മുംബൈ: എൻസിപിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ലയനം ഫെബ്രുവരി മധ്യത്തോടെ പ്രഖ്യാപിക്കുമെന്ന് സൂചന. വിമാനാപകടത്തിൽ മരിച്ച അജിത് പവാറാണ് ലയനത്തിന് വഴിയൊരുക്കിയതെന്ന് നേതാക്കൾ പറഞ്ഞു. ഡിസംബർ- ജനുവരി മാസങ്ങളിൽ ശരദ് പവാറുമായി അജിത് പവാർ നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ലയനം പ്രഖ്യാപിക്കാൻ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
ലയനത്തിന് അന്തിമരൂപം നൽകുന്നതിനായി ഇരുപക്ഷത്തെയും നേതാക്കൾ അടുത്ത ആഴ്ച യോഗം ചേരുമെന്നാണ് വിവരം. അതേസമയം അജിത് പവാർ പക്ഷത്തെ ചില നേതാക്കൾക്ക് പെട്ടെന്നുള്ള ലയനത്തിൽ താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. ശരദ് പവാർ പക്ഷത്തുള്ളവരാണ് പെട്ടെന്നുള്ള ലയനത്തിന് ആവശ്യമുയർത്തുന്നത്.
ശരദ് പവാറിനെ കൂടാതെ, ലയനശേഷം എൻസിപിയെ നയിക്കാൻ സാധ്യതയുള്ള മൂന്ന് പ്രമുഖർ കൂടി ഉണ്ടെന്നാണ് സൂചനകൾ. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ, സുപ്രിയ സുലെ, പ്രഫുൽ പട്ടേൽ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. രാജ്യസഭാ എംപിയായ സുനേത്ര പവാറിനെ പാർട്ടി അധ്യക്ഷയായും നിയമസഭാ കക്ഷി നേതാവായും നിയമിക്കണമെന്നാണ് എൻസിപിക്കുള്ളിലെ പൊതുവായ ആവശ്യം. സാങ്കേതിക തടസ്സങ്ങളോ രാഷ്ട്രീയ സാഹചര്യങ്ങളോ കാരണം ഇത് നടന്നില്ലെങ്കിൽ, പ്രഫുൽ പട്ടേൽ നേതൃസ്ഥാനത്തേക്ക് വരാനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്.
1999 ലാണ് കോൺഗ്രസ് വിട്ട ശരദ് പവാർ എൻസിപി രൂപീകരിച്ചത്. 2023 ജൂലൈയിൽ ശരദ് പവാറിന്റെ അനന്തരവനായ പാർട്ടി പിളർത്തി ഭരണകക്ഷിയായ മഹായുതിയിൽ ചേർന്ന് സർക്കാർ രൂപീകരിച്ചു. പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ പാട്ടീൽ തുടങ്ങി ശരദ് പവാറിന്റെ അടുത്ത അനുയായികളും അജിത് പവാർ പക്ഷത്ത് ചേർന്നിരുന്നു.
ബുധനാഴ്ച പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ അജിത് പവാർ അടക്കം നാലുപേർ മരിച്ചിരുന്നു. പവാറിനെ കൂടാതെ പൈലറ്റുമാരായ സുമിത് കപൂർ, സംഭവി പഥക്, പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ്, ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി എന്നിവരാണ് മരിച്ചത്.
അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ എൻസിപി നേതാവ് അങ്കുഷ് കക്കഡെ, കഴിഞ്ഞ മാസം ശരദ് പവാറിന്റെ ജന്മദിനത്തിൽ (ഡിസംബർ 12) അദ്ദേഹത്തിന് ഒരു 'സമ്മാനമായി' ഇരുവിഭാഗങ്ങളെയും ലയിപ്പിക്കാൻ അജിത് പവാർ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ലെന്ന് സൂചിപ്പിച്ചിരുന്നു. അജിത് പവാർ ലയനത്തിനായി സമ്മർദം ചെലുത്തിയിരുന്നതായും ജനുവരി 16, 17 തീയതികളിൽ ഇതിനായി ഉന്നതതല യോഗങ്ങൾ നടത്തിയിരുന്നതായും മുതിർന്ന എൻസിപി (എസ്‌പി) നേതാവ് ജയന്ത് പാട്ടീലിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.