എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിച്ചാലോ; ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ഇങ്ങനെ

ശരീരത്തില്‍ വെള്ളത്തിന്‌റെ അളവ് കുറഞ്ഞ നിലയിലായിരിക്കും നമ്മള്‍ ഉറക്കം ഉണരുക. ഇത് ശരീരത്തെയും തലച്ചോറിനെയും ക്ഷീണത്തിലാക്കിയിട്ടുണ്ടാകും

Update: 2026-01-18 07:25 GMT

നമ്മുടെ ശരീരത്തിനും തലച്ചോറിനും നല്‍കുന്ന ഏറ്റവും നല്ല വിശ്രമമാണല്ലോ ഉറക്കം. ദിവസവും ഏഴ് മണിക്കൂറില്‍ കുറയാത്ത ഉറക്കമെങ്കിലും ലഭിച്ചാലേ ആരോഗ്യകരമായ ഉറക്കമെന്ന് പറയാനാകൂ. ഉറക്കം എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചാലോ? ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ഏറെ ഗുണകരമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഉറക്കത്തില്‍ നമ്മള്‍ മണിക്കൂറുകളോളം ഭക്ഷണമോ വെള്ളമോ കഴിക്കാതെയാണല്ലോ തുടരുന്നത്. എന്നാല്‍, ശ്വസനപ്രക്രിയയിലൂടെയും വിയര്‍പ്പിലൂടെയും ഉറക്കത്തില്‍ ധാരാളം വെള്ളം നഷ്ടപ്പെടുന്നുമുണ്ട്. ശരീരത്തില്‍ വെള്ളത്തിന്‌റെ അളവ് കുറഞ്ഞ നിലയിലായിരിക്കും നമ്മള്‍ ഉറക്കം ഉണരുക. ഇത് ശരീരത്തെയും തലച്ചോറിനെയും അല്‍പ്പം ക്ഷീണത്തിലാക്കിയിട്ടുണ്ടാകും. ഉറക്കമുണര്‍ന്നയുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍ ശരീരത്തിനുണ്ടായ ദ്രാവക നഷ്ടം മറികടക്കാനും ഉന്മേഷത്തോടെ നിലനില്‍ക്കാനും സാധിക്കും. ഇതിന്‌റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Advertising
Advertising

1. നഷ്ടമായ ദ്രാവകാംശവും ഇലക്ട്രോലൈറ്റുകളും തിരികെ കൊണ്ടുവരാം

രാത്രി വിയര്‍ക്കുമ്പോഴും ശ്വസനപ്രക്രിയ നടക്കുമ്പോഴും നഷ്ടമാകുന്ന ദ്രാവകാംശം രാവിലെ തന്നെ ശരീരത്തില്‍ തിരികെയെത്തിക്കാം. ശരീരത്തില്‍ വെള്ളം കുറഞ്ഞ അവസ്ഥയില്‍ തുടര്‍ന്നാല്‍ ക്ഷീണത്തിനും ഇറക്കച്ചടവിനും ഉന്മേഷക്കുറവിനുമെല്ലാം കാരണമാകും. രാവിലെ തന്നെ ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തുന്നത് ദിവസം മുഴുവന്‍ ഉന്മേഷം നല്‍കുന്നതാണ്. വെള്ളത്തിലൂടെ ലഭിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ ഊര്‍ജം നല്‍കും.

2. മെറ്റബോളിസം വേഗത്തിലാക്കും

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം (ഉപാപചയ പ്രവര്‍ത്തനങ്ങള്‍) വേഗത്തിലാക്കും. മെറ്റബോളിസത്തിലൂടെ ശരീരം കലോറി ചെലവഴിക്കുന്നതിനെ തെര്‍മോജെനസിസ് എന്നാണ് പറയുന്നത്. രാവിലെ വെള്ളം കുടിക്കുന്നത് തെര്‍മോജെനസിസ് വേഗത്തിലാക്കുകയും കൂടുതല്‍ കലോറി ചെലവഴിക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും. രാവിലെ 500 മില്ലി വെള്ളം കുടിക്കുന്നത് മെറ്റബോളിസം 30 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്.

3. ദഹനത്തിനും ശരീരത്തെ വിഷമുക്തമാക്കുന്നതിനും സഹായിക്കും

വെള്ളം ദഹനപ്രക്രിയയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഭക്ഷണവും വിസര്‍ജ്യവും കുടല്‍ വഴി തടസ്സമില്ലാതെ നീങ്ങുന്നതിന് ശരീരത്തിലെ വെള്ളമാണ് സഹായിക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുപോകാനും മതിയായ വെള്ളം ആവശ്യമാണ്. വൃക്കയില്‍ കല്ല് വരുന്നത് തടയാനും സാധിക്കും.

4. തലച്ചോറിന്‌റെ സുഗമമായ പ്രവര്‍ത്തനം

ഉറക്കത്തില്‍ നിന്ന് ഉണരുന്ന തലച്ചോറിന് രാവിലെ വെള്ളം കുടിക്കുന്നത് ഉന്മേഷം നല്‍കും. ഊര്‍ജ്വസ്വലതയോടെയിരിക്കാനും ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതുവഴി സാധിക്കും. തലവേദന കുറയ്ക്കാനും രാവിലെ വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇതുവഴി മാനസികാരോഗ്യത്തെ ഉത്തേജിപ്പിക്കാനുമാകും.

5. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍

ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ശരീരത്തിലെ വെള്ളത്തിന് വലിയ പങ്കുണ്ട്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് നിങ്ങളെങ്കില്‍, ദിവസവും രാവിലെ വെള്ളം കുടിക്കുന്ന ശീലം പതിവാക്കേണ്ടതുണ്ട്. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന് മെറ്റബോളിസം വഴി വിഷവസ്തുക്കളെ പുറന്തള്ളാനുള്ള ശേഷി കൂടുന്നു. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സാധിക്കുന്നു. ഇത് മുഖക്കുരു കുറയ്ക്കുകയും ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്ത് സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

6. നെഞ്ചെരിച്ചിലിന് ആശ്വാസം

അസിഡിറ്റി ഉണ്ടെങ്കിലോ എരിവ് കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാലോ നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ലക്‌സും ഉണ്ടാകാം. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതു വഴി നെഞ്ചെരിച്ചില്‍ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സാധിക്കും.


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News