24 മണിക്കൂറിനുള്ളില്‍ അസം ആശുപത്രിയില്‍ മരിച്ചത് 12 കോവിഡ് രോഗികള്‍; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

മരിച്ച 12 രോഗികളില്‍ 9 പേര്‍ ഐ.സി.യുവിലും മൂന്ന് പേര്‍ വാര്‍ഡിലുമാണ് ചികിത്സയിലുണ്ടായിരുന്നത്

Update: 2021-06-30 02:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

അസം ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 12 കോവിഡ് രോഗികള്‍. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ രാത്രിയില്‍ ഉണ്ടാകാറില്ലെന്നും ആരോപണമുണ്ട്.

മരിച്ച 12 രോഗികളില്‍ 9 പേര്‍ ഐ.സി.യുവിലും മൂന്ന് പേര്‍ വാര്‍ഡിലുമാണ് ചികിത്സയിലുണ്ടായിരുന്നത്. മരണമടഞ്ഞ എല്ലാ രോഗികളുടെയും ഓക്സിജൻ സാച്ചുറേഷൻ നില 90 ശതമാനത്തിൽ താഴെയാണെന്ന് ജിഎംസിഎച്ച് സൂപ്രണ്ട് അഭിജിത് ശർമ്മ പറഞ്ഞു. രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ സാധാരണയായി ആശുപത്രിയിലുണ്ടാകാറില്ലെന്ന് മറ്റ് കോവിഡ് രോഗികളും മരിച്ചവരുടെ ബന്ധുക്കളും പരാതിപ്പെട്ടു.

ആരോഗ്യമന്ത്രി കേശാബ് മഹന്ത ഇന്നലെ രാത്രി ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ജിഎംസിഎച്ചിൽ മുതിർന്ന ഡോക്ടർമാരുമായി ചർച്ച നടത്താൻ യോഗം ചേർന്നിരുന്നു. ഐസിയുവിലെ രോഗികൾക്ക് കോമോർബിഡിറ്റികളുണ്ടെന്നും ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ഓക്സിജൻ സാച്ചുറേഷൻ ലെവൽ ആവശ്യമായതിനെക്കാൾ വളരെ താഴെയായതിനെത്തുടർന്നാണ് മിക്കവരും ആശുപത്രിയിൽ എത്തിയെന്നും ശർമ്മ പറഞ്ഞു.

മരണമടഞ്ഞ രോഗികളിൽ ആർക്കും വാക്സിൻ ആദ്യ ഡോസ് പോലും ലഭിച്ചിട്ടില്ലെന്നും പ്രതിരോധ കുത്തിവെപ്പ് നടത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ചവര്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലോ കോവിഡ് കെയര്‍ കേന്ദ്രത്തിലോ അഡ്മിറ്റാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുനൂറോളം കോവിഡ് രോഗികള്‍ ജിഎംസിഎച്ചില്‍ ചികിത്സയിലുണ്ട്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News