'ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്'; ഹൃദയാഘാതം മൂലം പുരുഷന്മാരേക്കാൾ സ്ത്രീകളാണ് മരിക്കുന്നതെന്ന് പഠനം

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ പലപ്പോഴും വ്യത്യസ്ത ലക്ഷണങ്ങളാണ് കാണിക്കാറുള്ളത്

Update: 2023-07-14 10:14 GMT
Editor : Lissy P | By : Web Desk
Advertising

പുരുഷന്മാരെ മാത്രം ബാധിക്കുന്ന രോഗമായിട്ടായിരുന്നു ഒരുകാലത്ത് ഹൃദയാഘാതം അറിയിപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് സ്ത്രീകളിലും കൂടുതലായി ഹൃദയാഘാതം കണ്ടുവരുന്നുണ്ട്. പക്ഷേ പലപ്പോഴും അവയുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുകയും ഇത് കൃത്യസമയത്ത് ചികിത്സ ലഭിക്കാൻ വൈകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതായി ആരോഗ്യ വിദഗ്ധർ പറഞ്ഞു.

'ഹൃദ്രോഗം പ്രധാനമായും പുരുഷന്മാരെ ബാധിക്കുന്നുവെന്നത് ഒരു പൊതു തെറ്റിദ്ധാരണയാണ്. വാസ്തവത്തിൽ, ലോകമെമ്പാടുമുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും മരണത്തിന്റെ പ്രധാന കാരണം ഹൃദ്രോഗമാണ്. എന്നാൽ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ രോഗം കണ്ടെത്താനും ചികിത്സിക്കാനും വൈകുമെന്നും ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ്, കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് സർജറി ഡോ. വരുൺ ബൻസാൽ വാർത്താഏജൻസിയായ ഐ.എ.എൻ.എസിനോട് പറഞ്ഞു.

സ്ത്രീകൾക്ക് ഹൃദയാഘാതത്തെതുടർന്ന് മരിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാൾ ഇരട്ടിയിലധികമാണെന്നാണ് യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ  ശാസ്ത്രീയ കോൺഗ്രസായ ഹാർട്ട് ഫെയിലർ 2023-ൽ അവതരിപ്പിച്ച ഒരു പഠനത്തിൽ പറയുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ പലപ്പോഴും ഹൃദയാഘാതത്തിന്റെ വ്യത്യസ്ത ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് പല പഠനങ്ങളും അഭിപ്രായപ്പെടുന്നു.

പുരുഷന്മാർക്ക് സാധാരണയായി നെഞ്ചുവേദനയോ അല്ലെങ്കിൽ അസ്വസ്ഥത പോലുള്ളവയോ ആദ്യ ഘട്ടത്തിൽ അനുഭവപ്പെടും. അതേസമയം, സ്ത്രീകൾക്ക് ശ്വാസതടസം, ക്ഷീണം, ഓക്കാനം, പുറം അല്ലെങ്കിൽ താടിയെല്ല് വേദന, തലകറക്കം എന്നിവ തുടങ്ങിയ വ്യത്യസ്തമായ ലക്ഷണങ്ങളായിരിക്കും അനുഭവപ്പെടുക. എന്നാൽ ഈ ലക്ഷണങ്ങൾ മറ്റ് പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ പലരും വൈദ്യസഹായം തേടാൻ വൈകും. ഹൃദയാഘാതമാണെന്ന് കണ്ടെത്തുമ്പോഴേക്കും രോഗം ഗുരുതരമായിട്ടുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലായ സർക്കുലേഷനിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ, ഹൃദയാഘാതം മൂലം സ്ത്രീകൾ മരിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാൾ 20 ശതമാനം കൂടുതലാണെന്നാണ് പറയുന്നത്. ഇതിന് പുറമെ ആദ്യത്തെ അറ്റാക്കിന് ശേഷം അഞ്ചുവർഷത്തിനുള്ളിൽ മരിക്കുന്നതും പുരുഷന്മാരേക്കാൾ കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു.

ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്റെ സംരക്ഷണ ഫലങ്ങൾ കുറയുമ്പോഴും അവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും സ്ത്രീകൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുമെന്ന് ഡോ.ബൻസാൽ അഭിപ്രായപ്പെട്ടു. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് കൂടുതൽ ബോധവത്കരണം നൽകണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുമൂലം അവരുടെ അപകടസാധ്യത കുറക്കാനാകുമെന്നും ഡോക്ടർമാർ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News