മദ്യപിച്ച് നടുറോഡില്‍ യുവാക്കളുടെ കാർ സ്റ്റണ്ട്; 50 കാരൻ കൊല്ലപ്പെട്ടു,രണ്ടുപേര്‍ക്ക് പരിക്ക്

കാർ ഇടിച്ചുകയറുകയായിരുന്നെന്ന് പരിക്കേറ്റവർ

Update: 2022-11-08 05:42 GMT
Editor : Lissy P | By : Web Desk
Advertising

ഗുരുഗ്രാം: മദ്യപിച്ച് കാർ സ്റ്റണ്ട് നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ 50 കാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ എട്ടുപേര് അറസ്റ്റിലായി. ഗുരുഗ്രാം ഉദ്യോഗ് വിഹാറിലായിരുന്നു സംഭവം. പ്രതികളുടെ പക്കലിൽ നിന്ന് മൂന്ന് കാറുകള്‍ പിടിച്ചെടുത്തു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. റോഡിലൂടെ നടന്നുപോകുകയായിരുന്ന 50 കാരനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ ആക്രിപെറുക്കി നടക്കുന്നയാളാണെന്നാണ് ലഭിച്ച വിവരമെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ സൗരഭ് ശർമ്മ എന്ന സായിബി, രാഹുൽ, രവി സിംഗ് എന്ന രവിന്ദർ, വികാസ് എന്ന വിക്കി, മോഹിത്, മുകുൾ സോണി, ലവ്, അശോക് എന്നിവരാണ് അറസ്റ്റിലായത്. അശോകൻ ഒഴികെയുള്ള എല്ലാവരെയും സിറ്റി കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

'സൗരഭ് ശർമ്മ, മുകുൾ സോണി, ലവ് എന്നിവർ ഒരു ടൂർ ആൻഡ് ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്നവരാണ്.. രാഹുൽ ഒരു സ്വകാര്യ കമ്പനിയിലും മോഹിത് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററുമാണ്. രവിയും വികാസും സഹോദരന്മാരാണ്,' മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ.ടി.ടി.വി റിപ്പോർട്ട് ചെയ്തു.

മൂന്ന് കാറുകൾ ഉപയോഗിച്ച് 10-12 യുവാക്കൾ പുലർച്ചെ രണ്ട് മണിയോടെ മദ്യവിൽപ്പനശാലയ്ക്ക് മുന്നിൽ സ്റ്റണ്ട് നടത്തുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പരിക്കറ്റ രണ്ടുപേർ മദ്യവിൽപ്പനശാലയിൽ ജോലി ചെയ്യുന്നവരാണ്. കാർ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് പരിക്കേറ്റവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അതേസമയത്ത് റോഡിൽ മറ്റൊരാളുണ്ടായിരുന്നു. അയാളാണ് കൊല്ലപ്പെട്ടതെന്നും പരാതിയിൽ പറയുന്നു.മദ്യശാലയ്ക്ക് പുറത്ത് നിന്ന മൂന്ന് പേരെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് കാർ സ്റ്റണ്ട് നടത്തിയതെന്ന് എസിപി (ക്രൈം) പ്രീത് പാൽ സിംഗ് സാംഗ്വാൻ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News