ന്യൂഡൽഹി: 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമവും ടെലികോം നിയമങ്ങളും ലംഘിച്ച് അനധികൃത വാക്കി-ടോക്കികൾ ലിസ്റ്റ് ചെയ്യുകയും വിൽക്കുകയും ചെയ്തതിന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ). എട്ട് സ്ഥാപനങ്ങൾക്കെതിരെ ഉത്തരവുകൾ പുറപ്പെടുവിക്കുകയും 44 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
ചിമിയ, ജിയോമാർട്ട്, ടോക്ക് പ്രോ, മീഷോ, മാസ്‌ക്മാൻ ടോയ്‌സ്, ട്രേഡ്ഇന്ത്യ, ആന്റിക്‌ഷ് ടെക്‌നോളജീസ്, വർദാൻമാർട്ട്, ഇന്ത്യാമാർട്ട്, മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻകോർപ്പറേറ്റഡ്, ഫ്ലിപ്കാർട്ട്, കൃഷ്ണ മാർട്ട്, ആമസോൺ എന്നീ 13 ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കാണ് നോട്ടീസ്. വിവിധ പ്ലാറ്റ്‌ഫോമുകളിലായി 16,970ലധികം ലിസ്റ്റിംഗുകൾ കണ്ടെത്തി.
എക്യുപ്‌മെന്റ് ടൈപ്പ് അപ്രൂവൽ (ഇടിഎ) സർട്ടിഫിക്കേഷനോ ലൈസൻസിംഗ് വെളിപ്പെടുത്തലുകളോ ഇല്ലാതെ, ഫ്രീക്വൻസി ബാൻഡിന് പുറത്ത് പ്രവർത്തിക്കുന്ന പേഴ്‌സണൽ മൊബൈൽ റേഡിയോകളുടെ (പിഎംആർ) വിൽപ്പന പ്ലാറ്റ്‌ഫോമുകൾ സുഗമമാക്കുന്നതായി സിസിപിഎ കണ്ടെത്തി.
ഉപഭോക്തൃ അവകാശ ലംഘനങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, അന്യായമായ വ്യാപാര രീതികൾ എന്നിവയ്ക്ക് മീഷോ, മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻകോർപ്പറേറ്റഡ്, ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയ്ക്ക് 10 ലക്ഷം രൂപ വീതവും ചിമിയ, ജിയോമാർട്ട്, ടോക്ക് പ്രോ, മാസ്‌ക്മാൻ ടോയ്‌സ് എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വീതവും പിഴ ചുമത്തിയതായി ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖരെ പറഞ്ഞു. മീഷോ, മെറ്റ, ചിമിയ, ജിയോമാർട്ട്, ടോക്ക് പ്രോ എന്നിവ ഇതിനകംതന്നെ പിഴ അടച്ചു.
നിലവിലുള്ള നിയന്ത്രണങ്ങൾ പ്രകാരം, 446.0-446.2 MHz ബാൻഡിൽ പ്രവർത്തിക്കുന്ന PMR-കൾക്ക് മാത്രമേ ലൈസൻസ് ഇളവ് ബാധകമാകൂ. 2018ലെ ലോ പവർ, വെരി ലോ പവർ ഷോർട്ട് റേഞ്ച് റേഡിയോ ഫ്രീക്വൻസി ഉപകരണങ്ങളുടെ ഉപയോഗ നിയമങ്ങളിലെ റൂൾ 5 പ്രകാരം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനോ വിൽക്കുന്നതിനോ പ്രവർത്തിപ്പിക്കുന്നതിനും മുമ്പ് നിർമ്മാതാക്കളും വിൽപ്പനക്കാരും ഇടിഎ നേടണമെന്നും അനുശാസിക്കുന്നു.
ഫ്ലിപ്കാർട്ടിൽ, ഫ്രീക്വൻസി ശ്രേണി ശൂന്യമായി വിടുകയോ ഒഴിവാക്കിയ ശ്രേണിക്ക് പുറത്തോ ഉള്ളതായ 65,931 യൂണിറ്റുകൾ വിറ്റു. ശരിയായ ഫ്രീക്വൻസി വെളിപ്പെടുത്തിയ ശേഷം മറ്റൊരു 42,275 യൂണിറ്റുകൾ കൂടിയും വിറ്റുൽപ്പന നടത്തി. 2023 ജനുവരി മുതൽ 2025 മെയ് വരെ ആമസോണിൽ 2,602 യൂണിറ്റുകൾ വിറ്റു, 467 ഉൽപ്പന്ന ലിസ്റ്റിംഗുകളിൽ ശരിയായ ഫ്രീക്വൻസിയോ സർട്ടിഫിക്കേഷൻ വിശദാംശങ്ങളോ ഇല്ലായിരുന്നു.
മീഷോയുടെ 2,209 യൂണിറ്റുകളുടെ വിൽപ്പന ഒരാളിൽ നിന്ന് മാത്രം രേഖപ്പെടുത്തി. നിരവധി ലിസ്റ്റിംഗുകൾ ഇടിഎ സർട്ടിഫിക്കേഷനോ ഫ്രീക്വൻസി സ്പെസിഫിക്കേഷനുകളോ ഇല്ല. വ്യക്തമായ ലൈസൻസിംഗ് വെളിപ്പെടുത്തലുകളില്ലാതെ ജിയോമാർട്ട് രണ്ട് വർഷത്തിനിടെ 58 യൂണിറ്റുകൾ വിറ്റു, ഫേസ്ബുക്ക് മാർക്കറ്റ്പ്ലെയ്‌സിൽ 710 ലിസ്റ്റിംഗുകൾ സിസിപിഎ ഇടപെടലിനെത്തുടർന്ന് ഡീലിസ്റ്റ് ചെയ്തു.