വിശാഖപട്ടണം: 17കാരിയായ പെൺകുട്ടിയെ രണ്ട് സംഘങ്ങളായി 13 പേർ കൂട്ടബലാത്സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത. കാമുകനും സുഹൃത്തുമാണ് പെൺകുട്ടിയുടെ ആദ്യം പീഡിപ്പിച്ചത്. തുടർന്ന് മറ്റ് 11 പേരും കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അയൽ സംസ്ഥാനമായ ഒഡീഷ സ്വദേശിനിയായ പെൺകുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്.
ഡിസംബർ 17നും 19നും ഇടയിലാണ് ബലാത്സംഗങ്ങൾ നടന്നത്. തുടർന്ന് പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരോധാന പരാതി നൽകിയതിനു പിന്നാലെയാണ് സംഭവം വെളിച്ചത്തുവരുന്നത്. ഒഡീഷക്കാരായ കുടുംബം ഒമ്പത് മാസങ്ങൾക്ക് മുമ്പാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലേക്ക് താമസം മാറിയത്.
ബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ വിശാഖപട്ടണത്തിൽ നിന്നും പോയ പെൺകുട്ടിയെ ഒഡീഷയിലെ സ്വന്തം ഗ്രാമത്തിൽ നിന്നാണ് പിന്നീട് കണ്ടെത്തിയത്. പ്രതികളായ മറ്റ് 11 പേരും ആർബി ബീച്ചിലെ ഫോട്ടോഗ്രാഫർമാരാണ്. സംഭവത്തിൽ 11 പേരെ അറസ്റ്റ് ചെയ്തതായും ജാർഖണ്ഡിലേക്ക് മുങ്ങിയ മറ്റ് രണ്ടു പേർക്കായി തെരച്ചിൽ ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.
ഡിസംബർ 18നാണ് പെൺകുട്ടിയുടെ പിതാവ് ഫോർത്ത് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. വിശാഖപട്ടണത്തിൽ ഒരു സർക്കാർ ജീവനക്കാരന്റെ വീട്ടിൽ അടുക്കളപ്പണിക്ക് നിൽക്കുകയായിരുന്നു പെൺകുട്ടി. വീട്ടുടമ അവധിയാഘോഷിക്കാൻ പോയതോടെ പെൺകുട്ടി ഒറ്റക്കായി. വീട്ടിലെ വളർത്തുമൃഗങ്ങളെ നോക്കലായിരുന്നു പിന്നീടുള്ള പണി.
ഇതിനിടെ, ഡിസംബർ 17ന് ആൺ സുഹൃത്ത് വിളിച്ചതുപ്രകാരം അയാൾക്കൊപ്പം പെൺകുട്ടി ആർകെ ബീച്ചിലേക്ക് പോവുകയായിരുന്നു. സുഹൃത്തിനൊപ്പമാണ് ഇയാൾ പെൺകുട്ടിയെ കാണാനെത്തിയത്. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഇതോടെ ജീവിതം അവസാനിപ്പിക്കാനായി കടലിലേക്ക് ഇറങ്ങാൻ നിന്ന പെൺകുട്ടി ഒറ്റയ്ക്ക് നിൽക്കുന്നത് ഫോട്ടോഗ്രാഫർമാരിൽ ഒരാൾ കണ്ടു.
ഇയാൾ സഹായം വാഗ്ദാനം ചെയ്ത് ഒരു ലോഡ്ജിലേക്ക് കൊണ്ടുപോവുകയും മറ്റ് 10 കൂട്ടാളികൾക്കൊപ്പം ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. രണ്ട് ദിവസം അവിടെ വച്ച് സംഘം പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
തുടർന്ന് 19ന് വൈകീട്ട് അക്രമി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി സ്വന്തം ജില്ലയായ ഒഡീഷയിലെ കലഹണ്ടിയിലേക്ക് പോവുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കഴിഞ്ഞദിവസം ഒഡീഷയിലെ ഗ്രാമത്തിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി വിശാഖപട്ടണത്തിലേക്ക് കൊണ്ടുവന്നു.
കൂട്ടബലാത്സംഗത്തെ തുടർന്ന് മാനസികമായി തകർന്ന നിലയിലായിരുന്നു പെൺകുട്ടി. പൊലീസ് ചോദിച്ചപ്പോഴാണ് പെൺകുട്ടി സംഭവിച്ച കാര്യങ്ങൾ വിശദമാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഡിസംബർ 31ന് പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും പ്രതികളിൽ 11 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം, കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ വസിറെഡ്ഡി പത്മ വിശാഖപട്ടണം പൊലീസ് കമ്മീഷണർ രവിശങ്കറിന് കത്തയച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷ നൽകണമെന്ന് വനിതാ സംഘടനകൾ ആവശ്യപ്പെട്ടു.