ സ്ഥലങ്ങളിലേക്ക് കല്ല് നീങ്ങുമ്പോൾ വൃക്കയിൽ മർദം വർധിക്കുകയും, ഇത് മൂലം തടസ്സം ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് കടുത്ത വേദനയ്ക്കു കാരണമാകുന്നത്.

2. മൂത്രം മൊത്തമായി ഒഴിക്കാൻ പറ്റാതെ വരിക 

വൃക്കയിൽ ഉണ്ടാവുന്ന വലിയ കല്ലുകൾ മൂത്രദ്വാരത്തിൽ കുടുങ്ങുകയും മൂത്രത്തിന്റെ ഒഴുക്ക് തടസപ്പെടുത്തും. ഇതുമൂലം ഇടയ്ക്കിടെ ബാത്ത് റൂമിൽ പോകേണ്ടതായി വരുന്നു.

3. മൂത്രത്തിൽ രക്തം കാണുക

വൃക്കയിൽ കല്ലുണ്ടെങ്കിൽ മൂത്രത്തിന്റെ നിറം മാറുക എന്നതും ഒരു പ്രധാന ലക്ഷണമാണ്. മൂത്രത്തിൽ രക്തം കാണപ്പെടുന്നത് വൃക്കയിൽ കല്ലുണ്ട് എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറം കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

4. മൂത്രമൊഴിക്കുന്ന സമയത്ത് വേദന

ഇത് അനുഭവപ്പെടുന്നത് കല്ലുകൾ മൂത്രാശയത്തിനും മൂത്രസഞ്ചിക്കും ഇടയിലുള്ള സ്ഥാനത്ത് എത്തുമ്പോഴാണ്. മൂത്രമൊഴിക്കുന്ന സമയത്ത് ഉണ്ടാകുന്ന വേദന പലപ്പോഴും മൂത്രനാളിയിലെ അണുബാധ (യു.റ്റി.ഐ) ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

5. തലകറക്കവും ഛർദ്ദിയും

അടിവയറ്റിലെ കടുത്ത വേദന പോലെ തന്നെ, ഓക്കാനം, ഛർദ്ദി എന്നിവയും വൃക്കയിലെ കല്ലുകൾ ബാധിച്ച ആളുകൾക്ക് കൂടുതലായി അനുഭവപ്പെടുന്നു. വൃക്കകളുടെയും ദാഹനനാളത്തിന്‍റെയും ഞരമ്പുകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News