ആസിഫ് തന്‍ഹയുടെ ജാമ്യ ഹരജി വിധി പറയാന്‍ മാറ്റി
ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട് മെയ് 2020നാണ് ആസിഫ് ഇഖ്ബാൽ തൻഹ അറസ്റ്റിലാവുന്നത്.
ജാമ്യം തേടി ജാമിഅ വിദ്യാ൪ഥി ആസിഫ് ഇഖ്ബാൽ തൻഹ സമ൪പ്പിച്ച ഹരജി ഡൽഹി ഹൈകോടതി വിധി പറയാനായി മാറ്റിവെച്ചു. ഡൽഹി കലാപക്കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ആസിഫിന് കീഴ്ക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ആസിഫ് ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നത്.
ഡൽഹി കലാപത്തിന് വേണ്ടി ആസിഫ് ഇഖ്ബാൽ സജീവമായി ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു എന്നുള്ളതിന് പ്രഥമ ദൃഷ്ടിയാൽ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വർഷം ഒക്ടോബർ 26ന് വിചാരണ കോടതി ജാമ്യം തള്ളിയത്. അത് ചോദ്യം ചെയ്താണ് ആസിഫ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ ജാമ്യ ഹരജിയെ എതിര്‍ത്തുകൊണ്ട്, ആസിഫിന് കലാപത്തിൽ പങ്കുണ്ടെന്ന് ഡൽഹി പൊലീസും ഹൈക്കോടതിയിൽ വാദിച്ചു. ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട് മെയ് 2020നാണ് ആസിഫ് ഇഖ്ബാൽ തൻഹ അറസ്റ്റിലാവുന്നത്. ഡൽഹിയിൽ 2020 ഫെബ്രുവരിയിൽ അരങ്ങേറിയ വംശീയ കലാപത്തിൽ 53 പേരാണ് മരിച്ചത്. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റിരുന്നു.